‘കണ്ണട ധരിക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ ധാരണ എന്നിൽ നിന്നും പോയത്’ ; കുട്ടികളിയല്ല കുട്ടികളുടെ കാഴ്ച ശക്തി
Mail This Article
കുട്ടികളിലെ കാഴ്ച തകരാറുകളെ (vision errors) പലപ്പോഴും നിസാരമായി കാണുന്ന രക്ഷിതാക്കളേയും അധ്യാപകരേയും കാണാറുണ്ട്. കാഴ്ച്ച തകരാറുകൾ ഇന്ന് കുട്ടികളിൽ പൊതുവെ കണ്ടു വരുന്നൊരു പ്രശ്നമാണ്. അത് കണ്ടെത്തി, അതിനേ ശാശ്വതമായി പരിഹരിക്കാൻ മുൻകൈ എടുക്കേണ്ട രക്ഷിതാക്കളും അധ്യാപകരുമുൾപ്പടെയുള്ളവരും ഇത്തരം പ്രശ്നങ്ങളെ വേണ്ട രീതിയിൽ അഡ്രസ്സ് ചെയ്യാതെ കുട്ടികളെ മാനസികമായും, പലപ്പോഴും ശാരീരികമായും വരെ പീഡിപ്പിക്കുന്നുണ്ടെന്ന യാഥാർഥ്യം മുന്നിലുണ്ട്. കുട്ടികൾക്കുണ്ടാവുന്ന, കാഴ്ച തകരാറുകളിലധികവും പാരമ്പര്യമായി കിട്ടിയതാവാം. ഈയൊരു വസ്തുത ഉൾക്കൊള്ളാൻ നമ്മുടെ രക്ഷിതാക്കൾക്ക് കഴിയാറില്ലെന്നത് വേദനിപ്പിക്കുന്നൊരു യാഥാർഥ്യമാണ്. ഇതേക്കുറിച്ച്.- സി എസ് സുരാജ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
സി എസ് സുരാജ് പങ്കുവച്ച കുറിപ്പ് വായിക്കാം
കുട്ടികളിയല്ല കുട്ടികളുടെ കാഴ്ച ശക്തി!!
ബോർഡിൽ എഴുതിയിട്ടിട്ടുണ്ടെങ്കിലും, അപ്പുറത്തിരിക്കുന്ന കുട്ടിയുടെ നോക്കിയാണ് ഇവൻ എഴുതാറ്. ബോർഡിലേക്ക് നോക്കി എഴുതാൻ പറഞ്ഞാൽ കേൾക്കുകയേയില്ല. മാത്രമല്ല, മുഖത്തു നോക്കി സംസാരിക്കാൻ പറഞ്ഞാൽ, അതും കേൾക്കില്ല. വല്ലാത്ത അനുസരണക്കേടാണ്!
നമ്മുടെ സ്കൂളുകളിലെ പാരെന്റ്സ് മീറ്റിംഗ്സിനിടയിൽ, അധ്യാപകരിൽ നിന്നും പല രക്ഷിതാക്കൾക്കും തങ്ങളുടെ കുട്ടിയേ കുറിച്ച് കേൾക്കേണ്ടി വരുന്നൊരു സ്ഥിരം പരാതികളിലൊന്നാണിത്. ഇത്തരം പരാതികൾ കേട്ടു കൊണ്ട് കുട്ടികളെ ചീത്ത പറയുക, മർദിക്കുക, തുടങ്ങിയവ പാരെന്റ്സ് മീറ്റിംഗിനു ശേഷം അന്നേ ദിവസം രാത്രി, ഭൂരിഭാഗം വീടുകളിലും രക്ഷിതാക്കളുടെ വക അരങ്ങേറുന്ന കലാപരിപാടികളാണ്.
അതുപോലെ റോഡ് മുറിച്ചു കടക്കുന്ന സമയത്ത്, പ്രത്യേകിച്ചും വശങ്ങളിൽ നിന്നോ, ദൂരെ നിന്നോ, വരുന്ന വാഹനങ്ങൾ വ്യക്തതയോടെ കാണാൻ കഴിയാതെ വരുകയും, ഡ്രൈവർമാറിൽ നിന്നും തെറി കേൾക്കേണ്ടി വരുകയും, ഇതിനേ തുടർന്ന് അവന് ശ്രദ്ധ തീരെയില്ല, അതുകൊണ്ട് ഞങ്ങൾ അവനെ പുറത്തെവിടേയും വിടാറില്ല. എന്ന പല്ലവിയുമുരുവിട്ട് കൊണ്ട് കുട്ടികളുടെ ജീവിതം കേവലം വീടുകളിലേക്ക് മാത്രം ചുരുക്കുന്ന രക്ഷിതാക്കളേയും നമ്മൾ കാണാറുണ്ട്.
