‘‘ഷാനു ഇത്ത പ്രസവിച്ചു, നിന്റെ പേര് തന്നെയാണ് കുട്ടിക്ക്, ഖബറിനരികെ വന്ന് എല്ലാം പറഞ്ഞതാണല്ലോ’’; തീരാവേദനയില്‍ ഉപ്പ
Mail This Article
ക്യാൻസർ കവർന്നെടുത്ത പ്രിയ മകന്റെ ഓർമയിൽ നീറുന്ന ഒരു അച്ഛന്റെ ഹൃദയം തകർന്നുളള കുറിപ്പാണിത്. പ്രിയ മകനെ പടച്ചവൻ തിരികെ വിളിച്ച കാലത്തിന്റെ കണ്ണീരോർമയാണ് ഓരോ നോമ്പുകാലവുമെന്ന് നെല്ലിക്കുത്ത് ഹനീഫ പറയുന്നു. ക്യാൻസർ അതിജീവന സൗഹൃദ കൂട്ടായ്മയായ കേരള കാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ടേഴ്സിലാണ് കുറിപ്പ് ഹനീഫ പങ്കുവച്ചത്.
ഹനീഫയുടെ കുറിപ്പ് വായിക്കാം
വിശുദ്ധ റമസാന്‍ സമാഗതമാകുമ്പോള്‍, ഈ കുറിപ്പ്, ഒരു പങ്കുവയ്ക്കലാണ്. എന്റെ മനസ്സിന്റെ തീരാവേദനയില്‍ നിന്ന് രൂപപ്പെടുന്ന അക്ഷര ഭാഷ്യത്തിന്റെ പങ്കുവയ്പ്പ്..! ദുഃഖവും, വേദനയും, കണ്ണീരുമെല്ലാം കൂടിക്കുഴഞ്ഞൊട്ടിയ, പിന്നിട്ട അഞ്ചാണ്ടിലെ എന്റെ റംസാന്‍ ദിനങ്ങളുടെ പകര്‍ത്തി എഴുത്താണിത്. 2018-ല്‍ എന്റെ ഹാഫിസ്‌മോന്റെ (കുഞ്ഞുമോന്‍-9) ചികിത്സയുമായി ബന്ധപ്പെട്ട്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു എന്റെ റംസാന്‍ ദിനങ്ങള്‍. 2019-ല്‍ തിരുവന്തപുരം ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും, എം.വി.ആര്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്ററിലുമായിരുന്നു ഞങ്ങളുടെ റമസാന്‍ ദിനങ്ങള്‍. 2020-ലെ റമസാന്‍ മാസം 17-ന് വിശുദ്ധ ബദര്‍ ദിനത്തില്‍, അള്ളാഹുവിന്റെ സവിധത്തിലേക്ക് അവന്‍ യാത്ര പോവുകയും ചെയ്തു. ദുഃഖത്തിന്റെ പാരമ്യത്തിലായിരുന്ന ഞാനന്ന് പൊട്ടിക്കരഞ്ഞില്ല. കരയാനുള്ള ശക്തി പോലും, ആ വേളയില്‍ എനിയ്ക്കുണ്ടായിരുന്നില്ല.
എന്റെ കണ്മുമ്പില്‍ നിന്ന് അവന്‍ പോയിട്ട് മൂന്ന് വര്‍ഷമാകുമ്പോഴും, ഇനിയും, എനിയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത, എന്തെല്ലാമോ വികാരമാണ് എന്റെ സിരകളിലുള്ളത്. ജീവിതത്തില്‍ അമിത ഭയവും, അമിത ദുഃഖവും നമുക്ക് പാടില്ലെന്നാണ് പറയുന്നത്. പക്ഷേ. ഞാനൊരു പരാജിതനാണ്. എന്റെ കുഞ്ഞുമോന്‍ കൂടെയില്ലാത്ത ശൂന്യതയില്‍, പിന്നിട്ട മൂന്നാണ്ടിനും, എന്റേയും, അവന്റെ ഉമ്മായുടേയും കണ്ണീര്‍ച്ചൂടിന്റേയും, പുളിപ്പിന്റേയും ആവരണം മാത്രമാണുള്ളത്. അവന്റെ വേര്‍പാടിന്റെ ആഘാതത്തില്‍, ഊര്‍ജ്ജം നഷ്ടപ്പെട്ട് പോയ ഞങ്ങളുടെ മനസ്സില്‍, പുകഞ്ഞെരിയുന്ന ഓര്‍മ്മകളുടെ നീറ്റലില്‍ നിന്ന്, എത്ര ശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് മോചനം നേടാനാകുന്നില്ല.! അത് കൊണ്ടാണ് എല്ലാ ദിവസവും ഒരു മുടക്കവും വരുത്താതെ, ഞാന്‍ അവന്റെ ഖബറിനരികിലെത്തുന്നത്. മനസ്സിന്റെ കൂരിരുട്ടില്‍ പ്രകാശം വര്‍ഷിക്കുന്ന ശരറാന്തലെന്ന പോലെ, വിശുദ്ധ ഗ്രന്ഥം കയ്യിേലന്തി മുടക്കമില്ലാതെ ഞാന്‍, അവനരികിലെത്തി പ്രാര്‍ത്ഥിക്കുന്നു. ഒപ്പം, ഒരോ ദിവസത്തെ വിശേഷങ്ങളും ഞാന്‍ അവനോട് പറയുന്നു. അവന്റെ ഖബറിന് മുകളില്‍ വിരിഞ്ഞ് നില്‍ക്കുന്ന വര്‍ണ്ണപ്പൂക്കള്‍, അതെല്ലാം കേട്ട് എന്നോട് തലയാട്ടാറുമുണ്ട്. ഖബറിലെ മീസാന്‍കല്ലില്‍ ഉമ്മ വെച്ച് കൊണ്ട്, തിരികെ നടക്കുമ്പോള്‍, 'അവനെന്നെ വിളിയ്ക്കുന്നുണ്ട്' എന്ന തോന്നലില്‍, എന്നും ഞാന്‍ അവിടേയ്ക്ക് തിരിഞ്ഞ് നോക്കാറുമുണ്ട്.
