ഈ പ്രായക്കാർക്ക് മാതാപിതാക്കളുടെ മേൽനോട്ടത്തിലുള്ള പഠനം ഗുണകരം
Mail This Article
കുട്ടികളുടെ പഠനം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ജോലിയുള്ള മാതാപിതാക്കളുടെ കാര്യമാകുമ്പോൾ പറയുകയും വേണ്ട. എന്നാൽ പഠനകൾ വ്യക്തമാക്കുന്നത് വീട്ടിൽ മാതാപിതാക്കളുടെ മേൽനോട്ടത്തിലുള്ള പഠനം തന്നെയാണ് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഉചിതമെന്നാണ്. പഠനത്തിൽ മാതാപിതാക്കൾ നേരിട്ട് ഇടപെടുന്നത് പഠന സ്വഭാവത്തെ ശരിയായി രൂപീകരിക്കാനും ഭാവിയിൽ പഠനത്തിൽ അവരെ സ്വയം പര്യാപ്തരാക്കാനും സാധിക്കും. എന്നാൽ വീട്ടിൽ പഠനം ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്..
∙കൃത്യമായ ഫോക്കസ്
പാഠങ്ങൾ കൂടുതൽ മികച്ച രീതിയിൽ വ്യക്തിഗത ശ്രദ്ധ നൽകി കുട്ടികളെക്കൊണ്ട് പഠിപ്പിക്കുകയെന്നതാണ് വീട്ടിൽ വച്ചുള്ള പഠനത്തിന്റെ ലക്‌ഷ്യം. ഇത് കുട്ടികൾക്ക് അമിതഭാരമാകരുത്.അവരെ സ്വന്തമായി പഠിക്കാൻ പര്യാപ്തരാക്കുക എന്നതായിരിക്കണം ആദ്യ ലക്‌ഷ്യം. കുട്ടികളെ പഠിപ്പിക്കുമ്പോൾ ക്ഷമ വേണം. സംശയങ്ങൾ തീർത്തുകൊടുക്കുക, പഠനം കൃത്യമായി നടക്കുന്നുണ്ടോ എന്നറിയുക ഇത്രയുമാണ് അടിസ്ഥാനമായി വേണ്ടത്.
∙ പഠനത്തിനാവശ്യമായ അന്തരീക്ഷം ഒരുക്കുക
വീട്ടിൽ മാതാപിതാക്കളുടെ ശിക്ഷണത്തിൽ കുട്ടികളെ പഠിക്കാനിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം അവർക്ക് പഠിക്കുന്നതിനു ആവശ്യമായ അന്തരീക്ഷം ഒരുക്കുക എന്നതാണ്. ടിവി, മൊബൈൽ, ഭക്ഷണം കഴിക്കൽ തുടങ്ങിയ കാര്യങ്ങൾ പഠനത്തിനിടയ്ക്ക് വേണ്ട. ദിവസവും കൃത്യമായ സമയം മാത്രമേ പഠനത്തിനായി മാറ്റി വയ്ക്കുക. ഇത് ജീവിതത്തിൽ ചിട്ടയും കൃത്യനിഷ്ഠയും കൊണ്ട് വരാൻ സഹായിക്കും.
∙ കൃത്യമായ ടൈം ടേബിൾ പിന്തുടരുക
മൂന്നു വയസിൽ തുടങ്ങി 22 വയസുവരെ തുടരുന്നതാണ് ഒരു ശരാശരി വിദ്യാർത്ഥി ജീവിതം. ഇതിൽ ഏറ്റവും അത്യാവശ്യമായ ഘടകമാണ് കൃത്യനിഷ്ഠ ഉണ്ടാകുക എന്നത്. അത് തുടക്കം മുതൽ ശീലമാക്കണം. മാതാപിതാക്കൾക്കു ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. ഇത്ര മണി മുതൽ ഇത്ര മണി വരെ എന്ന ടൈം ടേബിൾ ഉണ്ടാക്കാം. പിന്നീട് വിനോദത്തിനും ഭക്ഷണത്തിനും സമയം കണ്ടെത്താം.
∙ പഠനത്തോടൊപ്പം കളിയും
പഠനത്തോടൊപ്പം കളിയും ചിരിയും കൂടിയുണ്ടെങ്കിൽ കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുട്ടികളുടെ മുന്നോട്ടുള്ള വളർച്ചയ്ക്കും ഇത് അനിവാര്യമാണ്. പഠനത്തോടൊപ്പം കുട്ടിയുടെ ടാലന്റുകളും വികസിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തണം. തിങ്കളാഴ്ച വായന, ചൊവ്വാഴ്ച സ്പെല്ലിംഗ് ടെസ്റ്റ്, ബുധനാഴ്ച കണക്കിലെ കളികൾ അങ്ങനെ വിവിധങ്ങളായ ആക്ടിവിറ്റികളിലൂടെ കുട്ടികളുടെ പഠനം രസകരമാക്കണം. തുടർച്ചയായ പഠനം കുട്ടികളുടെ മനസ് മടുപ്പിച്ചേക്കാം അപ്പോൾ അല്പം ഫ്രീ ടൈം നൽകുന്നത് ഗുണകരമാണ്.
English Summary : Parent's involvment in studies leads to student success