ADVERTISEMENT

കൊച്ചുകുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ എപ്പോഴും കണ്‍ഫ്യൂസ്ഡായിരിക്കും. പണ്ടൊക്കെ കുട്ടികളെ മര്യാദ പഠിപ്പിക്കുന്നത് അടിച്ചും വേദനിപ്പിച്ചുമൊക്കെയായിരുന്നുവെങ്കില്‍ ഇന്നത്തെ മാതാപിതാക്കള്‍ കുറച്ചുകൂടി സൗമ്യമായി ഇടപെടാനും കാര്യങ്ങളെ പൊസിറ്റീവായി സമീപിക്കാനും ഇഷ്ടപ്പെടുന്നവരാണ്. ഇന്നത്തെ മാതാപിതാക്കളുടെ രീതി തന്നെയാണ് ശരിയെന്ന് വിദഗ്ദര്‍ പറയുന്നു. രണ്ട് വയസ്സുള്ള കുഞ്ഞുങ്ങളെ എങ്ങനെയാണ് അച്ചടക്കം പഠിപ്പിക്കേണ്ടത്? അവരോട് ഇടപെടേണ്ട രീതികളെക്കുറിച്ച് വിദ്ഗ്ദരുടെ അഭിപ്രായം പരിശോധിച്ചാലോ? 

1. നിങ്ങള്‍ എപ്പോഴും കുട്ടിയോട് എല്ലാ കാര്യങ്ങള്‍ക്കും നോ പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ അതവര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. ഏതാണ് പ്രധാനമെന്നും ഏതാണ് ശരിക്കും ചെയ്യാന്‍ പാടില്ലാത്തതെന്നും കുട്ടിക്ക് മനസ്സിലാക്കാന്‍ കഴിയില്ല. പകരം അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. ചെറിയ കാര്യങ്ങളില്‍ അഭിനന്ദിക്കുക. ഏതാണ് വേണ്ടതെന്നും ഏതാണ് വേണ്ടാത്തതെന്നും കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുക. 

2. കുട്ടികള്‍ക്ക് വളരെയധികം ക്രെയ്‌സുള്ള ചില കാര്യങ്ങളുണ്ടാകും. അത്തരം കാര്യങ്ങള്‍ അവര്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ല. എത്ര വഴക്കു പറഞ്ഞാലും തല്ലിയാലും അവരത് ആവര്‍ത്തിച്ചെന്ന് വരും. ചുമരില്‍ കുത്തി വരക്കുന്നതും ടിഷ്യൂ റോള്‍ വിടര്‍ത്തിക്കളയുന്നതുമൊക്കെ അവരുടെ ചില വിനോദങ്ങളാണ്. ഇത്തരം സാഹചര്യങ്ങളില്‍ അവരെ ബലമായി തിരുത്താന്‍ ശ്രമിക്കുന്നതിനു പകരം ആ സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പെന്‍സിലുകള്‍ മാറ്റിവെയ്ക്കാം, ടിഷ്യൂ അവരുടെ കയ്യെത്താത്ത ഉയരത്തില്‍ വെക്കാം തുടങ്ങിയ പോംവഴികള്‍ നോക്കാം. കാരണം എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ളപ്പോള്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം. 

3. കുട്ടികളെ ഒരു കാര്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് പെട്ടന്നാകരുത്. അവര്‍ക്കിഷ്ടപ്പെട്ട സാഹചര്യത്തില്‍ നിന്ന് മാറ്റേണ്ടി വന്നാല്‍ അത് അപ്രതീക്ഷിതമായിട്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാം. പകരം സാവധാനം അതേക്കുറിച്ച് അവര്‍ക്ക് ബോധ്യം നല്‍കിയതിനു ശേഷമായിരിക്കണം. ഉദാഹരണത്തിന് പാര്‍ക്കിലുള്ള കുട്ടിയെ പെട്ടന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ ശ്രമിച്ചാല്‍ അതവര്‍ അംഗീകരിക്കില്ല. കരഞ്ഞ് ബഹളം വെച്ചാവാം അവര്‍ പ്രതികരിക്കുക. അതിനാല്‍ നേരത്തേ തന്നെ പറയുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ നമ്മല്‍ വീട്ടിലേക്ക് പോകും എന്ന്. പിന്നീട് പോകാറാകുമ്പോള്‍ വീണ്ടും പറയുക കുറച്ചുകൂടി കഴിയുമ്പോള്‍ നമുക്ക് പോകണം എന്ന്. അങ്ങനെ തിരിച്ചു പോകണം എന്ന കാര്യം അവരുടെ മനസ്സില്‍ ഉറപ്പിക്കാം. പിന്നീട് അവരെ അനുസരിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. 

4. കുട്ടികളോട് പറയുന്ന കാര്യങ്ങളില്‍ സ്ഥിരത കാണിക്കുക. ഇന്ന് അഭിനന്ദിച്ച കാര്യത്തിന് നാളെ വഴക്കു പറഞ്ഞാല്‍ കുട്ടികള്‍ക്ക് അത് മനസ്സിലാക്കാന്‍ പ്രയാസമാകും. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അവര്‍ക്ക് മനസ്സിലാകില്ല. കാരണം കുട്ടികളുടെ റോള്‍ മോഡല്‍ അവരുടെ മാതാപിതാക്കളാണ്. ബോളെറിഞ്ഞ കുട്ടിയെ ചിരിച്ചുകൊണ്ട് സപ്പോര്‍ട്ട് ചെയ്ത മാതാപിതാക്കള്‍ മറ്റൊരു ദിവസം കുട്ടി ബോളെറിഞ്ഞത് കണ്ട് വഴക്കു പറഞ്ഞാല്‍ കുട്ടി കണ്‍ഫ്യൂഷണിലാകും. താനെന്താണ് ശരിക്കും ചെയ്യേണ്ടതെന്ന് അവര്‍ക്ക് മനസ്സിലാകാതെ വരും. അതിനാല്‍ അവരോട് പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുക. നോ പറയേണ്ട കാര്യങ്ങളില്‍ മാത്രം നോ പറയുക. അഭിനന്ദിക്കേണ്ട കാര്യങ്ങളില്‍ തീര്‍ച്ചയായും അഭിനന്ദിക്കുക.

Content Highlights: Parenting | Children | Kidz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com