കുട്ടികളിലെ പ്രതിരോധ ശേഷി കുറയ്ക്കുന്ന 8 ശീലങ്ങള്‍
Mail This Article
എല്ലാ വാക്സീനുകളും എടുത്തിട്ടും നല്ല ഭക്ഷണം കൊടുത്തിട്ടും കുട്ടിക്ക് എന്നും അസുഖമാണ്. എപ്പോഴും ജലദോഷവും ചുമയും. നാട്ടുമരുന്നുകള്‍ പരീക്ഷിച്ചു. പുറത്തൊന്നും കളിക്കാന്‍ വിടാതെ ശ്രദ്ധിച്ചു, എന്നിട്ടും അസുഖങ്ങള്‍ക്കു കുറവില്ല.– ഇതൊക്കെയാണ് മിക്ക അമ്മമാരുടെയും പരാതി.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം, 1980 മുതല്‍ വികസിത രാജ്യങ്ങളില്‍ ആസ്മയുള്ള കുട്ടികളുടെ എണ്ണം ഇരട്ടിയായി. പോഷകാഹാരക്കുറവ്, മലിനീകരണം, വിശ്രമമില്ലാത്ത ജീവിതശൈലി, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയാണ് കുട്ടികളിലെ പ്രതിരോധശേഷി തകര്‍ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ കുട്ടികളുടെ പ്രതിരോധശേഷി മികച്ചതാണെന്ന് ഉറപ്പിച്ചു പറയാനാകുമോ? പ്രതിരോധശേഷിയില്ലെങ്കില്‍ അവര്‍ക്ക് ആരോഗ്യമുള്ള ഭാവി ജീവിതം ലഭിക്കുമോ?
കുട്ടികളിലെ പ്രതിരോധ ശേഷിക്കുറവിന്റെ പ്രധാന കാരണം, മാതാപിതാക്കള്‍ തന്നെ ഉണ്ടാക്കിയെടുത്ത കുട്ടികളിലെ ചില തെറ്റായ ശീലങ്ങളാണ്. അവയെപ്പറ്റി പറയാം
1. വീടിനു പുറത്തിറങ്ങാത്ത കുട്ടികൾ
ചിപ്സും മറ്റും കൊറിച്ച് ടിവിയുടെയോ കംപ്യൂട്ടറിന്റെയോ മുന്നിൽ സമയം ചെലവിടുന്നവരാണ് ഇന്ന് ഭൂരിഭാഗം കുട്ടികളും. വീടിനു പുറത്തുപോയി കളികളില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കാറുണ്ടോ? കളികളിലൂടെയും മറ്റും ശരീരത്തിനു വ്യായാമം കിട്ടാതെ വീട്ടിലിരിക്കുന്ന കുട്ടികളില്‍ രോഗത്തിനോടു പൊരുതുന്ന സെല്ലുകളുടെ പ്രവര്‍ത്തനം നിശ്ചലമാവുകയും അങ്ങനെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ചെയ്യും. വീടിനു പുറത്തു കളിക്കുമ്പോൾ വ്യായാമത്തിനു പുറമേ സൂര്യപ്രകാശത്തില്‍നിന്നു വേണ്ടത്ര അളവില്‍ വിറ്റാമിന്‍ ഡിയും ലഭിക്കുന്നു. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുട്ടികൾക്കു പാര്‍ക്കിലോ മൈതാനങ്ങളിലോ പോയി കളിക്കാൻ അവസരം നൽകുന്നതും ഇതിനു സഹായകമാകും.
2. വേണ്ടത്ര ഉറങ്ങാതിരിക്കുന്നത്
ഉറക്കമില്ലയ്മ പ്രതിരോധശേഷി കുറയ്ക്കും. പ്രായത്തിനനുസരിച്ച് കുട്ടികള്‍ 10 മുതല്‍ 14 വരെ മണിക്കൂര്‍ ഉറങ്ങണം. രാത്രിയില്‍ ഏറെ നേരം കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നതും സ്മാര്‍ട്ട്‌ഫോൺ ഉപയോഗിക്കുന്നതും ഉറക്കം നഷ്ടപ്പെടുത്തും. ഉറക്കം കുറയുമ്പോള്‍ ശാരീരികമായ സമ്മര്‍ദങ്ങള്‍ ഉണ്ടാവുകയും അത് തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ അനായാസ സംക്രമണത്തിനു തടസ്സമാവുകയും ചെയ്യും. ഇതുമൂലം പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം തകിടം മറിയുകയും ശരീരത്തിൽ രോഗാണുക്കള്‍ വളരുകയും ചെയ്യും. ഉറങ്ങാന്‍ കിടത്തുമ്പോൾ കുട്ടികൾക്കു മൊബൈൽ നൽകരുത്. ലൈറ്റ് ഓഫ് ചെയ്തു മിണ്ടാതെ അല്‍പനേരം കിടക്കാന്‍ പറഞ്ഞാല്‍ അവര്‍ വേഗം ഉറങ്ങിക്കോളും.
