കുട്ടികളുടെ പേരെഴുതിയ വസ്ത്രങ്ങൾ ധരിപ്പിക്കരുത്; മുന്നറിയിപ്പുമായി യുവതി
Mail This Article
കുട്ടികളുടെ പേര് പ്രിന്റ് ചെയ്ത വസ്ത്രങ്ങളോ മറ്റു ആക്സസറികളോ വാങ്ങി നൽകരുതെന്ന മുന്നറിയിപ്പുമായി ദനാഹ് ഇവ് എന്ന യുവതി. അപരിചിതർ കുട്ടിയുടെ പേര് മനസ്സിലാക്കാനും അവരെ പരിചയം നടിച്ച് കൂട്ടികൊണ്ടു പോകാനും ഇത് കാരണമാകുമെന്നാണ് ദനാഹ് ഇവ് ചൂണ്ടികാട്ടുന്നത്. വസ്ത്രങ്ങളിലും ബാഗുകളിലും കുട്ടികളുടെ പേരുകൾ കസ്റ്റമൈസ് ചെയ്യുന്ന രീതി വ്യാപകമാണെന്നും ഇത് കുറ്റവാളികൾ ദുരുപയോഗപ്പെടുത്തുന്നതായും ദനാഹ് ചൂണ്ടി കാട്ടുന്നു.
തന്നെ പേരെടുത്ത് വിളിക്കുന്ന അപരിചിതൻ കുട്ടിയിൽ കൗതുകമുണ്ടാകും. മാതാപിതാക്കളുടെ സുഹൃത്താണെന്നും അവരെ കൂട്ടികൊണ്ടു പോകാൻ വന്നതാണെന്നും പറയും. പേര് വിളിച്ച് സംസാരിക്കുന്ന അപരിചിതനെ കുട്ടി വിശ്വാസത്തിലെടുക്കാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് കുട്ടികളുടെ പേര് അപരിചിതർക്ക് മനസ്സിലാകുന്ന തരത്തിലുള്ള വസ്തുക്കൾ ഒഴിവാക്കാൻ ദനാഹ് നിർദേശിക്കുന്നത്.
ചിരിക്കുന്ന മുഖവും സൗമ്യതയും ആവരണമാക്കിയാണ് കുറ്റവാളികൾ വരുന്നത്. അവർ പേര് വിളിച്ച് ചിരിച്ചു കാണിക്കുകയും പരിചയം ഭാവിക്കുകയും ചെയ്യുമ്പോൾ കുട്ടികൾ വിശ്വസിച്ചു പോകുന്നതു സ്വാഭാവികമാണെന്നും 32 കാരിയും ഒരു പെൺകുട്ടിയുടെ അമ്മയുമായി ദനാഹ് പറയുന്നു. ക്രിമിനോളജിയിലും സൈക്കോളജിയിലും ബിരുദദാരിയാണ് ഇവർ. ഇൻസ്റ്റഗ്രാമിൽ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി പങ്കുവച്ച വിഡിയോ ശ്രദ്ധ നേടി. പലരും ദനാഹിന്റെ നിർദേശത്തിന് നന്ദി അറിയിച്ചു.
Content Summary : Personalized labeling on children's items can put them at risk