കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം ആത്മവിശ്വാസക്കുറവ് മുതൽ ആത്മഹത്യയ്ക്ക് വരെ കാരണമാകാം
Mail This Article
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഉചിതമായ പ്രായമായി 13 വയസ്സാണ് മിക്ക പ്ലാറ്റ്ഫോമുകളും നിർദേശിക്കുന്നത്. എന്നാൽ 10 മുതൽ 12 വരെ പ്രായമുള്ള കുട്ടികളിൽ 50 ശതമാനവും 7 മുതൽ 9 വയസ്സ് വരെ പ്രായമുള്ളവരിൽ 33 ശതമാനവും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് അമേരിക്കയിൽ നടന്ന സർവേയിൽ വ്യക്തമായത്. ഇതൊരു ആഗോള പ്രതിഭാസമായി മാറുകയാണ്.
സാങ്കേതിക വിദ്യയുടെ നിരവധി വിപ്ലവങ്ങളിൽ ഒന്നാണ് സമൂഹമാധ്യമങ്ങൾ. അതിനെ ഒരു അവസരവും സാധ്യതയുമാക്കി മാറ്റുന്നവർ നിരവധിയുണ്ട്. കുട്ടികൾക്കും നിരവധി അവസരങ്ങളും അറിവുകളും സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നു. കൂടുതൽ വിശാലമായ ലോകത്തിൽ വളരാൻ അവർക്ക് സാധ്യതയൊരുങ്ങുന്നു. എന്നാൽ അതിനെക്കാളേറെ അപകടങ്ങൾ അവിടെ പതിയിരിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾക്ക് ഇരയാകാനുള്ള സാധ്യത, അഡിക്ഷൻ, ഇൻഫ്ലുവൻസർമാരോടുള്ള അന്ധമായ ആരാധന, സാഹസിക പ്രവർത്തികളിൽ ഏർപ്പെടാനുള്ള വാസന എന്നിങ്ങനെ നീളുന്നു അവ. മുതിർന്നവർപ്പോലും ധാരാളമായി പറ്റിക്കപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്യുന്ന സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്കുള്ള ചതിക്കുഴികൾ വളരെ കൂടുതലാണ്. അതിനാൽ നിശ്ചിത പ്രായത്തിലെത്തിയശേഷം കുട്ടികൾക്ക് സമൂഹമാധ്യമങ്ങളുടെ ലോകം തുറന്നിടുന്നതാണ് ഉചിതം. ഇനി അതല്ല അവർ സമൂഹമാധ്യമങ്ങളിലേക്ക് പ്രവേശിക്കുകയാണെങ്കിൽ അതിന്റെ ഉപയോഗം എങ്ങനെയായിരിക്കണമെന്ന കൃത്യമായ നിർദേശം മാതാപിതാക്കൾ നൽകേണ്ടതുണ്ട്. അവരുടെ ഉപയോഗം നിരീക്ഷിക്കേണ്ടതുണ്ട്.
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന പ്രവണത വർധിക്കാൻ സമൂഹമാധ്യമങ്ങൾ കാരണമായിട്ടുണ്ട്. സോഷ്യൽ ലോകത്തു കാണുന്നതാണ് യാഥാർഥ്യമെന്നു വിശ്വസിക്കുന്നവരും നിരവധി. ഓൺലൈൻ സുഹൃത്തുക്കളുടെ എണ്ണം കൂടുന്നതും നേരിട്ടുള്ള സമ്പർക്കമുള്ള സുഹൃത്തുക്കളുടെ എണ്ണം കുറയുന്നതുമാണ് കുട്ടികളിൽ സംഭവിക്കുന്നത്. അതുപോലെ മാതാപിതാക്കൾ കാണരുതെന്ന് ആവശ്യപ്പെടുന്ന സൈറ്റുകൾ തിരയാനും പ്രവണത കൂടുന്നുവെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശ്രദ്ധിക്കാനുള്ള കഴിവ്, കാഴ്ചാ പ്രശ്നങ്ങൾ, മാനസിക സമ്മർദം, ആത്മവിശ്വാസക്കുറവ്, അമിതവണ്ണം എന്നിങ്ങനെ നിരവിധി പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാകാൻ ഇത് കാരണമാകുന്നുണ്ട്. സ്മാർട് ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും ഉപയോഗം തടഞ്ഞതിന്റെ പേരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടികളുമുണ്ട്.
കുട്ടികളെ മനസ്സിലാക്കുക എന്നതാണ് മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്. അവർക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനുള്ള പക്വത ആയോ എന്നു വിലയിരുത്തുക. അവർക്ക് നിർദേശങ്ങൾ നൽകുകയും അത് ലംഘിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുക. ഉപയോഗത്തിന് നിയന്ത്രണം പുലർത്തേണ്ടതും അനിവാര്യമാണ്. ഒരു നിശ്ചിത സമയം അനുവദിക്കുക. അതിനപ്പുറം പോകാൻ എത്ര വാശിപ്പിടിച്ചാലും സമ്മതിക്കരുത്. സമൂഹമാധ്യമങ്ങൾ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാം എന്നതിന് മാതാപിതാക്കൾ തന്നെ മാതൃകയാവട്ടെ.
Content Summary : Social media and children's mental health