ADVERTISEMENT

എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക, എൻജിനീയർ, പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചയാൾ, മനുഷ്യസ്നേഹി... ശ്രീമതി സുധാമൂർത്തിക്കു നൽകാവുന്ന വിശേഷണങ്ങൾ തീരുന്നില്ല. രണ്ടു മക്കളുടെ അമ്മയായ സുധാമൂർത്തിയുടെ ഉപദേശങ്ങൾ പുതിയ കാലത്തെ രക്ഷിതാക്കൾക്കും ഏറെ പ്രിയപ്പെട്ടതാണ്. പരമ്പരാഗത രീതിയും ആധുനികതയും ഒരു പോലെ നിറഞ്ഞു നിൽക്കുന്നതാണ് രക്ഷിതാക്കൾക്കായി അവർ നൽകുന്ന സന്ദേശങ്ങൾ. 

കുട്ടികൾക്കു നൽകാം ഇടം : രക്ഷിതാവും കുട്ടിയും തമ്മിലുള്ള ബന്ധത്തിൽ പ്രധാനമാണ് പരസ്പര ബഹുമാനം. കുട്ടിക്കായി ഒരു ഇടം (Space) നൽകുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് ശ്രീമതി സുധാമൂർത്തി പറയുന്നു. ആശയങ്ങളും അഭിപ്രായങ്ങളും തമ്മിലുള്ള മുട്ടലുകളും ഉരസലുകളും ഒന്നും പാടില്ലെന്നു അവർ പറയുന്നു. കുട്ടികൾക്ക് അവരുടേതായ ഒരു ഇടം നൽകുമ്പോൾ ഇത് അവരുടെ തീരുമാനങ്ങളെ പുനഃപരിശോധിക്കാനും ഇഷ്ടാനിഷ്ടങ്ങളെപ്പറ്റി ഒന്നു കൂടി ആലോചിക്കാനും എല്ലാം അവസരം നൽകും. ചില പ്രത്യേക ഭക്ഷണങ്ങൾ നിങ്ങളുടെ കുട്ടിക്ക് ഇഷ്മല്ലെങ്കില്‍  അതു കഴിക്കാൻ അവരെ നിർബന്ധിക്കാതിരിക്കുക. കുറച്ചു സമയം അവർക്കു നൽകുക. ഭക്ഷണം അടച്ചു മാറ്റിവയ്ക്കുക. അവർക്കു വേണമെന്നു തോന്നുമ്പോൾ വന്നു കഴിക്കട്ടെ സുധാമൂർത്തി പറയുന്നു. 

മാതൃകകളാകാം

ഒരു കാര്യവും ചെയ്യാൻ കുട്ടികളെ നിർബന്ധിക്കരുത്. നിങ്ങളുടെ ശീലങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്. അവർക്കു മുന്നിൽ ഉദാഹരണങ്ങളാകാം. അപ്പോൾ അവർ സ്വയം അത് തിരഞ്ഞെടുക്കും, ശീലമാക്കും. കുട്ടികൾ സ്പോഞ്ച് പോലെയാണ് അവർ രക്ഷിതാക്കളെ നിരീക്ഷിച്ച് അവരുടെ ശീലങ്ങൾ ഒപ്പിയെടുക്കും. അതുകൊണ്ട് നിങ്ങളുടെ കുട്ടി ചെയ്യരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യവും നിങ്ങളും ചെയ്യാതിരിക്കുക. സുധാമൂർത്തി പറയുന്നു. 

കുട്ടി വൈകുന്നേരം പഠിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ നിങ്ങളും ആ സമയത്ത് ഒരു പുസ്തകം എടുത്ത് വായിക്കുക. വീടിനു പുറത്തുള്ള നായകരെ അല്ല കുട്ടിക്ക് ആവശ്യം. രക്ഷിതാക്കളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ കുട്ടി സ്വാംശീകരിക്കുന്നു. രക്ഷിതാക്കൾ ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യങ്ങളല്ല കുട്ടി ചെയ്യുന്നത്, മറിച്ച് രക്ഷിതാക്കൾ എന്താണോ ചെയ്യുന്നത്, അത് കണ്ടിട്ട് കുട്ടിയും അതുതന്നെ ചെയ്യുന്നു. 

