കുഞ്ഞുമക്കളും പിന്നെ മുത്തച്ഛനും മുത്തശ്ശിയും; ഊട്ടിയുറപ്പിക്കാം ഈ സ്നേഹബന്ധം
Mail This Article
തിരക്കേറിയ ജീവിതത്തില്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളോടൊപ്പമിരിക്കാനോ അവരെ ശ്രദ്ധിക്കാനോ ഒന്നും സമയം കിട്ടാറില്ല. കുഞ്ഞുങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന ഈ കുറവ് പലപ്പോഴും നികത്താറുള്ളത് കുടുംബത്തിലെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സാന്നിധ്യം കൊണ്ടാണ്. പേരക്കുട്ടികളെ നോക്കാനായി വിദേശത്തേക്ക് മുത്തച്ഛനും മുത്തശ്ശിയുമൊക്കെ കുടിയേറുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഏറ്റവും ഊഷ്മളമായ ഈ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകള്‍ നോക്കിയാലോ...
കുഞ്ഞുങ്ങളോട് അവരുടെ പഴയ കഥകള്‍ പറയട്ടെ
സീനിയര്‍ വേള്‍ഡിന്റെ സഹസ്ഥാപകനായ എം പി ദീപു പറയുന്നത് മുത്തച്ഛനും മുത്തശ്ശിയും അവരുടെ കുടുംബകഥകളും പഴയ സംഭവങ്ങളുമൊക്കെ കുഞ്ഞുങ്ങളോട് പറയുന്നത് മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നാണ്. കുട്ടികള്‍ക്ക് പഴയ കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. ഇതുവഴി ഒരു പുസ്തകത്തിലും ലഭിക്കാത്ത ഒരു തലമുറയുടെ അനുഭവസമ്പത്താണ് കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നത്. മാത്രമല്ല ഇത് അവര്‍ പരസ്പരമുള്ള ബന്ധം കൂടുതല്‍ ബലപ്പെടുത്തും.
കുഞ്ഞുങ്ങള്‍ അവരില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കട്ടെ
മുത്തച്ഛനും മുത്തശ്ശിക്കുമൊക്കെ ആഴത്തില്‍ അറിവുകളുള്ള ഒരുപാട് കാര്യങ്ങളുണ്ടാകും. പൂന്തോട്ട നിര്‍മ്മാണത്തിലും സംഗീതോപകരണങ്ങളുടെ ഉപയോഗത്തിലും എന്ന് വേണ്ട ഒരായിരം കാര്യങ്ങളില്‍ അറിവുള്ള അവരില്‍ നിന്നും കുഞ്ഞുങ്ങള്‍ പഠിക്കട്ടെ. അത് കുഞ്ഞുങ്ങളുടെ അറിവ് വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല അവര്‍ക്കിടയില്‍ നീണ്ട് നില്‍ക്കുന്ന സുദൃഢമായൊരു ബന്ധം രൂപപ്പെടാന്‍ സഹായിക്കുകയും ചെയ്യും.
തലമുറ വ്യത്യാസങ്ങളെ മാനിക്കുക
മുത്തച്ഛനും മുത്തശ്ശിക്കുമൊക്കെ വ്യത്യസ്തമായ രക്ഷാകര്‍തൃ ശൈലികളും വിശ്വാസങ്ങളും ജീവിത രീതികളുമൊക്കെ ഉണ്ടായിരിക്കാം. എന്നാല്‍ ഈ വ്യത്യാസത്തെ അംഗീകരിച്ചു കൊണ്ട് അവര്‍ക്കിടയില്‍ പരസ്പര ബഹുമാനവും ധാരണയും പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്.