കുട്ടികളെ അത്രയ്ക്കങ്ങു കൊച്ചാക്കണ്ട, പ്രതീക്ഷകൾ അടിച്ചേൽപ്പിക്കുകയും വേണ്ട
Mail This Article
കുട്ടികളുടെ വ്യക്തിപരവും സാമൂഹികവുമായ വളർച്ചയ്ക്ക് വേണ്ടി അഹോരാത്രം അധ്വാനിക്കുന്നവരാണ് മാതാപിതാക്കൾ. കുട്ടികളുടെ നന്മയ്ക്ക് വേണ്ടി സ്വന്തം സുഖങ്ങളും സന്തോഷങ്ങളും മാറ്റിവെച്ചു പലപ്പോഴും ത്യാഗത്തിന്റെ പാത പിന്തുടരുന്നവരാണ് അവർ. എന്നാൽ മാതാപിതാക്കളിലെ ചില തെറ്റായ പ്രവണതകളും തെറ്റിദ്ധാരണകളും കുട്ടികൾക്ക് ദോഷകരമായി മാറാറുണ്ട്. അത്തരം ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
നിങ്ങളുടെ കുട്ടിയെ വില കുറച്ചു കാണുന്നത്
മാതാപിതാക്കൾ കുട്ടികളെ ചിലപ്പോഴെങ്കിലും വില കുറച്ചു കാണുന്ന ഒരു പ്രവണത നമ്മൾ കാണാറുണ്ട്. അവൻ കുഞ്ഞല്ലേ, അവനതൊക്കെ മനസ്സിലാകുമോ, അവളെക്കൊണ്ടത് ചെയ്യാൻ പറ്റുമോ എന്നൊക്കെയുള്ള വിശേഷങ്ങളാണ് ഇതിന് അലങ്കാരമായി ഉപയോഗിക്കാറുള്ളത്. എന്നാൽ പലപ്പോഴും നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അതിനപ്പുറം ചെയ്യാൻ കഴിവുണ്ടാകും എന്നതാണ് വാസ്തവം. അവർക്ക് പറ്റില്ലെന്ന് പറഞ്ഞു മാറ്റി നിർത്താതെ അവർക്ക് അവസരങ്ങൾ കൊടുക്ക്. അവർ നിങ്ങളെ അതിശയിപ്പിക്കുന്ന റിസൾട്ട് ഉണ്ടാക്കും.
യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ അടിച്ചേൽപ്പിക്കുന്നത്
നമ്മൾ തൊട്ടു മുൻപ് പറഞ്ഞ കാര്യത്തിന് നേരെ വിപരീതമാണ് ഇനി പറയുന്നത്. ചില മാതാപിതാക്കൾ കുട്ടികളിൽ യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ അടിച്ചേൽപ്പിക്കാറുണ്ട്. യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളായിരിക്കും മാതാപിതാക്കളുടെ സ്വപ്നങ്ങളിലുള്ളത്. സംഗീതവുമായി യാതൊരു ബന്ധമോ ഇഷ്ടമോ ഇല്ലാത്ത തന്റെ കുട്ടി, റിയാലിറ്റി ഷോകളിൽ കപ്പുയർത്തുന്നത് സ്വപ്നം കാണുന്ന അതിന് വേണ്ടി കുട്ടിയെ ഞെരുക്കുന്ന മാതാപിതാക്കൾ ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് കുട്ടികളെ തള്ളി വിടുന്നത്. ഇത് കുട്ടികളിൽ കടുത്ത സമ്മർദ്ദത്തിനും അനാവശ്യമായ ഉത്കണ്ഠയ്ക്കും തങ്ങളെപ്പറ്റി തന്നെയുള്ള മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. പൂർണത ആവശ്യപ്പെടുന്നതിനുപകരം മാതാപിതാക്കൾ അവരുടെ കുട്ടികളുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയുമാണ് വേണ്ടത്.
