കുട്ടി നിഷേധിയാണ്! നിസ്സാരമായി കണ്ട് അവഗണിക്കരുത് ‘ഒട്ട്’ എന്ന അവസ്ഥ
Mail This Article
കുട്ടികളികൾ വാശിയും ദേഷ്യവും ഒക്കെ ഉണ്ടാകുക തികച്ചും സ്വാഭാവികമാണ്. ഇഷ്ടങ്ങൾ സാധിച്ചെടുക്കാനും ആഗ്രഹിച്ചത് നേടാനുമൊക്കെയായി കുട്ടികൾ വാശി കാണിക്കും. കുട്ടിയുടെ മാതാപിതാക്കളുടെ പെരുമാറ്റം, വളരുന്ന സാഹചര്യങ്ങൾ എന്നിവയെല്ലാം ഇതിനുള്ള കാരണമാണ്. എന്നാൽ ഇത്തരം വാശിയും ദേഷ്യവുമെല്ലാം ഒരു പരിധിവിട്ട് പോകാതെ ശ്രദ്ധിക്കണം. കാരണം കുട്ടികളിലെ നിഷേധാത്മക സ്വഭാവത്തിന് പിന്നിൽ ഒപ്പോസിഷനല്‍ ഡിഫൈന്‍റ് ഡിസോര്‍ഡര്‍’ (Oppositional Defiant Disorder- ODD) എന്ന വില്ലനാകാൻ സാധ്യതയുണ്ട്.
എന്താണ് ഒപ്പോസിഷനല്‍ ഡിഫൈന്‍റ് ഡിസോര്‍ഡര്‍’ (Oppositional Defiant Disorder- ODD) എന്ന് പല മാതാപിതാക്കൾക്കും അറിയില്ല. അതിനാൽ തന്നെ ഇത്തരം ഒരു മാനസികാവസ്ഥ കുട്ടികൾക്ക് ഉണ്ടാകാനുള്ള സാഹചര്യത്തെ അവർ മുഖവിലക്കെടുക്കുന്നുമില്ല. നല്ല പിന്തുണയും സ്വഭാവരൂപീകരണവും വേണ്ടി വന്നാൽ മനശാത്രജ്ഞരുടെ സേവനവും ആവശ്യമായ ഒന്നാണ് ഒപ്പോസിഷനല്‍ ഡിഫയന്‍റ് ഡിസോര്‍ഡര്‍’ (Oppositional Defiant Disorder- ODD). കുട്ടി സ്ഥിരം നിഷേധിയായി വളരുന്ന അവസ്ഥയാണിത്. എന്തിനോടും ഏതിനോടും നിഷേധാത്മക സമീപനം സ്വീകരിക്കുന്ന അവസ്ഥ.
മാതാപിതാക്കളോടും അധ്യാപകരോടും സഹപാഠികളോടും എന്നുവേണ്ട ആദ്യമായി പരിചയപ്പെടുന്ന വ്യക്തികളോട് പോലും ദേഷ്യം നിറഞ്ഞ സമീപനം കാണിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷണം. സഹകരണ മനോഭാവം ഇത്തരം കുട്ടികൾക്ക് കുറവായിരിക്കും. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണിത് കൂടുതല്‍. അനുസരണക്കേട്, നിഷേധസ്വഭാവം എന്നിവ തന്നെയാണ് ഈഅവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ.
ചില കുട്ടികളിൽ വളർച്ചയ്ക്ക് ആനുപാതികമായി ഈ അവസ്ഥയിൽ മാറ്റം വരാറുണ്ട്. മസ്തിഷ്കം സ്വയം വികസിച്ച് സ്വയം നിയന്ത്രണശേഷി കൈവരിക്കുകയും സാമൂഹിക നിയമങ്ങള്‍ മനസ്സിലാകുകയും ചെയ്യുന്നതോടെ ഇവർ മാറുന്നു. എന്നാൽ ഈ മാറ്റം ഉണ്ടായില്ലയെങ്കിൽ ശ്രദ്ധിക്കുക തന്നെ വേണം. ഇത്തരം സ്വഭാവം ക്രമേണ കുട്ടിയുടെ വ്യക്യതി ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കും.
ഒരു കുട്ടി നിഷേധിയാകുന്നതിനു പിന്നില്‍ ജീവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ കാരണങ്ങളുണ്ട്. മാതാപിതാക്കളാണ് ഇക്കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കേണ്ടത്. മാതാപിതാക്കളുടെ മദ്യപാനശീലം, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, സാമ്പത്തിക വിഷമതകള്‍ എന്നിവയൊക്കെ ഇത്തരം അവസ്ഥക്കുള്ള കാരണങ്ങളാണ്. ചെറുപ്പത്തിൽ കുട്ടികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉടനടി സാധിച്ചു കൊടുക്കുന്നതും വാശിക്ക് ഒപ്പം നിൽക്കുന്നതുമെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കും.
കുട്ടികളിൽ Oppositional Defiant Disorder- ODD വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് വരാതെ നോക്കുന്നതാണ്. കുട്ടികളുടെ മുന്നില്‍വെച്ച് വഴക്കിടുക, മദ്യപിക്കുക, അക്രമസ്വഭാവം കാട്ടുക എന്നിവ കര്‍ശനമായി മാതാപിതാക്കള്‍ ഒഴിവാക്കണം. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ ഇരുവരും ശ്രദ്ധിക്കണം. എന്ത് ആവശ്യം കുട്ടികൾ പറഞ്ഞാലും അത് ഉടനടി സാധ്യമാക്കരുത്. നേട്ടങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കാൻ ആദ്യം പഠിപ്പിക്കേണ്ടത് വീട്ടിൽ നിന്നാണ്.
ചെറിയ കാര്യങ്ങൾക്ക് കുട്ടികളെ അമിതമായി വഴക്ക് പറയുക, മറ്റുള്ളവരുടെ മുന്നിൽ വച്ച് ചീത്ത പറയുക തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ ഒഴിവാക്കണം. എന്തിനാണ് കുട്ടികളെ ശാസിക്കുന്നത് എന്ന കാര്യത്തിൽ അവർക്ക് കൃത്യമായ ബോധ്യം ഉണ്ടാകണം. ഇത്തരത്തിൽ മികച്ച സാഹചര്യങ്ങൾ സൃഷ്ടിച്ചാൽ മാത്രമേ Oppositional Defiant Disorder- ഒട്ട് എന്ന അവസ്ഥയിൽ നിന്നും കുട്ടികളെ അകറ്റി നിർത്താനാകൂ .