ലളിതമായി ജീവിക്കാം

ജീവിതം ലളിതമായി ജീവിച്ചു തീർക്കാം എന്നതാണ് സുധാമൂർത്തിയുടെ ജീവിതം കാണിച്ചു തരുന്നത്. ഉയർന്ന ചിന്തയും ലാളിത്യവുമാണ് അവരുടെ മുഖമുദ്ര. ഭക്ഷണം, വസ്ത്രധാരണം, വീടിന്റെ അലങ്കാരങ്ങൾ ഏതുമായിക്കൊള്ളട്ടെ, ലളിതമായിരിക്കണം എന്നാണ് സുധാമൂർത്തി കാണിച്ചു തരുന്നത്. രക്ഷിതാക്കളോട് അവർക്കു പറയാനുള്ളതും ഇതു തന്നെ.

പങ്കുവയ്ക്കലിന്റെ ആശയം കുട്ടികൾക്കു പരിചയപ്പെടുത്താം. 

തന്റെ മകന്റെ ഒരു പിറന്നാളാഘോഷത്തെപ്പറ്റി സുധാമൂർത്തി പറയുന്നു. പിറന്നാൾ പാർട്ടി നടത്തുമ്പോൾ 50,000 രൂപ ചെലവു വരും. അതിനു പകരം പാർട്ടി ചെറിയ തോതിൽ നടത്തിയിട്ട് ബാക്കി പണം, അവരുെട ഡ്രൈവറുടെ മക്കളുടെ പഠനത്തിനായി നൽകാൻ മകനോട് അവർ ആവശ്യപ്പെട്ടു. ആദ്യമൊന്നും മകൻ ഇത് സമ്മതിച്ചില്ലെങ്കിലും മൂന്നാമത്തെ ദിവസം സമ്മതിച്ചു. കുറെ വർഷങ്ങൾക്കു ശേഷം മറ്റൊരു പിറന്നാൾ വന്നപ്പോൾ തനിക്കു ലഭിച്ച സ്കോളർഷിപ് തുക, 2001 ലെ പാര്‍ലമെന്റാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട പട്ടാളക്കാരുെട കുടുംബത്തിന് നൽകട്ടെ എന്ന് മകൻ ചോദിച്ചതായി അവർ പറയുന്നു. പണം പങ്കുവയ്ക്കുക എന്ന ആശയവും ദയ, സ്നേഹം, പ്രതീക്ഷ ഇതെല്ലാം കുട്ടികളെ പഠിപ്പിക്കേണ്ടതാണെന്ന് അവർ പറയുന്നു. ഇത് പരോക്ഷമായി തുല്യതയും മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തലും എല്ലാം കുട്ടികളെ പഠിപ്പിക്കും. 

നിങ്ങളുടെ കുട്ടികളെ മാത്രം ഫോക്കസ് ചെയ്യരുത്

രക്ഷിതാക്കൾക്ക് കുട്ടികളുടെ മേൽ ഒരു ശ്രദ്ധ വേണം. എന്നാൽ എപ്പോഴും കുട്ടികളെ ശ്രദ്ധിച്ചിരിക്കുന്നത്, അവരുടെ കഴിവുകളെ കുട്ടിക്ക് സ്വയം തിരിച്ചറിയാനുള്ള ശേഷി ഇല്ലാതാക്കും. നീന്തൽ, പിയാനോ, ക്രിക്കറ്റ്, പ്രസംഗം തുടങ്ങി എല്ലാത്തിലും ഒന്നാമനാകണം എന്ന് പറഞ്ഞ് കുട്ടിയെ ശല്യപ്പെടുത്താതിരിക്കുക. അവർ ചിന്തിക്കട്ടെ, അവർക്ക് സമയം നൽകൂ. അവർ സ്വയം വളർന്നു വരും. ഉദാഹരണം പറഞ്ഞാൽ കുട്ടി വായിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ടിവിയും ഫോണും എല്ലാം ഓഫ് ചെയ്ത് നിങ്ങളും വായിക്കാൻ ഇരിക്കൂ. പ്രസംഗത്തെക്കാൾ ഉദാഹരണങ്ങളിലൂടെ കുട്ടി കൂടുതൽ പഠിക്കുന്നു. സുധാമൂർത്തി പറയുന്നു.

English Summary : Parenting advices From Sudha Murthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com