ADVERTISEMENT

ഭക്ഷണമേശയിലെ ശീലങ്ങൾ കുഞ്ഞുന്നാളിൽ തന്നെ വളർത്തേണ്ടതാണ്. വളരെ സാവധാനത്തിലും  എന്നാൽ തുടർച്ചയായും പരിശീലിപ്പിക്കേണ്ടതാണ് ടേബിൾ മാനേഴ്സ്. ഭക്ഷണത്തിനു മുമ്പ് കൈ കഴുകുന്ന കാര്യം കുറച്ചു ദിവസം മുടങ്ങാതെ കുഞ്ഞിനെ ഓർമിപ്പിച്ചു നോക്കൂ. പിന്നെ, ഭക്ഷണം കഴിക്കാനിരിക്കും മുമ്പ് തന്നെ ‘അമ്മേ, വാവയ്ക്കു കൈകഴുകണം’ എന്ന് കുട്ടി ഇങ്ങോട്ടു പറയും. പല തവണ ആവർത്തിക്കുമ്പോൾ അത് കുട്ടി പോലും അറിയാതെ ശീലമായി മാറും. കുട്ടിക്കാലത്ത് പകരുന്ന ഇത്തരം നല്ല ശീലങ്ങൾ മുതിർന്നാലും തുടരും.

 

ആഹാരസമയം വീട്ടിലെല്ലാവരും  കൂടിച്ചേരുന്ന സോഷ്യൽ സമയം കൂടിയാണെന്ന് കുഞ്ഞ് മനസ്സിലാക്കണം. എല്ലാവരും കഴിക്കാനിരിക്കുന്നതിനു മുമ്പ് ഭക്ഷണം സ്വയം വിളമ്പിയെടുത്ത് കഴിക്കുന്നത് മര്യാദയല്ലെന്ന് കുട്ടി അറിയട്ടെ. കഴിക്കുന്നതിനിടയിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാൻ വേണ്ടി വെറുതെ ബഹളമുണ്ടാക്കരുതെന്നും ഓരോരുത്തരും സംസാരിക്കുന്നതു കേട്ട് അതിനനുസരിച്ചു മാത്രം  പ്രതികരിച്ചാൽ മതിയെന്നും പറഞ്ഞോളൂ. സോഷ്യൽ ഈറ്റിങ് എന്താണെന്നും അവിടെ എങ്ങനെ പെരുമാറണമെന്നും മനസ്സിലാക്കുമ്പോൾ പതിയെ കുഞ്ഞ് അത് ആസ്വദിച്ചു തുടങ്ങും.

തീൻമേശയിൽ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ

അലങ്കോലമാക്കാതെ തനിയെ കഴിച്ചു തുടങ്ങുന്ന ഘട്ടത്തിലും ഭക്ഷണം കഴിക്കുന്ന സമയത്ത് അമ്മയോ അച്ഛനോ കൂടെയിരിക്കണം. അലങ്കോലമാക്കാതെ വൃത്തിയായി എങ്ങനെ കഴിക്കാമെന്ന് പല തവണകളായി പറഞ്ഞു കൊടുത്താൽ മതി. കുഴച്ചു മറിക്കാതെ, പ്ലേറ്റിനു പുറത്തു കളയാതെ കഴിക്കുന്നത്  കാണിച്ചു കൊടുക്കാം. അതിനു സഹായിക്കുകയും ചെയ്യാം.

ചവച്ചരച്ച്

ഭക്ഷണം  എങ്ങനെയാണ് ചവച്ചരച്ച് കഴിക്കുന്നതെന്ന് കണ്ടു പഠിക്കട്ടെ. വായടച്ചു പിടിച്ച് പതിയെ ഭക്ഷണം ചവയ്ക്കാൻ പറയാം. വായിൽ നിറയെ ഭക്ഷണം കുത്തിനിറച്ച് കഴിക്കുന്നത് കാണുന്നയാൾക്ക് എത്ര അരോചകമായിരിക്കുമെന്ന് കാണിച്ചു കൊടുക്കൂ. അപ്പോൾ കുട്ടി അത് മനസ്സിലാക്കും. തിരക്കിട്ട് ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല, സമയമെടുത്ത് ചെറിയ കഷ്ണങ്ങളോ ഉരുളകളോ ആക്കി കഴിച്ചാൽ മതിയെന്നു പറയുക. ആരോഗ്യത്തിന് നല്ലത് അതാണെന്നും പറഞ്ഞുകൊടുക്കാം.

എടുത്തു കൊടുക്കാനും പഠിക്കാം

പ്ലേറ്റിൽ നിറയെ ആഹാരം കൂമ്പാരമായെടുത്ത് കഴിക്കുന്ന ശീലം വേണ്ടെന്നും ഇഷ്ടപ്പെട്ട ആഹാരം മാത്രം വീണ്ടും ചോദിച്ചു വാങ്ങി വേണ്ടത്രയും കഴിച്ചോളൂ എന്നും പറയാം. കൂടെയിരിക്കുന്നവരുടെ പ്ലേറ്റിൽ ഏതെങ്കിലും വിഭവം തീർന്നെന്നോ അവർക്ക് ആവശ്യമാണെന്നോ തോന്നിയാൽ മേശപ്പുറത്തിരിക്കുന്ന പാത്രം അവർക്ക് എടുത്തു കൊടുക്കുന്നത് നല്ല കുട്ടികളുടെ രീതിയാണെന്നു പറഞ്ഞോളൂ. നമുക്കാണ് എടുത്തു തരുന്നതെങ്കിൽ നന്ദി പറയാനും മറക്കരുത്. ശീലങ്ങൾ നിങ്ങളിൽ നിന്നാണ് കുഞ്ഞ് പഠിക്കുന്നതെന്ന് ഓർമിക്കുക. ഓരോ തവണ ഡൈനിങ് ടേബിളിൽ വരുമ്പോഴും അതൊരു ക്ലാസാക്കി മാറ്റേണ്ടതില്ല. കുഞ്ഞിന് മടുപ്പ് തോന്നും. ചിലപ്പോൾ അനുസരിച്ചില്ലെന്നും വരാം. ചില കുട്ടികൾ കാര്യങ്ങൾ പെട്ടെന്ന് പഠിക്കുകയും പ്രവർത്തിക്കുകയും  ചെയ്യുമ്പോൾ ചിലർ സമയമെടുത്തേ പഠിക്കൂ. അതു മനസ്സിലാക്കി വേണം നിർദേശങ്ങൾ നൽകാൻ.   

English Summay : Tips of table manners for kids 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com