രാത്രി ഫോണിൽ കളിച്ചു 11 കാരൻ: ഉറങ്ങാൻ അനുവദിക്കാതെ 17 മണിക്കൂർ ഗെയിം കളിപ്പിച്ച് അച്ഛൻ
Mail This Article
ഒഴിവുസമയം മുഴുവൻ ഫോണിൽ ചിലവിടുന്നവരാണ് ഇന്നത്തെ കുട്ടികളിൽ ഏറിയ പങ്കും. ചെറിയ പ്രായത്തിൽ തന്നെ മൊബൈൽ ഫോണും ടിവിയുമടക്കം എല്ലാ സാങ്കേതികവിദ്യകളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർ പഠിച്ചു വയ്ക്കുകയും ചെയ്യും. എന്നാൽ മൊബൈൽ ഗെയിമുകൾക്ക് അടിമപ്പെട്ടു പോയ കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കുക എന്നത് മാതാപിതാക്കൾക്ക് തീരാ തലവേദനയാണ്. അടിച്ചും ഫോൺ പിടിച്ചു വാങ്ങിവച്ചുമൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും അവയൊന്നും പൂർണമായി ഫലപ്രദമാകണമെന്നില്ല. എന്നാൽ 11കാരനായ തന്റെ മകനെ ഒരു പാഠം പഠിപ്പിക്കാൻ ചൈനക്കാരനായ അച്ഛൻ നടത്തിയ കടുംകൈയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. മൊബൈൽ ഗെയിം കളി അവസാനിപ്പിക്കാൻ തയ്യാറാകാത്ത മകനെ 17 മണിക്കൂർ ഉറങ്ങാൻ അനുവദിക്കാതെ നിർബന്ധിച്ച് ഗെയിം കളിപ്പിക്കുകയായിരുന്നു ഈ അച്ഛൻ.
രാത്രി ഒരുമണി സമയത്തും മകൻ ഉറങ്ങാതെ ഗെയിം കളിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു അച്ഛന്റെ അറ്റകൈ പ്രയോഗം. പലതവണ പറഞ്ഞിട്ടും അനുസരണയില്ല എന്ന് മനസ്സിലായതോടെ ഗെയിം കളിക്കാനായി അദ്ദേഹം മകന് കാവലിരുന്നു. അച്ഛൻ പറയുന്ന അത്രയും സമയം ഗെയിം കളിക്കണം എന്നതായിരുന്നു നിർദ്ദേശം. എന്നാൽ അല്പസമയം കഴിഞ്ഞപ്പോഴേക്കും കുട്ടിക്ക് മടുപ്പ് തോന്നിയെങ്കിലും നിർത്താൻ അദ്ദേഹം അനുവദിച്ചില്ല. ഉറക്കം വന്നിട്ടും കിടക്കാൻ അനുവദിക്കാതെ ഗെയിം കളിക്കാനായിരുന്നു അച്ഛന്റെ ശാസന. വൈകുന്നേരം 6:30 വരെ ഒരേ നിലയിൽ ഇരുന്നു മകന് ഗെയിം കളിക്കേണ്ടി വന്നു.
ഇതിനിടെ പലയാവർത്തി മകൻ മാപ്പ് പറഞ്ഞെങ്കിലും ശിക്ഷയിൽ നിന്നും പിന്തിരിയാൻ അച്ഛൻ തയ്യാറായില്ല. ഒടുവിൽ മകൻ തളർന്ന് ഛർദ്ദിച്ചപ്പോൾ മാത്രമാണ് ശിക്ഷ അവസാനിപ്പിക്കാൻ അച്ഛൻ കൂട്ടാക്കിയത്. ഇത്തരം സാങ്കേതിക വിദ്യകൾ അമിതമായി ഉപയോഗിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് മകന് അനുഭവത്തിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു തന്റെ ലക്ഷ്യം എന്ന് അച്ഛൻ പറയുന്നു.
മകനു ശിക്ഷ നൽകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി അദ്ദേഹം ചൈനീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗെയിം കളിക്കുന്നതിനിടെ പലയാവർത്തി ഉറക്കം തൂങ്ങിയ മകനെ അച്ഛൻ വിളിച്ച് എഴുന്നേൽപ്പിച്ച് ഗെയിം കളിപ്പിക്കുന്നത് വിഡിയോയിൽ കാണാം. ശിക്ഷയ്ക്കുശേഷം താൻ ഇനി കൃത്യസമയത്ത് ഉറങ്ങിക്കോളാം എന്നും മൊബൈൽ ഗെയിം കളിയുടെ സമയം പരമാവധി കുറയ്ക്കാമെന്നും മകൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ശിക്ഷാരീതി വളരെ ഫലപ്രദമായെന്നും എന്നാൽ ഇത് മറ്റാരും മക്കളിൽ പരീക്ഷിച്ചു നോക്കരുത് എന്നും ഫെസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർക്കാനും അച്ഛൻ മറന്നില്ല.
എന്നാൽ സംഭവം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് കുട്ടികളെ മൊബൈലിൽ നിന്നും മാറ്റി നിർത്താൻ ഇതല്ല ഇതിനപ്പുറവും ചെയ്യേണ്ടി വരുമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ ഒരു 11 വയസ്സുകാരന് ഇത്രയും കടുത്ത ശിക്ഷ നൽകേണ്ടിയിരുന്നില്ല എന്നും ഉറങ്ങുന്ന സമയത്ത് പോലും ഉപയോഗിക്കത്തക്ക രീതിയിൽ കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ നൽകിയ മാതാപിതാക്കളാണ് ഈ ശിക്ഷ അർഹിക്കുന്നത് എന്നുമാണ് മറ്റൊരു കൂട്ടരുടെ വാദം.
Content Summary : Father forces 11 year old son to play video games for 17 hours