ടിവി വളരെ അടുത്തു പോയി കാണുക, തല ചില പ്രത്യേക തരത്തിൽ ചരിച്ചു പിടിച്ചു കൊണ്ട് വസ്തുക്കളെ നോക്കുക, ഒരു വസ്തുവിൽ കൂടുതൽ നേരം നോക്കാൻ കഴിയാതെ വരുക, തലവേദനയുണ്ടെന്ന് പറയുക.. തുടങ്ങിയവയെല്ലാം കുട്ടികൾ പ്രകടിപ്പിക്കുമ്പോൾ അവരെ കുറ്റപ്പെടുത്തുക, ചീത്ത പറയുക തുടങ്ങിയ കലാപരിപാടികൾ കാണിക്കുന്ന രക്ഷിതാക്കളേയും അധ്യാപകരേയും കൂടി നമ്മൾ കാണാറുണ്ട്.
കുട്ടികളിൽ നിന്നും ഇവയെല്ലാം നിരന്തരം കാണുമ്പോൾ പോലും, പലരും ഇതിന്റെയെല്ലാം യഥാർത്ഥ കാരണമെന്തെന്ന് ആലോചിക്കാൻ പോലും തയ്യാറാവാറില്ല എന്നതാണ് വസ്തുത. അങ്ങനെ ആലോചിച്ചാൽ,,കുട്ടിയുടെ കണ്ണൊന്നു പരിശോധിച്ചു നോക്കാം എന്ന ഉത്തരത്തിലാവും നമ്മളെത്തി ചേരുക.
പലപ്പോഴും മുകളിൽ പറഞ്ഞ കാര്യങ്ങൾക്കധികവും കാരണം, കാഴ്ചയിൽ വരുന്ന തകരാറുകളാവും. കാഴ്ച്ചശക്തിയിൽ തകരാറുകളുണ്ടെന്ന്, കണ്ണ് പരിശോധനയിലൂടെ കണ്ടു കഴിഞ്ഞാൽ, കണ്ണട പോലുള്ളവയുടെ സഹായത്തോടെ ഇത് നമുക്ക് പരിഹരിക്കാൻ കഴിയുന്നതാണ്.
എന്നാൽ ഇതിനൊന്നും തന്നെ നിൽക്കാതെ, രക്ഷിതാക്കളും, അധ്യാപകരും ചേർന്ന്, കുട്ടിയുടെ കഴിവ് കേടായി ഇത്തരം പ്രശ്നങ്ങളെ ചിത്രീകരിക്കുകയും, ചീത്ത പറയുകയും, മർദ്ദിക്കുകയും, ചില മോശം വാക്കുകളാൽ അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു കൊണ്ട്, പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാതെ, അവരെ മാനസികമായി തളർത്തി കളയുകയാണ് പലപ്പോഴും ചെയ്യുന്നത്.
ഇനിയിപ്പോൾ, കുട്ടിക്ക് കാഴ്ച തകരാറുണ്ടെന്ന് കണ്ടെത്തി കഴിഞ്ഞാൽ പോലും കുട്ടിയെ കുറ്റപ്പെടുത്തുന്നതിൽ നിന്നും നമ്മൾ പുറകോട്ടു പോകാറുണ്ടോ എന്ന് ചോദിച്ചാൽ, അതിനും നമ്മൾ തയ്യാറല്ല എന്നതാണ് സത്യം.
കുട്ടികൾക്കുണ്ടാവുന്ന, കാഴ്ച തകരാറുകളിലധികവും (vision errors) പാരമ്പര്യമായി കിട്ടിയതാവാം. ഈയൊരു വസ്തുത ഉൾക്കൊള്ളാൻ നമ്മുടെ രക്ഷിതാക്കൾക്ക് കഴിയാറില്ലെന്നത് വേദനിപ്പിക്കുന്നൊരു യാഥാർഥ്യമാണ്. ഈ വിഭാഗത്തിൽ വൈദഗ്‌ദ്ധ്യമുള്ളവർ, ഇക്കാര്യം സാക്ഷ്യപ്പെടുത്തിയാൽ പോലും, അതംഗീകരിക്കാൻ തയ്യാറാവാതെ, കുട്ടി ചെയ്ത പ്രവർത്തികളാണ് കുട്ടിയുടെ കാഴ്ച്ച ശക്തി കുറയാൻ കാരണമായതെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കളും വർത്തമാന യാഥാർഥ്യമാണ്. ഇതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല, ആവശ്യമില്ലാത്തൊരു കുറ്റബോധം കുട്ടിയുടെ ചുമലിൽ കെട്ടി വയ്ക്കുക കൂടിയാണ് ഇതിലൂടെ നമ്മൾ ചെയ്യുന്നത്.