എന്നേയും, എന്റെ കുഞ്ഞുമോനേയും നേരിട്ടറിയുന്ന സുഹൃത്തുക്കള്‍ സംയുക്തമാക്കിയെടുത്ത ആശ്വസ ഭാഷയ്ക്ക് പോലും, എന്നില്‍ സൃഷ്ടിച്ച വിക്ഷുബ്ധതയെ നിര്‍വ്വീര്യമാക്കുന്നില്ല എന്ന സത്യം എനിയ്ക്ക് മാത്രമേ അറിയൂ.
എന്റെ കുഞ്ഞുമോനേ.. നീ പോയ ശേഷം, വെയിലും, മഴയും, മഞ്ഞും, കാറ്റുമെല്ലാം പഴയത് പോലെ തന്നെയാണ്. പക്ഷെ, നമ്മുടെ വീടും, മുറ്റവും പഴയത് പോലെയല്ല. അതെത്രമാത്രം, ശൂന്യമാണിന്ന്. സ്‌കൂള്‍ വിട്ട് വന്നാല്‍, സ്‌കൂള്‍ബാഗ് സെറ്റിയിലേക്കെറിഞ്ഞ്, ചായ കുടിക്കാന്‍ പോലും നില്‍ക്കാതെ മുറ്റത്തേക്കോടി, മൂന്നാല് ചുറ്റ് സൈക്കിള്‍ സവാരി ആയിരുന്നുവല്ലോ നിന്റെ പതിവ്. അതോടൊപ്പം, വാ തോരാതെ നീ പറഞ്ഞ് കൊണ്ടിരുന്ന സ്‌കൂള്‍ കഥകളും.. പിന്നീട്, നീ പറയാന്‍ ബാക്കിവെച്ച കാര്യങ്ങളും.. നിന്റെ പരാതികളും.. പരിഭവങ്ങളുമെല്ലാം നിറഞ്ഞ, ആ പതിവിന് വേണ്ടി കൊതിച്ച്, നമ്മുടെ മുറ്റവും, ദാഹിച്ച് വരണ്ടുണങ്ങിയ പോലെയാണിന്ന്.
ഞാനും, നിന്റെ ഉമ്മായും നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളുടെ തടവുകാരാണ്. വല്ലാത്തൊരു തടവറ തന്നെയാണത്.! ആ തടവറയിലെ ചുട്ട് പൊള്ളുന്ന താപത്തില്‍, ഞങ്ങളുടെ ശരീരത്തിന്റെ ചൂടിലും.. രക്തത്തിലും.. ആവിയിലും.. തേങ്ങലുകള്‍ മാത്രം ബാക്കിയാവുകയാണ്. നിന്റെ വേര്‍പാട്, ഞങ്ങളിലുണ്ടാക്കിയ ഞെട്ടല്‍, മരവിപ്പ്, ദുഃഖം, കുറ്റബോധം അങ്ങനെ, എന്തെല്ലാമോ ചിന്തകള്‍ ഞങ്ങളെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്നു. നിന്റെ ഇല്ലായ്മക്ക് ഇത്രത്തോളം തീവ്രതയുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു മോനേ.. നിനയ്ക്ക് പ്രാപ്തമായ ചികിത്സ നല്‍കുന്നതില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചോ, എന്ന തോന്നല്‍ എന്റെ മനസ്സിനെ, ഇപ്പോഴും ആഴത്തില്‍ കൊത്തിപ്പറിക്കുന്നുണ്ട്. മറവി എന്ന അനുഗ്രഹം ഞങ്ങളില്‍ നിന്ന് അകന്നകന്ന് പോവുകയാണെന്ന് തോന്നുന്നു. മനസ്സിലെ ഏത് മുറിവിനേയും കാലം മായ്ച്ച് കളയുമെന്ന് പറയുന്നത്. കേവലം ഒരലങ്കാര പ്രയോഗം മാത്രമാണെന്ന് ഞങ്ങളിപ്പോള്‍ തിരിച്ചറിയുന്നുണ്ട്.
