കൗമാരത്തിലെ പുകവലിശീലം, അഡിക്ഷന്റെ തലത്തിലേക്കു മാറാൻ കാരണങ്ങൾ പലത്; പരിഹാരം
Mail This Article
ചോദ്യം : എന്റെ മകൻ ഈ വർഷം പ്ലസ്ടുവിന് ആണ്. പുതിയ സ്കൂളിലേക്കു മാറുകയും ചെയ്തു. അവന്റെ കൂട്ടുകാരിലൊരാൾ പുകവലിക്കുന്നതു ഞാൻ കണ്ടു. അവനും പുകവലിക്കുന്നുണ്ടോയെന്നാണ് എന്റെ പേടി. ഇപ്പോൾ മയക്കുമരുന്നുകളെക്കുറിച്ച് ഒരുപാട് വാർത്തകൾ വരുന്നുണ്ടല്ലോ. എന്താണു ചെയ്യേണ്ടത്?
ഉത്തരം : പൊതുവേ കൗമാരപ്രായത്തിലുള്ള കുട്ടികൾക്കു പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനുള്ള പ്രവണത വളരെ കൂടുതലാണ്. എന്താണ്, എങ്ങനെയാണ് എന്ന് അറിയാനുള്ള ജിജ്ഞാസ (curiosity) ആണത്. പുകവലിക്കാൻ തുടങ്ങുന്നത് മിക്കപ്പോഴും അതനുഭവിച്ചറിയുന്നതിനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ്. കൂട്ടുകാർ പുകവലിക്കുന്നവരാണ് എങ്കിൽ അവരിൽ നിന്നുള്ള പ്രേരണയും സമ്മർദവും പലപ്പോഴും ഒരു പരീക്ഷണം എന്ന നിലയിൽ പുകവലിക്കുന്നതിനു കാരണമാകും. ഇങ്ങനെ ഒരു കൗതുകം അല്ലെങ്കിൽ പരീക്ഷണം എന്ന നിലയിൽ കൗമാരപ്രായത്തിൽ പുകവലിക്കുന്നവരിൽ നല്ലൊരു പങ്കു കുറച്ചു കഴിയുമ്പോൾ അത് നിർത്തുന്നവരാണ്. പുകവലി ശീലമാകുകയും അഡിക്ഷന്റെ തലത്തിലേക്കു മാറുകയും ചെയ്യുന്നതിന് പല കാരണങ്ങൾ ഉണ്ട്.
ജനിതക ഘടകങ്ങൾ ആകാം. മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങളാകാം. വ്യക്തിത്വപരമായ പ്രത്യേകതകളോ വൈകല്യങ്ങളോ ആകാം. സാമൂഹികമായ കാരണങ്ങളും പുകവലി ശീലമാക്കുന്നതിനു പിന്നിലുണ്ടാകാം. ഒരു കാലത്ത് പുകവലിക്കുന്നതു സാമൂഹിക അന്തസ്സിന്റെ (status symbol) ഭാഗവും ആണത്തത്തിന്റെ ലക്ഷണവും ഒക്കെ ആയി കരുതപ്പെട്ടിരുന്നു. ഒരുപാടു പേർ അതുകാരണം പുകവലിക്ക് അടിമപ്പെടാൻ ഇടയായിട്ടുണ്ട്.
കൗമാരപ്രായത്തിലെ മസ്തിഷ്കത്തിന്റെ വളര്‍ച്ചയിലുള്ള പ്രത്യേകതകൾ കാരണം, ഈ പ്രായത്തിൽ പുകവലി തുടങ്ങിയാൽ അതു ശീലമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്, പുകവലികൊണ്ടുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്നങ്ങളെക്കുറിച്ചു കുട്ടിക്ക് അറിവു നൽകുക. കൗമാര മസ്തിഷ്കത്തിന്റെ പ്രത്യേകതകളെക്കുറിച്ചു മനസ്സിലാക്കിക്കുക. കുട്ടിയോടു തുറന്നു സംസാരിക്കുകയും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതു കണ്ടെത്തി പരിഹരിക്കുകയും ചെയ്യുക.