ആത്മവിശ്വാസമില്ലായ്മയാണ് പ്രശ്നം; മാതാപിതാക്കൾക്ക് തെറ്റു പറ്റിയത് എവിടെയാണ്?
Mail This Article
'വീട്ടിൽ അവൻ എത്ര പാട്ടുകളാണ് പാടുന്നത്, ടിവി ഓൺ ആക്കിയാൽ വരുന്ന ഓരോ പാട്ടിനും ഒപ്പം നന്നായി ഡാൻസും ചെയ്യും. പക്ഷെ ആളുകളുടെ മുന്നിൽ പോയാൽ എത്ര പറഞ്ഞാലും അനുസരിക്കില്ല. പല മാതാപിതാക്കളും പാതി കളിയായും പാതി കാര്യമായും പറയുന്ന ഒരു പരാതിയാണിത്. കുട്ടികൾ അങ്ങനെയൊക്കെയാണ് എന്ന ഒഴുക്കൻ മറുപടിയുടെ തള്ളിക്കളയേണ്ട ഒന്നല്ലയിത്. വീട്ടിൽ വളരെയേറെ ആക്റ്റിവ് ആയ ഒരു കുട്ടി വീടിന് പുറത്ത് ആക്റ്റിവ് അല്ലെങ്കിൽ അതിനുള്ള പ്രധാന കാരണം അവന്റെ ആത്മവിശ്വാസക്കുറവ് തന്നെയാണ്. ഇതു രണ്ട് വയസ് പ്രായം മുതൽ മാതാപിതാക്കൾക്ക് തിരിച്ചറിയാൻ കഴിയും.
വീട് എന്നത് പല കുട്ടികൾക്കും ഒരു കംഫർട്ട് സോൺ ആണ്. അവന്റെ യഥാർത്ഥ സ്വഭാവം, ഇഷ്ടാനിഷ്ടങ്ങൾ, ആഗ്രഹങ്ങൾ അതെല്ലാം അവൻ അവിടെ തുറന്നു പ്രകടിപ്പിക്കും. എന്നാൽ അച്ഛനമ്മമാർക്കപ്പുറമുള്ള ലോകത്ത് അവൻ തീർത്തും നിശ്ശബ്ദനാകും. ഇതിന്റെ ആദ്യ കാരണം ഇൻസെക്യൂരിറ്റിയാണ്. പുറമെയുള്ള ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന ചിന്തയാണ് ഇത്തരത്തിൽ ഒരു അരക്ഷിതഭാവം ഉണ്ടാകാനുള്ള പ്രധാന കാരണം. തുടക്കത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ സ്‌കൂളിലും സൗഹൃദങ്ങളിലുമെല്ലാം കുട്ടി ഈ അരക്ഷിതാവസ്ഥ തുടരും. ഫലമോ, കഴിവുകൾ ഏറെയുണ്ടായിട്ടും ആത്മവിശ്വാസക്കുറവ് നിമിത്തം ജീവിതത്തിൽ പരാജയം നേരിടേണ്ട അവസ്ഥയുണ്ടാകും. അല്പം ശ്രദ്ധയോടെ ഈ അവസ്ഥയെ പരിഗണിച്ചാൽ കുട്ടികളെ തികഞ്ഞ ആത്മവിശ്വാസത്തോടെ വളർത്താൻ കഴിയും
∙ ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയും നൽകുക
കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിന്റെ ആദ്യപടിയാണ് ഉപാധികളില്ലാത്ത സ്നേഹം നൽകുകയെന്നത്. എന്തു കാര്യവും തുറന്നു പറയാനും ചർച്ച ചെയ്യാനുമുള്ള അവസരവും സ്വാതന്ത്ര്യവും നൽകുക. കുട്ടികൾ വർത്തമാനം പറയാനായി അടുത്തേക്ക് വരുമ്പോൾ തിരക്കുകൾ പറഞ്ഞു ഒഴിവാക്കാതെയിരിക്കുക. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മാതാപിതാക്കൾ കൂടെ ഉണ്ടെന്ന ചിന്ത കുട്ടികളുടെ മനസ്സിൽ ആത്മാഭിമാനം വർദ്ധിക്കുന്നതിനും ആത്മവിശ്വാസത്തോടെ പെരുമാറുന്നതിനും അത്യന്താപേക്ഷിതമാണ്. മാതാപിതാക്കളുടെ ഈ പെരുമാറ്റ രീതി വീട്ടിലെ മറ്റ് അംഗങ്ങളും പിന്തുടരുക. കുട്ടികൾക്ക് അവരുടെ കാര്യങ്ങൾ തുറന്നു പറയാനും കാണിക്കാനുമുള്ള നല്ല ശ്രോദ്ധാക്കളും കാണികളും ആകേണ്ടത് വീട്ടിലെ അംഗങ്ങൾ തന്നെയാണ്.