ജീവനില്ലാത്ത മൂന്ന് വര്‍ഷത്തെ ജീര്‍ണ്ണതയ്ക്കിടയില്‍, ഒരു സെക്കന്റ് പോലും നിന്നെക്കുറിച്ചുള്ള ദീപ്തമായ ചിന്തകളില്‍ നിന്ന് ഞങ്ങള്‍ക്ക് മോചനം കിട്ടുന്നില്ല. നിന്റെ പ്രായത്തിലുള്ള ഏതൊരു കുട്ടിയെ കാണുമ്പോഴും, ഞങ്ങള്‍ അനുഭവിയ്ക്കുന്ന അവസ്ഥ, അത്, വിവരിക്കാനുമാകില്ല. എന്നും നീ ഒപ്പമുണ്ടാകുമെന്ന മൂഢ വിചാരവുമായി, അഹങ്കരിച്ചത് കൊണ്ടാകാം, സര്‍വ്വശക്തനായ നാഥന്‍, അവന്റെ സന്നിധിയിലേക്ക് നിന്നെ, ഞങ്ങള്‍ക്ക് മുന്നേ തിരിച്ച് വിളിച്ചത്.!
റമസാന്‍ മാസത്തെ വരവേല്‍ക്കാനായി വീടും, പരിസരവും ശുചീകരിക്കെ, അതെല്ലം ഞാന്‍ വീണ്ടും സ്പര്‍ശിച്ചു. നിധി പോലെ, ഞങ്ങള്‍ സൂക്ഷിക്കുന്ന നിന്റെ സ്‌കൂള്‍ ബാഗ്... നിന്റെ സ്പര്‍ശവും, കയ്യക്ഷരങ്ങളും പതിഞ്ഞ പാഠപുസ്തകങ്ങള്‍.. ഉടുപ്പുകള്‍.. ഷൂ.. ചെരുപ്പ്.. പന്ത്.. മറ്റ് കളിപ്പാട്ടങ്ങള്‍.. നീ ഉപയോഗിച്ച ടൂത്ത്ബ്രഷ് എല്ലാമെല്ലാം വീണ്ടുമെടുത്ത്, ഉമ്മ നല്‍കി വീണ്ടും ഞാന്‍ അടുക്കി വെച്ചു. നമ്മുടെ അലമാര കതകില്‍ നീ ഒട്ടിച്ച് വെച്ച ചിത്രങ്ങള്‍, ഇപ്പോഴും അതേ പടിയുണ്ട്. നിന്റെ അരികില്‍ എത്തുവോളം ഞങ്ങള്‍ക്കത് പറിച്ച് കളയാനാകില്ല. ദുഃഖം മറക്കാന്‍ അത് ഞങ്ങളെ സഹായിക്കുമെന്ന തോന്നലുമുണ്ട്. നിന്റെ ഖബറിനരികെ വന്ന് എല്ലാം ഞാന്‍ നിന്നാട് പറഞ്ഞതാണല്ലോ.! 'ഷാനു ഇത്ത' കഴിഞ്ഞ ജനുവരിയില്‍ പ്രസവിച്ചു. ആണ്‍കുട്ടിയാണ്. നിന്റെ പേര് തന്നെയാണ് ഞാനവന് ഇട്ടിരിക്കുന്നത്. ഹാഫിസ്‌മോന്‍.! ആദ്യമായി അവനെ, കുഞ്ഞുമോനേ എന്ന് വിളിച്ചപ്പോള്‍, എന്റെ മനസ്സെവിടെയോ കുത്തിക്കീറിയ പോലെ തോന്നി.
പുണ്യ റമസാന്‍ വന്നെത്തുമ്പോള്‍, നിന്നെക്കുറിച്ച് എഴുതാന്‍ കൂട്ടിവെച്ച വാചകങ്ങള്‍ക്ക് പോലും, നിന്റെ മണം എനിയ്ക്ക് അനുഭവപ്പെടുന്നുണ്ട്. നിന്നെക്കുറിച്ച് ഞാനിങ്ങനെയൊക്കെ ഓര്‍മ്മപ്പെടുത്തുന്നതിലൂടെ നിന്നേയും, എന്നേയും അറിയുകയും, സ്‌നേഹിക്കുകയും ചെയ്യുന്ന സുമനസ്സുകളുടെ പ്രര്‍ത്ഥനയ്ക്ക് വേണ്ടിയാണ്. കുഞ്ഞുമക്കളെ അകാലത്തില്‍ നഷ്ടപ്പെട്ട. ഓരോ മാതാ-പിതാക്കള്‍ക്കളുടെ ആശ്വാസത്തിന് വേണ്ടിയും..!
നെല്ലിക്കുത്ത് ഹനീഫ.
Content Summary : Fathers heart touching social media post about son