3. ആന്‍റിബയോട്ടിക്സിന്‍റെ ഉപയോഗം
മക്കൾക്ക് എന്തെങ്കിലും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണ് പുതു തലമുറ മാതാപിതാക്കള്‍. ഡോക്ടര്‍ കുറേ ആന്റിബയോട്ടിക്സ് തരികകയും ചെയ്യും. അമിതമായ അളവില്‍ ആന്റിബയോട്ടിക്സ് ഉപയോഗിച്ചാൽ, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുകയും
ആന്റിബയോട്ടിക്സ് ഉണ്ടെങ്കിലേ പ്രതിരോധിക്കൂ എന്ന അവസ്ഥയിലെത്തുകയും ചെയ്യും. ചെറിയ അസുഖങ്ങള്‍ക്ക് സാധ്യമാകുന്ന നാട്ടു മരുന്നുകൾ പരീക്ഷിച്ചിട്ടും ഭേദമാകുന്നില്ലെന്നു കണ്ടാല്‍ മാത്രം ആന്റിബയോട്ടിക്സ് കഴിക്കുന്നതാണ് നല്ലത്.
4. വൃത്തിയില്ലായ്മ
ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകാതിരിക്കുക, മലമൂത്ര വിസര്‍ജ്ജനം നടത്തിയ ശേഷം കൈകള്‍ സോപ്പിട്ടു കഴുകാതിരിക്കുക, ശരിയായി പല്ല് തേക്കാതിരിക്കുക, നഖങ്ങളില്‍ അഴുക്ക് നിറഞ്ഞാലും വെട്ടി കളയാതിരിക്കുക തുടങ്ങിയ ആരോഗ്യകരമല്ലാത്ത ശീലങ്ങള്‍ രോഗാണുക്കള്‍ ശരീരത്തിൽ പ്രവേശിക്കാനും പ്രതിരോധ ശേഷി കുറയാനും കാരണമാകുന്നു. കുട്ടികളെ ചെറുപ്പം മുതൽ ആരോഗ്യ ശീലങ്ങള്‍ പാലിക്കാന്‍ പഠിപ്പിക്കണം. കളി കഴിഞ്ഞു വന്നാല്‍ കൈകാലുകള്‍ കഴുകിയതിനു ശേഷം മാത്രമേ തീന്മേശക്ക് മുന്‍പില്‍ ഇരിക്കാന്‍ അനുവദിക്കാവൂ. എല്ലാ ആഴ്ചയിലും നഖങ്ങള്‍ വെട്ടിക്കൊടുക്കുക. ആരോഗ്യകരമായ ദിനചര്യ പാലിച്ചാല്‍ വളരുന്തോറും കുട്ടികളിലെ പ്രതിരോധ ശേഷിയും ദൃഢമാകും.
5. വികാരങ്ങള്‍ വേണ്ട വിധത്തില്‍ പ്രകടിപ്പിക്കാതിരിക്കുന്നത്
ചില കുട്ടികള്‍ അവരുടെ പ്രശ്നങ്ങളും മറ്റും ആരോടും തുറന്നുപറയാതെ ഉള്ളിലൊതുക്കും. അതും ആരോഗ്യത്തെ ബാധിക്കും. ക്ലാസ്സില്‍ മറ്റു കുട്ടികള്‍ തന്നോട് സംസാരിക്കാത്തതോ കളിയാക്കുന്നതോ മാർക്കു കുറയുന്നതോ ബസ്സില്‍ കുട്ടികള്‍ ഉപദ്രവിക്കുന്നതോ ഒക്കെഇത്തരം സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കാം. മാതാപിതാക്കളോട് എന്തും തുറന്നു സംസാരിക്കാം എന്ന തോന്നൽ കുട്ടികളില്‍ ഉണ്ടായാല്‍ മാത്രമേ അവര്‍ക്കു സ്വന്തം കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരിടം ലഭിക്കുകയുള്ളൂ. കുട്ടിയിലെ കഴിവിനനുസരിച്ചു മാത്രമേ അവരില്‍ നിര്‍ബന്ധങ്ങള്‍ ചെലുത്താന്‍ പാടുള്ളൂ. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള സംസാരം, കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. തുടര്‍ച്ചയായ കുറ്റപ്പെടുത്തലുകള്‍ കുട്ടികളെ ഉൾവലിഞ്ഞ സ്വഭാവമുള്ളവരാക്കും.