∙ സ്വാതന്ത്ര്യ ബോധം വളർത്തുക
കുട്ടികൾക്ക് എന്ത് സ്വാതന്ത്ര്യ ബോധം എന്ന് ചോദിയ്ക്കാൻ വരട്ടെ! പ്രായത്തിനൊത്ത തീരുമാനങ്ങൾ എടുക്കുക, നടപ്പിലാക്കുക, അച്ഛനമ്മമാർ ഏൽപ്പിക്കുന്ന ചുമതലകൾ കൃത്യമായി നിറവേറ്റുക, അതേപ്പറ്റി സംസാരിക്കുക, എന്നിവയെല്ലാം കുട്ടികളിൽ ആത്മവിശവസം വർധിപ്പിക്കുന്ന കാര്യങ്ങളാണ്. സ്വയംഭരണവും കഴിവും വളർത്തിയെടുക്കാൻ ഇത് അവരെ സഹായിക്കുന്നു. അതിനാൽ ഇത്തരം ടാസ്കുകൾ നൽകേണ്ടതും അത് ശരിയായി നടപ്പിലാക്കി കുട്ടികളെ മുന്നോട്ട് നയിക്കേണ്ടതും മാതാപിതാക്കളാണ്. തന്റെ പ്രവർത്തികൾ അംഗീകരിക്കപ്പെടുന്നുവെന്ന തിരിച്ചറിവ് കുട്ടികളെ മാനസികമായി കൂടുതൽ കരുത്തരാക്കും.
∙ നടപ്പിലാക്കാൻ കഴിയുന്ന പ്രതീക്ഷകൾ നൽകുക
കുട്ടികൾക്ക് മുന്നിൽ വലിയ വലിയ ടാസ്കുകൾ നിരത്താതെ അവരെക്കൊണ്ട് യാഥാർഥ്യമാക്കാൻ കഴിയുന്ന കാര്യങ്ങൾ നൽകുക. വിചാരിച്ച കാര്യം നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കുക, ചിട്ടയോടെ പെരുമാറുക, സ്വന്തം മുറി വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിൽ നിന്നും ആരംഭിക്കുക. കുട്ടികൾ ഏറെ പ്രതീക്ഷയോടെ അവരെ ഏൽപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ കൃത്യതയോടെ ചെയ്യുമ്പോൾ അവർക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകുക. ചിലകാര്യങ്ങൾ ചെയ്യാനാകാതെ പോയാൽ നിരുത്സാഹപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതിരിക്കുക.
∙ നേട്ടങ്ങൾ ആഘോഷിക്കുക
കുട്ടി എന്തെങ്കിലും നേടിയാൽ, അത് ചെറുതായാലും വലുതായാലും, അവരുടെ നേട്ടങ്ങൾ ആഘോഷിക്കുക. ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ഇത് അവരുടെ ആത്മാഭിമാനവും പ്രചോദനവും വർധിപ്പിക്കും.
∙ ക്രിയാത്മകമായ പ്രതികരണം പ്രധാനം
കുട്ടി മാതാപിതാക്കളോട് പങ്കുവയ്ക്കുന്ന അക്കാര്യങ്ങൾ എന്തുതന്നെ ആവട്ടെ, അത് അവന്റെ നേട്ടമോ കോട്ടമോ ആവട്ടെ അവന് മാതാപിതാക്കൾ എന്ന നിലയിൽ ഒരു കൃത്യമായ, ക്രിയാത്മകമായ പ്രതികരണം നൽകേണ്ടത് അനിവാര്യമാണ്. അനാവശ്യമായ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക. കുട്ടിയുടെ ഭാഗത്തെ തെറ്റ് ചൂണ്ടി കാണിക്കുന്നത് പോലും ക്രിയാത്മകമായി മാത്രം ചെയ്യുക. ഉദാഹരണമായി പറഞ്ഞാൽ, ഹോം വർക്ക് ചെയ്യാത്ത കുട്ടിയോട് ''നീ മടിയനാണ്" എന്ന് പറയാതെ ''ഇന്ന് നീ ഹോംവർക്ക് ചെയ്യാതെ മടി കാണിച്ചു. നാളെ നീ അത് കൃത്യമായി ചെയ്ത് കാണിക്കുമല്ല '' എന്ന അരീതി സ്വീകരിക്കുക.
∙ പ്രശ്നങ്ങൾ സ്വയം പരിഹരിച്ചു വളരട്ടെ
കുട്ടിക്ക് വളർച്ചയിൽ പലവിധ തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ഈ അവസരങ്ങളിലെല്ലാം പ്രശ്ന പരിഹാരത്തിനായി മാതാപിതാക്കളുടെയോ മറ്റാരുടേയെങ്കിലുമോ സഹായത്തിനായി കാത്ത് നിൽക്കാതെ സ്വയം പരിയാഹാര നടപടികൾ സ്വീകരിച്ചു നടപ്പിലാക്കുന്നതിനുള്ള ആർജവം വളർത്തുക. ജീവിതത്തിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ, വീഴ്ചകൾ എന്നിവയെ വളർച്ചയ്ക്കുള്ള അവസരങ്ങളായി കാണാൻ അവരെ പ്രോത്സാഹിപ്പിക്കുക.
ഓർക്കുക ഒരു കുട്ടിയെ ആത്മവിശ്വാസത്തോടെ വളർത്തുകയെന്നത് കുറുക്കുവഴികൾ ഇല്ലാത്ത, നിരന്തര പരിശ്രമം അനിവാര്യമായ ഒരു കാര്യമാണ്. ക്ഷമയോടെയിരിക്കുക, സ്ഥിരമായ പിന്തുണ നൽകുക. വെല്ലുവിളികളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും വിജയങ്ങൾ അനുഭവിക്കുകയും പരാജയങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യാൻ കുട്ടിയെ സജ്ജരാകുക എന്നതാണ് പ്രധാനം.