ADVERTISEMENT

പല്ലിന്റെ നിറം മഞ്ഞ ആണത്രേ, നിന്നോട് ആരാ ഇതൊക്കെ പറയുന്നത് ? പുഴു എന്ന സിനിമയിലെ അച്ഛൻ കഥാപാത്രം മകനോട് ഇതും പറഞ്ഞ് പരിഹസിച്ച് ചിരിക്കുന്ന ഒരു രം​ഗമുണ്ട്. അതുപോലെ തക്കാളി പഴമാണെന്നു പറഞ്ഞതിനും മകൻ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരുന്നു. ടോക്സിക് പേരന്റിങ്ങിനെ മികച്ച രീതിയിലാണ് പുഴു എന്ന ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. വളരെയേറെ പ്രസക്തവും ചർച്ച ചെയ്യപ്പെടേണ്ടതുമായ വിഷയമാണിത്. എന്നാൽ പാരന്റിങ് പലപ്പോഴും സമൂഹം ആവശ്യപ്പെടുന്ന രീതിയിലുള്ള ​ഗൗരവകരമായ ചർച്ചകളിലേക്ക് എത്തുന്നില്ല എന്നതാണ് യാഥാർഥ്യം. എന്തു ചെയ്യണം, എന്തു ചെയ്യരുത്, എങ്ങനെ ചെയ്യണം, എങ്ങനെ ചെയ്യരുത്.... അച്ഛന്റെ തീരുമാനങ്ങളിൽ ജീവിക്കുക മാത്രമാണ് മകന് ചെയ്യാനുള്ളത്. ഇതിനു കാരണം സ്നേഹമാണെന്നാണ് അച്ഛൻ പറയുന്നത്. മകന്റെ നല്ല ഭാവി മാത്രമാണ് അയാളുടെ സ്വപ്നം. ശരിയാണോ ? ഇതാണോ സ്നേഹം ? ഇങ്ങനെയാണോ മക്കളെ വളർത്തേണ്ടത് ?

 

അല്ല. മക്കളെ കഠിനമായി ശിക്ഷിച്ചും പരിഹസിച്ചും അവരെ കൂട്ടിലടച്ചും മാതാപിതാക്കൾ ആ​ഗ്രഹിക്കുന്ന തരത്തിൽ വളർത്താമെന്നത് തെറ്റായ ധാരണയാണ്. കുട്ടികളെ തല്ലുന്നതു പോയിട്ട് അവരോട് വഴക്ക് പറയുന്നതു പോലും പല പരിഷ്കൃത സമൂഹങ്ങളിൽ കുറ്റകരമായാണ് കണക്കാക്കുന്നത്. എന്നാൽ മക്കളെ തല്ലി നേരെയാക്കണം എന്ന ചിന്ത മനസ്സിൽ വച്ച് പുലർത്തുന്നവരാണ് പലരും. എന്നാൽ ഇത് കൂടുതലും വിപരീത ഫലമാണ് നൽകുകയെന്ന് മാതാപിതാക്കൾ മനസ്സിലാക്കുന്നില്ല. ചെയ്തത് തെറ്റാണ് എന്ന ബോധ്യമാണ് ശിക്ഷകളിലൂടെ മക്കൾക്ക് ലഭിക്കേണ്ടത്. എന്നാൽ അവരെ വേദനിപ്പിച്ച്, ഭയപ്പെടുത്തി തളർത്താനാണ് ചില മാതാപിതാക്കളുടെ ശ്രമം. ഇതിനായി യാതൊരു ദാക്ഷണ്യവുമില്ലാതെ അവരെ തല്ലുന്നു. അതിനായി ബെൽറ്റും ചെരിപ്പും വടിയും ഉൾപ്പടെ ഉപയോ​ഗിക്കുന്നു. ചട്ടുകം ഉപയോ​ഗിച്ച് പൊള്ളിക്കുന്ന മാതാപിതാക്കൾ വരെയുണ്ട്. 

 

കുട്ടികളുടെ മനസ്സിൽ വെറുപ്പും ക്രൂരതയും നിറയാൻ ഇത്തരം പ്രവൃത്തികൾ പലപ്പോഴും കാരണമാകുന്നുണ്ട്. ഇതിന്റെ ഉദാഹരണം ചരിത്രത്തിലും സമൂഹത്തിലും ധാരളമായുണ്ട്. ലോകത്തെ ക്രൂരനായ ഭരണാധികാരി എന്നു പറയപ്പെടുന്ന ഹിറ്റ്ലർ ഇത്രയും ക്രൂരനായതിന്റെ കാരണങ്ങളിലൊന്നായി മനശാസ്ത്രഞ്ജർ ടോക്സിക് പേരന്റിങിനെ വിലയിരുത്തുന്നുണ്ട്. ഹിറ്റ്‌ലർക്ക് അതിക്രൂരമായ ശിക്ഷകളാണ് കുട്ടിക്കാലത്ത് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ചെറിയ തെറ്റിനുപോലും വലിയ ശിക്ഷകളാണ് അച്ഛനിൽ നിന്നു കൊച്ചു ഹിറ്റ്ലർക്ക് ലഭിച്ചത്. ഏകാധിപതിയായ ഹിറ്റ്ലർ ജർമനിയിൽ നടപ്പിലാക്കിയതും അതിക്രൂരമായ ശിക്ഷാരീതിയായിരുന്നു എന്നത് ചരിത്രം. 

 

പേരന്റിങ് ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്. സ്നേഹം, കരുതൽ, പിന്തുണ, അറിവ് പകരൽ, നേർവഴിക്ക് നയിക്കൽ, ആവശ്യങ്ങൾ നിറവേറ്റൽ.... എന്നിങ്ങനെ ഒരുപാട് ഘടകങ്ങൾ ചേരുമ്പോഴാണ് അത് പൂർണതയിൽ എത്തുന്നത്. തല്ലി നേരയാക്കാം എന്ന ചിന്ത തലമുറകളിലൂടെ കൈമാറി പോകുന്നവരുണ്ട്. മക്കളുടെ ശരീരത്തിനെയും മനസ്സിനെയും കഠിന വേദനകളിലേക്ക് തള്ളി വിടുന്നത് സാധാരണ പാരന്റിങ് അല്ല, ടോക്സിക് പാരന്റിങ് ആണ്. ഉത്തമ പൗരന്മാരെ സൃഷ്ടിക്കാനല്ല വിനാശകാരികളായ കുറ്റവാളികളെ സൃഷ്ടിക്കാൻ അവയ്ക്ക് കഴിവുണ്ട്. അതുകൊണ്ട് മക്കളെ അറിഞ്ഞും അവരെ അം​ഗീകരിച്ചും അവരുടെ കൈപ്പിടിച്ച് ഒപ്പം നടന്നും നല്ല മാതാപിതാക്കളാകാം.

English Sumamry : Toxic parenting and solutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com