സമ്പാദ്യത്തിന്റെ ആദ്യപാഠമേകുന്ന കാശ് കുടുക്കകള്‍; കുട്ടികളിലെ സാമ്പത്തിക സാക്ഷരത
Mail This Article
കുഞ്ഞുങ്ങളെ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുത്തേണ്ടതുണ്ടോ എന്നത് പല മാതാപിതാക്കള്‍ക്കുമുള്ള സംശയമാണ്. കുട്ടികളില്‍ സാമ്പത്തിക സാക്ഷരതയും അച്ചടക്കവും വളര്‍ത്തിയെടുക്കുന്നത് ഭാവിയില്‍ സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. കുഞ്ഞുങ്ങളുടെ സുരക്ഷിതമായ ഭാവിക്കും രാജ്യത്തിന്റെ പുരോഗതിക്കും അത് പരമപ്രധാനമാണ്. ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ സാമ്പത്തിക ആശയങ്ങളിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചു നടത്തുന്നത് ജീവിതത്തില്‍ അവശ്യം വേണ്ട സാമ്പത്തിക പക്വതയിലേക്ക് അവരെ നയിക്കും. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഒരു പഠനമനുസരിച്ച്, ചെറുപ്പത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് സാമ്പത്തിക വിദ്യാഭ്യാസം നല്‍കുകയാണെങ്കില്‍ ഭാവിയില്‍ സാമ്പത്തിക തീരുമാനമെടുക്കാനുള്ള അവരുടെ കഴിവ് കാര്യമായി മെച്ചപ്പെടുമെന്ന് പറയുന്നു.
കാശ് കുടുക്കകള്‍ പഠിപ്പിക്കുന്ന പാഠം
വളരെ പണ്ട് മുതലേ കുഞ്ഞുങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ളവയാണ് കാശ് കുടുക്കകള്‍ (piggy bank). ഒരു ചെറിയ ഹോളുള്ള പാത്രത്തിലേക്ക് കുഞ്ഞുങ്ങള്‍ അവരുടെ കൊച്ചു കൊച്ചു സമ്പാദ്യങ്ങള്‍ നിക്ഷേപിക്കുന്നു. ഈ പാത്രത്തിന് പറയുന്ന പേരാണ് കുടുക്ക. അവസാനം കുടുക്ക നിറയുമ്പോള്‍ അത് പൊട്ടിച്ചു അക്കാലമത്രയും സൂക്ഷിച്ചു വെച്ച സമ്പാദ്യം പുറത്തെടുക്കുന്നു. സമ്പാദ്യത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഇപ്പോഴും ഈ കൊച്ചു കുടുക്കള്‍ക്കാവും എന്നതാണ് വാസ്തവം.
കുടുംബത്തിലെ സാമ്പത്തിക ചര്‍ച്ചകള്‍
ചില മാതാപിതാക്കളെങ്കിലും കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മനഃപൂര്‍വം കുഞ്ഞുങ്ങളെ അതില്‍ നിന്നും ഒഴിവാക്കാറുണ്ട്. എന്നാല്‍ സാമ്പത്തിക ചര്‍ച്ചകള്‍ കുട്ടികളുടെ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. പ്രായത്തിന് അനുസരിച്ചു കുടുംബ ബജറ്റിംഗ് സംഭാഷണങ്ങളില്‍ കുട്ടികളെ ഉപ്പെടുത്തുമ്പോള്‍ സാമ്പത്തിക കാര്യങ്ങളില്‍ പ്രായോഗികമായ അറിവുകള്‍ കുട്ടികള്‍ സ്വന്തമാക്കുകയും ഒപ്പം തന്റെ കുടുംബത്തിന്റെ സാമ്പത്തിക നില മനസിലാക്കാനും അതനുസരിച്ചു കാര്യങ്ങള്‍ ക്രമപ്പെടുത്താനുമുള്ള പക്വതയിലേക്ക് അവര്‍ വളരുകയും ചെയ്യും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് (NISM) നടത്തിയ ഒരു സര്‍വേ കുടുംബത്തിലെ സാമ്പത്തിക ചര്‍ച്ചകളും കുട്ടികളിലെ മെച്ചപ്പെട്ട സാമ്പത്തിക സാക്ഷരതയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നുണ്ട്.
പ്രായത്തിന് അനുയോജ്യമായ സാമ്പത്തിക പഠനം
സാമ്പത്തിക വിദ്യാഭ്യാസം ലളിതവും കുഞ്ഞുങ്ങള്‍ക്ക് ആകര്‍ഷകവുമായ രീതിയില്‍ വേണം പകര്‍ന്ന് കൊടുക്കാന്‍. ലാഭിക്കല്‍, ചെലവഴിക്കല്‍, ബജറ്റിംഗ് തുടങ്ങിയ അടിസ്ഥാന ആശയങ്ങള്‍ എന്താണെന്ന് അവരെ പഠിപ്പിക്കണം. ഇതിനായി സംവേദനാത്മക ഗെയിമുകളും കഥകളും എല്ലാം ഉപയോഗിക്കാവുന്നതാണ്.