നിങ്ങളുടെ മക്കള്‍ക്ക് ആത്മവിശ്വാസം തീരെയില്ലെന്ന് തോന്നിയിട്ടുണ്ടോ?
Mail This Article
ആത്മവിശ്വാസത്തെ ജീവിത വിജയത്തിന്റെ ആണിക്കല്ല് എന്ന് വേണമെങ്കില്‍ പറയാം. തങ്ങളുടെ മക്കള്‍ ആത്മവിശ്വാസമുള്ളവരായി വളരണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നുണ്ട്. മക്കള്‍ക്ക് വേണ്ടത്ര ആത്മവിശ്വാസമില്ല എന്ന സങ്കടപ്പെടുന്ന ഒരുപാട് മാതാപിതാക്കളുണ്ട്. കുഞ്ഞുങ്ങളിലെ ആത്മവിശ്വാസം വളര്‍ത്താന്‍ ചില നുറുങ്ങു വിദ്യകള്‍ മറക്കാതിരിക്കാം.
കൈയെത്തി പിടിക്കാനാകുന്ന നിരവധി ലക്ഷ്യങ്ങള്‍ ഒരുക്കി കൊടുക്കുക
വിജയങ്ങളുടെ ആവര്‍ത്തനം കുഞ്ഞുങ്ങളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അവനോ, അവളോ ചെയ്തിട്ട് ശരിയാകാത്ത കാര്യങ്ങളില്‍ കുറ്റപ്പെടുത്തുന്നത് കുട്ടികളിലെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ആ പ്രത്യേക കാര്യത്തില്‍ കുട്ടികള്‍ കൂടുതല്‍ മോശമാകുന്നതിനു കാരണമാവുകയും ചെയ്യും. അതേ സമയം അവര്‍ക്ക് ചെയ്യാന്‍ എളുപ്പമുള്ള ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കൊടുക്കുക. അതിലവര്‍ വിജയിക്കുമ്പോള്‍ തങ്ങള്‍ക്ക് നന്നായി ചെയ്യാന്‍ കഴിയും എന്ന ബോധ്യം വളരും. വിജയത്തിന്റെ മധുരം നുകരുന്ന കുട്ടികള്‍ വിജയത്തിനായി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
കുട്ടികള്‍ സ്വയം തീരുമാനങ്ങളെടുക്കട്ടെ
കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ അനുവദിക്കുന്നത് അത്യന്താപേക്ഷിതമാണ്. ചെറിയ പ്രായത്തില്‍ തന്നെ സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ ഭാവിയിലും ഉത്തരവാദിത്തപൂര്‍ണ്ണവും സ്വതന്ത്രവുമായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരായിരിക്കും. നേരെ മറിച്ച്, കുട്ടിയുടെ എല്ലാ കാര്യങ്ങളും മാതാപിതാക്കള്‍ തീരുമാനിക്കുമ്പോള്‍ സ്വന്തമായി ഒന്നിനും കൊള്ളാത്തവനായ ഒരു പൗരനെയായിരിക്കും സൃഷ്ടിക്കുന്നത്. അവരുടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതായാലും പാഠ്യേതര പ്രവര്‍ത്തനം തീരുമാനിക്കുന്നതായാലും മാതാപിതാക്കള്‍ നല്‍കുന്ന സ്വാതന്ത്ര്യം മെച്ചപ്പെട്ട, ഉത്തരവാദിത്തമുള്ള പൗരന്മാരെ സൃഷ്ടിക്കും.
അഭിനന്ദിക്കാന്‍ മറക്കരുത്
നിങ്ങള്‍ക്ക് താല്പര്യമുള്ളതോ അല്ലാത്തതോ ആയ ഏതെങ്കിലും വിഷയത്തില്‍ നിങ്ങളുടെ കുഞ്ഞിന് താത്പര്യമുണ്ടെന്ന് കണ്ടാല്‍, അതിലവര്‍ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ടെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പിശുക്ക് കാണിക്കേണ്ടതില്ല. നിങ്ങളുടെ ഒരു അഭിനന്ദനം അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന് മാത്രമല്ല നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളതുമാണ്. അതിനാല്‍ കുഞ്ഞുങ്ങളുടെ കഴിവുകള്‍ കാണുമ്പോള്‍ നിര്‍ബന്ധമായും അവരെ പ്രോത്സാഹിപ്പിക്കുക.
ആരോഗ്യകരമായ ഒരു സ്വത്വബോധം കുഞ്ഞുങ്ങളില്‍ സൃഷ്ടിക്കുക
കുട്ടിയുടെ കഴിവുകളും നന്മ ചെയ്യാനുള്ള വാസനയും പ്രോത്സാഹിപ്പിക്കുകയും അതിനെ അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ അവരറിയാതെ തന്നെ അവരില്‍ ആരോഗ്യകരമായ സ്വന്തം പ്രതിച്ഛായ ഉണ്ടായി വരും. ഒരു കുഞ്ഞിന് തന്നോട് തന്നെയുള്ള മതിപ്പിലാണ് ആത്മവിശ്വാസം ഉടലെടുക്കുന്നത്.