കുട്ടികളോടൊപ്പമുള്ള വിനോദ യാത്രകള്‍ക്ക് ഇങ്ങനെ കുറച്ച് ഗുണങ്ങളുണ്ട്
Mail This Article
കോവിഡിനെ അതിജീവിച്ച് ലോകം സാധാരണ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു. മഹാമാരിയുടെ സമയത്ത് പല കുടുംബങ്ങളിലും കൈമോശം വന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് കുട്ടികളോടൊപ്പമുള്ള യാത്രകള്‍. സമയം എത്ര പെട്ടന്നാണ് കടന്ന് പോകുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. കുഞ്ഞുങ്ങള്‍ വളരെ വേഗത്തില്‍ വളരുകയാണ്. നമ്മള്‍ നോക്കിയിരിക്കുമ്പോഴേക്കും അവര്‍ മുതിര്‍ന്ന് കഴിയും. കുട്ടികളുമായി യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാനുള്ള ചില കാരണങ്ങള്‍ നോക്കാം.
വൈകാരിക ബന്ധവും മെച്ചപ്പെട്ട സാമൂഹിക വളര്‍ച്ചയും |
കുട്ടികളോടൊപ്പമുള്ള യാത്രകള്‍ കുടുംബാംഗങ്ങള്‍ക്ക് പരസ്പരം ആരോഗ്യകരമായ സമയം നല്‍കുന്നു. അത് ആഴത്തിലുള്ള വൈകാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും നല്ല ഓര്‍മ്മകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ യാത്രകളില്‍ പുതിയ ആളുകളുമായി ഇടപഴകുന്നത് കുട്ടികളെ അവരുടെ സാമൂഹിക കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നു
മാനസിക സമ്മര്‍ദം കുറയ്ക്കുന്നു
യാത്രയ്ക്കിടയിലുള്ള പ്രകൃതിദൃശ്യങ്ങളും മറ്റ് സന്തോഷങ്ങളും കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക സമ്മര്‍ദം കുറയ്ക്കുന്നു. മാനസിക സമ്മര്‍ദങ്ങളില്‍ നിന്നുള്ള ഈ അയവ് പിന്നീടുള്ള ദിവസങ്ങളില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും മാതാപിതാക്കള്‍ക്ക് കൂടുതല്‍ നന്നായി ജോലി ചെയ്യുന്നതിനും സഹായിക്കും.
ജീവിതത്തെക്കുറിച്ചുള്ള മെച്ചപ്പെട്ട വീക്ഷണങ്ങള്‍
യാത്രകള്‍ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കാഴ്ചപ്പാടുകള്‍ വിശാലമാക്കുകയും സര്‍ഗ്ഗാത്മകതയെയും വിമര്‍ശനാത്മക ചിന്തയെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തെക്കുറിച്ച് കുറേക്കൂടി നല്ല ബോധ്യങ്ങളുണ്ടാകാന്‍ യാത്രകളവരെ സഹായിക്കുന്നു.