പഠിക്കാത്തവൻ പതിര് ആകുന്നത്
പഠിക്കാത്ത കുട്ടികൾ മാതാപിതാക്കളുടെ ഒരു വലിയ തലവേദനയാണ്. മത്സരാധിഷ്ഠിതമായ ഒരു ലോകത്ത് കുട്ടികൾ മാതാപിതാക്കൾ ആഗ്രഹിക്കുന്ന രീതിയിൽ അക്കാദമിക്ക് മേഖലയിൽ വളർന്ന് വരുന്നില്ലെങ്കിൽ മാതാപിതാക്കളുടെ ഉത്കണ്ഠ വർധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ഇക്കാര്യത്തിന് കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് പകരം എന്താണ് അവരുടെ യഥാർത്ഥ പ്രശ്നമെന്ന് കണ്ടെത്താൻ ശ്രമിക്കുക. ഇതിനായി അധ്യാപകരുടെയോ ആവശ്യമെങ്കിൽ മനഃശാസ്ത്രജ്ഞരുടെയോ ഒക്കെ സഹായം തേടാവുന്നതാണ്. എന്നിരുന്നാലും വിദ്യാഭ്യാസം ജീവിതമല്ല, ജീവിതത്തിന്റെ ഭാഗമാണ് എന്ന് മാതാപിതാക്കൾ തിരിച്ചറിയണം. കുട്ടികളുടെ ഇഷ്ടമേഖല കണ്ടെത്തി പരിപോഷിപ്പിക്കുന്ന കാര്യം മറക്കുകയുമരുത്.
ശാരീരികമോ മാനസികമോ ആയ മർദ്ദനമുറകൾ ഉപയോഗിക്കുന്നത്
കുട്ടികളെ നിയന്ത്രിക്കുന്നതിനും അവരെ നേർവഴിക്ക് നടത്തുന്നതിനും പണ്ട് മുതൽക്കേ പ്രസിദ്ധമായ ഒരു രക്ഷാകർത്ര രീതിയാണ് ശാരീരികമായ മർദ്ദനമുറകൾ ഉപയോഗിക്കുന്നത്. പല മാതാപിതാക്കളും അവരുടെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴും തല്ലി പഴുപ്പിക്കുന്ന ഈ രീതി ഉപയോഗിക്കാറുണ്ട്. ശാരീരികമായ മർദനത്തോടൊപ്പം വൈകാരികമായ ആക്രമണങ്ങളും ചില മാതാപിതാക്കൾ നടത്താറുണ്ട്. ഇത്തരം പ്രവണതകൾ കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മാതാപിതാക്കൾ അവരുടെ വികാരങ്ങൾ നിയന്ത്രിക്കേണ്ടതും കുട്ടികളുടെ അച്ചടക്കത്തിനും വളച്ചയ്ക്കുമായി ക്രിയാത്മകമായ വഴികൾ കണ്ടെത്തേണ്ടതും അത്യാവശ്യമാണ്.
കുട്ടികളെ താരതമ്യപ്പെടുത്തി തോൽപ്പിക്കുന്നത്
കുട്ടികളെ അവരുടെ സഹോദരങ്ങളുമായോ സമപ്രായക്കാരുമായോ നിരന്തരം താരതമ്യം ചെയ്യുന്നത് അവരിൽ അനാവശ്യമായ ഉത്കണ്ഠയും സ്പർദ്ധയും അസൂയയും ഉണ്ടാകുന്നതിന് കാരണമാകും. ഫലത്തിൽ, നിങ്ങൾ ആഗ്രഹിക്കുന്ന നന്മയ്ക്ക് പകരം മോശം അവസ്ഥയായിരിക്കും കുട്ടികളിൽ ഉണ്ടാകുന്നത്. സ്വന്തം മക്കളുടെ കഴിവുകളെ അഭിനന്ദിക്കുകയും ആ കഴിവുകൾ പരിപോഷിപ്പിക്കാൻ അവസരമൊരുക്കുകയുമാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.