6. അനാരോഗ്യകരമായ ഭക്ഷണരീതി
നിങ്ങളെന്തു കഴിക്കുന്നോ അതുപോലെ ആയിരിക്കും നിങ്ങളുടെ സ്വഭാവവും എന്ന് പഴമക്കാര്‍ പറയാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമവും പോഷകാഹാരവുമാണ് കുട്ടികളിലെ പ്രതിരോധി ശേഷി ദൃഢപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. പാക്കറ്റില്‍ കിട്ടുന്നതും ടിന്നില്‍ അടച്ചു കേടുവരാതെ സൂക്ഷിക്കുന്നതുമായ ഭക്ഷണങ്ങളോ മധുരമോ ധാരാളമായി കുട്ടികള്‍ കഴിക്കുന്നുണ്ടെങ്കില്‍ അത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുകയും അസിഡിറ്റി ക്രമാതീതമായി കൂടുകയും തല്‍ഫലമായി പ്രതിരോധശേഷി കുറയുകയും ചെയ്യും.
കുട്ടികള്‍ വീട്ടുഭക്ഷണങ്ങള്‍ ശീലമാക്കുക. പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉൾപ്പെടുത്തുക.
7. പുകവലി എന്ന അരക്ഷിതാവസ്ഥ
പുകവലിക്കാരുള്ള ചുറ്റുപാടും കുട്ടികളിലെ പ്രതിരോധശേഷി കുറയാന്‍ കാരണമാകുന്നു. കുട്ടികളിലെ ശ്വാസകോശം വികസിക്കുന്ന ഘട്ടത്തിലായതിനാൽ, സമീപത്തുള്ള ആരെങ്കിലും പുക വലിച്ചാലും അതു കുട്ടികളുടെ ശ്വാസകോശത്തെ അപകടകരമായി ബാധിക്കും. വീട്ടിലുള്ളവരുടെ നിരന്തരമായ പുകവലി കുട്ടികളില്‍ ആസ്മ, ശ്വാസനാള രോഗങ്ങള്‍ തുടങ്ങി കാന്‍സറിനു വരെ കാരണമാകാം.
8. അത്യാവശ്യത്തിനു മാത്രം വെള്ളംകുടിക്കല്‍
സ്കൂളിലേക്ക് കൊടുത്തു വിടുന്ന വെള്ളം പോലും കുടിച്ചു തീര്‍ക്കാതെ ആയിരിക്കും കുട്ടികള്‍ മിക്കവാറും തിരിച്ചു വരുന്നത്. വീട്ടിലായാലും അവര്‍ ആവശ്യത്തിനു വെള്ളം കുടിക്കാറില്ല. ഇത് അവരുടെ ദഹനപ്രക്രിയ മന്ദഗതിയില്‍ ആക്കുന്നു. ദഹനം ശരിയായി നടന്നാല്‍ മാത്രമേ പോഷകാംശങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടൂ. അതിന്റെ ഫലമായി പ്രതിരോധ ശേഷി ഉണ്ടാവുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് എളുപ്പം കീടാണുക്കളോട് പൊരുതാനും വിഷാംശങ്ങളെ പുറന്തള്ളാനും കഴിയുന്നു.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ജങ്ക് ഫുഡുകള്‍, സോഡാ ഐറ്റംസ്, റെഡ് മീറ്റ്, ടിന്നിലടച്ചു കേടുവരാതെ സൂക്ഷിക്കുന്ന ഭക്ഷണ സാധനങ്ങള്‍, കന്നുകാലി മാംസം, ശുദ്ധീകരിച്ച ധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവയുടെ അമിത ഉപയോഗവും കുട്ടികളിലെ പ്രതിരോധ ശേഷി കുറയാൻ കാരണമാകുന്നു.
English Summary : Tips to boost your child's immunity power