ADVERTISEMENT

മാതാപിതാക്കളും മക്കളും തമ്മിലുള്ള ആത്മബന്ധത്തിന് നിർവചനങ്ങളില്ല. മക്കളുടെ സംരക്ഷണവും സന്തോഷവും സുരക്ഷിതത്വവുമൊക്കെ തന്നെയാവും എല്ലാ മാതാപിതാക്കളുടെയും പ്രഥമ പരിഗണന. അതേസമയം ചുരുക്കം ചിലരെങ്കിലും ഉള്ളിലുള്ള ഈ സ്നേഹം തുറന്നു പ്രകടിപ്പിക്കാനും കുട്ടികളുമായി എന്തും തുറന്നു സംസാരിക്കാനുള്ള അടുപ്പം കാത്തുസൂക്ഷിക്കാൻ വിമുഖത കാട്ടാറുണ്ട്. എന്നാൽ മാതാപിതാക്കളുമായി സ്നേഹം പങ്കിടുകയും ആഴത്തിലുള്ള അടുപ്പം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് കുട്ടികളുടെ മാനസിക വികാസത്തിനും സ്വഭാവരൂപീകരണത്തിനും ഏറെ പ്രധാനമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം.  മാതാപിതാക്കളുമായി സ്നേഹം പങ്കിട്ട് ജീവിക്കുന്ന കുട്ടികൾ കൂടുതൽ ദയയുള്ളവരും മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവരുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നുള്ള സംഘം നടത്തിയ പഠന വിവരങ്ങൾ ഇന്റർനാഷണൽ ജേർണൽ ഓഫ് ബിഹേവിയറൽ ഡെവലപ്മെന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2000നും 2002നും ഇടയിൽ ജനിച്ച വ്യക്തികളുടെ ജീവിത സാഹചര്യങ്ങളും ഇന്നത്തെ സ്വഭാവ സവിശേഷതകളും കണക്കിലെടുത്തായിരുന്നു പഠനം. കാര്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുന്ന മൂന്നു വയസ്സ് പ്രായത്തിൽ മാതാപിതാക്കളുമായി അടുപ്പത്തിൽ പെരുമാറുന്ന കുട്ടികൾക്ക് ബാല്യകാലത്തും കൗമാര കാലത്തും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത നന്നേ കുറവാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 

അതേസമയം സമ്മർദ്ദം നിറഞ്ഞ അന്തരീക്ഷത്തിൽ വളരുകയോ മാതാപിതാക്കളുടെ ഉപദ്രവങ്ങൾ ഏറ്റുവാങ്ങുകയോ ചെയ്തിട്ടുള്ള കുട്ടികളിൽ സഹാനുഭൂതി, കരുണ, സഹജീവി സ്നേഹം തുടങ്ങിയ സാമൂഹിക ഗുണങ്ങൾ അത്ര പ്രകടമായിരുന്നില്ല.  മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന വൈകാരികമായ അടുപ്പവും പരിചരണവും സ്നേഹവും പുറംലോകവുമായി ബന്ധപ്പെടുമ്പോഴും  പ്രകടിപ്പിക്കുന്ന തരത്തിലേക്ക് കുട്ടികളിൽ സ്വാംശീകരിക്കപ്പെടുന്നുണ്ട്. ഇതുതന്നെയാണ് വളരുന്നതനുസരിച്ച് സ്വഭാവത്തിന്റെ ഭാഗമായി മാറുന്നതെന്ന് പഠന സംഘത്തിലെ അംഗമായ യൊവാനസ് കാറ്റ്സാന്റണിസ് പറയുന്നു.

പഠനത്തിനായി തിരഞ്ഞെടുത്ത വ്യക്തികൾ വിഷമതകളും സന്തോഷങ്ങളും മാതാപിതാക്കളുമായി തുറന്നു പ്രകടിപ്പിച്ചിരുന്നോ എന്നതും വിഷമസ്ഥിതിയിലായ ഒരു വ്യക്തിയെ സഹായിക്കണമെന്ന തോന്നൽ സ്വാഭാവികമായി ഉണ്ടാകാറുണ്ടോ എന്നതുമൊക്കെ പഠനവിധേയമാക്കി.  അച്ചടക്കം പഠിപ്പിക്കുന്നതിനായി മാതാപിതാക്കൾ സ്വീകരിച്ച ശിക്ഷണ രീതികളും കണക്കിലെടുത്തിരുന്നു. മൂന്നാം വയസ്സിൽ കുട്ടികൾ മാതാപിതാക്കളുമായി എത്രത്തോളം അടുപ്പം പുലർത്തുന്നുവോ അത്രത്തോളമായിരിക്കും ഒരു വ്യക്തിയുടെ സാമൂഹിക ഇടപെടലിനുള്ള പ്രാപ്തി എന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയത്.

സാമ്പത്തിക പരാധീനതകൾ കൊണ്ടും മറ്റ് സാഹചര്യങ്ങൾ കൊണ്ടും കുട്ടികളുമായി അടുത്ത് ഇടപഴകാനോ മെച്ചപ്പെട്ട ജീവിതസാഹചര്യം നൽകാനോ സാധിക്കാത്ത മാതാപിതാക്കൾക്ക് സഹായം നൽകേണ്ടതിന്റെ അനിവാര്യതയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ശിക്ഷകളിലൂടെ അച്ചടക്കം പഠിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ പ്രശ്നങ്ങളെക്കുറിച്ചും കുട്ടികളുമായി ആഴത്തിലുള്ള അടുപ്പം പ്രകടമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള അവബോധം പുതിയ മാതാപിതാക്കൾക്ക് നൽകേണ്ടതുണ്ട്.

English Summary:

Children with Deep Parental Attachment Show Increased Compassion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com