കാഴ്ച്ച തകരാറുകൾ ഇന്ന് കുട്ടികളിൽ പൊതുവെ കണ്ടു വരുന്നൊരു പ്രശ്നമാണ്. അത് കണ്ടെത്തി, അതിനേ ശാശ്വതമായി പരിഹരിക്കാൻ മുൻകൈ എടുക്കേണ്ട രക്ഷിതാക്കളും അധ്യാപകരുമുൾപ്പടെയുള്ളവരും ഇത്തരം പ്രശ്നങ്ങളെ വേണ്ട രീതിയിൽ അഡ്രസ്സ് ചെയ്യാതെ കുട്ടികളെ മാനസികമായും, പലപ്പോഴും ശാരീരികമായും വരെ പീഡിപ്പിക്കുന്നുണ്ടെന്ന യാഥാർഥ്യം മുന്നിലുള്ളത് കൊണ്ടാണ് ഈ വിഷയം ഇത്ര പ്രാധാന്യത്തോടെ നമ്മളിവിടെ ചർച്ച ചെയ്യുന്നത്.
നമ്മളെല്ലാവരും വിചാരിക്കുന്നത്, നമ്മൾ കാണുന്ന പോലെ തന്നെയാണ് മറ്റുള്ളവരും ഈ ലോകത്തെ കാണുന്നതെന്നാണ്. ഞാൻ കണ്ണട ധരിക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ ധാരണ എന്നിൽ നിന്നും പോയത്! അന്നാണ് ഞാൻ ഈ ലോകത്തെ ഇത്ര വ്യക്തതയോടെയും കാണാൻ കഴിയുമല്ലേ.. എന്ന് മനസ്സിലാക്കിയത്!
നമ്മുക്ക് കാഴ്ച തകരാറുണ്ടോ എന്ന് സ്വയം മനസ്സിലാക്കുന്നതിൽ ഈയൊരു തെറ്റിദ്ധാരണ വലിയൊരു വിലങ്ങു തടിയാണ്. മുതിർന്നവർക്ക് ഈയൊരു വിലങ്ങു തടി മറിക്കടക്കാൻ കഴിഞ്ഞാലും കുട്ടികൾക്കത് സാധിക്കുക എളുപ്പമല്ല. തനിക്ക് കാഴ്ച്ച ശക്തി കുറവുണ്ടെന്ന കാര്യം പലരും തിരിച്ചറിയുന്നത് തന്നെ തലവേദനയുമായോ മറ്റോ ആശുപത്രികളിൽ പോവുമ്പോഴാണ്.
അതുകൊണ്ട് തന്നെ, കുട്ടികളുടെ ഇത്തരം പ്രവണതകൾ കാണുമ്പോൾ, ചീത്ത പറയാനും, മർദിക്കാനും കൈയോങ്ങുന്നതിനു മുന്നേ, കുട്ടിക്ക് മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം, കാഴ്ച്ച ശക്തിക്കും തകരാറുകൾ ഒന്നുമില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കുട്ടികൾക്ക് ചുറ്റുമുള്ള ഓരോരുത്തരിലുമുണ്ട്.
കണ്ണടകൾ ആഡംബരമാണെന്ന് ധരിച്ചു വച്ചിരിക്കുന്ന ആളുകൾ പോലും നമ്മുടെയിടയിലുണ്ട്. കണ്ണടകൾ ആഡംബരമല്ല, മറിച്ച് അതൊരു ആവശ്യകതയാണെന്ന് തിരിച്ചറിയാനും, കുട്ടികളുടെ കാഴ്ച ശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് ഉറപ്പുവരുത്താനും.. വൈകും തോറും, ചേർത്തു പിടിക്കാൻ പോലും കഴിയാത്തത്ര ദൂരത്തേക്ക് അവരെല്ലാം വലിച്ചെറിയപ്പെടുകയാണ് ചെയ്യുന്നതെന്ന് നമ്മളോരുരുത്തരും മനസ്സിലാക്കേണ്ടതുണ്ട്!!
English Summary : Social media post of C S Suraj related kids vision problem