പത്ത് കുട്ടികളെ പ്രസവിക്കുന്ന അമ്മമാർക്ക് 13 ലക്ഷവും മെഡലും !
Mail This Article
പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുന്ന റഷ്യൻ അമ്മമാർക്ക് ‘മദർ ഹീറോയിൻ’ എന്ന ബഹുമതിയും പത്ത് ലക്ഷം റൂബിളും (ഏകദേശം 13 ലക്ഷം രൂപ) സമ്മാനമായി നൽകാൻ റഷ്യൻ സർക്കാരിന്റെ തീരുമാനം. യുക്രെയ്നിൽ അധിനിവേശം നടത്തിയതിനെത്തുടർന്ന് റഷ്യൻ ജനസംഖ്യയിൽ പൊടുന്നനെയുണ്ടായ ഇടിവാണ് പുതിയ നീക്കത്തിന് റഷ്യയെ പ്രേരിപ്പിക്കുന്നതെന്നാണു കരുതുന്നത്. പുതിയ നയം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഈയാഴ്ച ഒപ്പുവച്ചു. റഷ്യയിൽ കുട്ടികളുടെ ദിനമായി ആചരിക്കുന്ന ജൂൺ 1 മുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കാനാണ് പുട്ടിന്റെ ആഗ്രഹമെന്നു റിപ്പോർട്ടുകളുണ്ട്.
കുറഞ്ഞത് 10 കുട്ടികളെങ്കിലുമുളള അമ്മമാർക്കാണു പദ്ധതിയിൽ അപേക്ഷിക്കാനാകുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ഫൈവ് പോയിന്റ് സ്റ്റാർ ഗണത്തിൽപെടുന്നതാണ് മദർ ഹീറോയിൻ ബഹുമതി.
റഷ്യ സോവിയറ്റ് യൂണിയനായിരിക്കെ 1944ൽ ജോസഫ് സ്റ്റാലിനാണ് മദർ ഹീറോയിൻ ബഹുമതി ആദ്യമായി കൊണ്ടുവന്നത്. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ ജനസംഖ്യ കുത്തനെ കുറഞ്ഞത് പരിഹരിക്കാനായിരുന്നു ഈ നടപടി. അക്കാലത്തെ പ്രമുഖ ബഹുമതിയായ ഹീറോ ഓഫ് റഷ്യ, ഹീറോ ഓഫ് ലേബർ തുടങ്ങിയ ബഹുമതികൾക്ക് തത്തുല്യമായിരുന്നു മദർ ഓഫ് ഹീറോയിൻ ബഹുമതി.
ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ റഷ്യൻ ജനസംഖ്യയിൽ 86000 പേരുടെ കുറവുണ്ടായതായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ റോസ്സ്റ്റാറ്റ് പുറത്തുവിട്ട കണക്ക് വെളിപ്പെടുത്തുന്നു. ഇതിനു മുൻപ് ഈ രീതിയിൽ കുറവുണ്ടായത് 2002 വർഷത്തിലായിരുന്നു. അന്ന് 57000 പേരുടെ കുറവ് സംഭവിച്ചു.
ഭൂമിയിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. 1.7 കോടി ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള റഷ്യയുടെ ജനസംഖ്യ 14.55 കോടി മാത്രമാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ 9 പേർ എന്ന നിലയിലാണ് ജനസാന്ദ്രത. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണു റഷ്യ. യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും റഷ്യയാണ്.
English Summary : Putin revives 'Mother Heroine' award for women with 10 children