കുട്ടികളുടെ തൊണ്ടയിൽ വസ്തു കുടുങ്ങിയാൽ ചെയ്യേണ്ടത്
Mail This Article
കുട്ടികളുടെ തൊണ്ടയിൽ നാണയമോ കടലയും കശുവണ്ടിയും പോലുള്ള ഭക്ഷണസാധനമോ കുടുങ്ങി മരണം സംഭവിക്കുന്നതു തികച്ചും നിർഭാഗ്യകരമാണ്. കുട്ടികളുടെ തൊണ്ടയിൽ ഇത്തരം വസ്തുക്കൾ കുടുങ്ങിയാൽ മനഃസാന്നിധ്യം കൈവിടാതിരിക്കലാണ് ആദ്യം ചെയ്യേണ്ടതെന്ന് എറണാകുളം മെഡിക്കൽ സെന്ററിലെ ഇഎൻടി വിഭാഗം മേധാവിയും ഇഎൻടി സർജനുമായ ഡോ. വി.ഡി. പ്രദീപ് കുമാർ പറയുന്നു.
സാധാരണ ഇത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾ കുട്ടിയെ എടുത്ത് ഏതെങ്കിലും വാഹനം വിളിച്ച് അടുത്ത ആശുപത്രിയിലെത്തിക്കാറാണു പതിവ്. പലപ്പോഴും അവിടെ എത്തുമ്പോഴേക്കും സമയനഷ്ടം മൂലം കുട്ടിയുടെ മരണം വരെ സംഭവിക്കും.
തൊണ്ടയുടെ ഭാഗത്താണു പലപ്പോഴും ഇത്തരം വസ്തുക്കൾ കുടുങ്ങുക. അപ്പോൾ ശ്വാസനാളം അടയും. അതോടെ വായുസഞ്ചാരം അടഞ്ഞു ശബ്ദമില്ലാതെയാകും. കുട്ടി കുഴഞ്ഞുവീഴാം.
ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാവുന്ന ചില എളുപ്പമാർഗങ്ങൾ ഡോ. പ്രദീപ് കുമാർ വിശദീകരിക്കുന്നു:
തലകീഴായി പിടിക്കുക
മൂന്നു വയസ്സിൽ താഴെയുള്ള കുട്ടിയാണെങ്കിൽ കാലു പൊക്കി തല കീഴായി പിടിക്കുക. കുട്ടിയുടെ അവസ്ഥ കണ്ടു വിഷമിക്കരുത്. തലകീഴാക്കി കുട്ടിയുടെ പുറംഭാഗത്തു നന്നായി അടിക്കുക. ശക്തിയായി അടിക്കുമ്പോൾതന്നെ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്കു തെറിക്കും.
തലയിണയിൽ കിടത്താം
കുറച്ചുകൂടി മുതിർന്ന കുട്ടികളാണെങ്കിൽ പെട്ടെന്നുതന്നെ രണ്ടു തലയിണ എടുത്ത് അതിനുമുകളിൽ കുട്ടിയെ കമഴ്ത്തി കിടത്തുക. നെഞ്ചിന്റെ പുറം ഭാഗത്തു നാലോ അഞ്ചോ തവണ ശക്തിയായി അടിക്കുക. അപ്പോൾ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്കു തെറിക്കും.
വിരലിടരുത്
തൊണ്ടയിൽ വിരലിട്ട് ഇളക്കാൻ പാടില്ല. വായിലാണു വസ്തുവുള്ളതെങ്കിൽ വിരലിട്ടു തോണ്ടിയെടുക്കുന്നതിൽ അപാകതയില്ല. തൊണ്ടയിലുള്ള വസ്തു വിരലിട്ട് എടുക്കാൻ ശ്രമിച്ചാൽ അതു കൂടുതൽ ഉള്ളിലേക്കു പോകാൻ ഇടയാകും.
English Summary : How to save child when something stuck in throat