വടിയെടുക്കാതെയും ഒച്ചയെടുക്കാതെയും എങ്ങനെ കുട്ടികളെ വളര്‍ത്താം
Mail This Article
കുട്ടികളെ തല്ലാതെയും അവരോട് ഒച്ചയില്‍ ആക്രോശിക്കാതെയും രക്ഷാകര്‍തൃത്വം സാധ്യമല്ലെന്ന് വിശ്വസിക്കുന്ന നിരവധി മാതാപിതാക്കള്‍ നമുക്ക് ചുറ്റിലുമുണ്ട്. കുട്ടികളെ ഒരുപാട് തല്ലിയിട്ടും യാതൊരു മാറ്റവും കാണാതെ വരുമ്പോള്‍ വല്ലാതെ നിരാശ്ശപ്പെടുന്ന മാതാപിതാക്കളെയും നമ്മള്‍ കണ്ടിട്ടുണ്ട്. കുട്ടികളെ തല്ലാതെയും രക്ഷാകര്‍തൃത്വം സാധ്യമാണ് എന്ന കാര്യം വിസ്മരിക്കാതിരിക്കാം. അച്ചടക്കം അടിയുടെ പര്യായമായിരിക്കണമെന്ന ധാരണയെ നിരാകരിച്ചുകൊണ്ട് ക്രിയാത്മകമായ ഒരു ബദല്‍ രക്ഷാകര്‍തൃത്വം പരീക്ഷിച്ചാലോ.
കുട്ടികളുമായി ഫലപ്രദമായ ആശയ വിനിമയം നടത്തുക
നിങ്ങളുടെ കുട്ടിയില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍, അവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്നിവയെല്ലാം വ്യക്തമായി കുട്ടിയോട് തുറന്ന് പറയാന്‍ കഴിയണം. എന്തുകൊണ്ടാണ് ചില കാര്യങ്ങള്‍ ചെയ്യണമെന്നും ചിലത് ചെയ്യരുതെന്നും അവരെ ബോധ്യപ്പെടുത്തണം. തനിക്ക് എന്തിനാണ് തല്ല് കിട്ടിയതെന്ന് പോലും മനസ്സിലാകാത്ത കുട്ടികള്‍ നമുക്ക് ചുറ്റിലുമുണ്ട്. എല്ലാ കാര്യങ്ങളും തുറന്നു പറയുകയും കുട്ടികളത് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ദേഷ്യപ്പെടാനുള്ള അവസരങ്ങള്‍ കുറഞ്ഞു വരുന്നത് മാതാപിതാക്കള്‍ക്ക് കാണാനാകും.
നല്ല പെരുമാറ്റങ്ങള്‍ക്ക് അഭിനന്ദനമറിയിക്കാം
കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരെ അഭിനന്ദിക്കാന്‍ ഒരിക്കലും മടി കാണിക്കരുത്. തങ്ങളുടെ നല്ല പെരുമാറ്റം അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്നു എന്ന് തിരിച്ചറിയുന്നത് വടിയുപയോഗിക്കാതെ തന്നെ, നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള വാസന കുട്ടികളില്‍ വളര്‍ത്താന്‍ സഹായിക്കും.
കുട്ടികള്‍ക്ക് മാതൃകകളായിരിക്കുക
ഉദാഹരണങ്ങളിലൂടെയാണ് പല കാര്യങ്ങളും കുട്ടികള്‍ പഠിക്കുന്നത്. മാതാപിതാക്കളെ പിന്തുടരാനുള്ള ബോധപൂര്‍വ്വമായ ശ്രമം പല കുട്ടികളും നടത്താറുണ്ട്. അതുകൊണ്ട് അവരില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന പെരുമാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടെന്ന് ഉറപ്പ് വരുത്തുക.
അച്ചടക്ക നടപടിയാകാം, അടി വേണ്ട
കുട്ടികള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ ശാരീരികമായ ശിക്ഷകള്‍ അവലംബിക്കുന്നതിനുപകരം മറ്റു ചില രീതികള്‍ സ്വീകരിക്കുന്നതാകും കൂടുതല്‍ നല്ലത്. ഉദാഹരണത്തിന് തെറ്റ് ചെയ്യുന്ന ചെറിയ കുട്ടിയോട് അഞ്ചു മിനിറ്റ് നിശബ്ദനായി നില്ക്കാന്‍ ആവശ്യപ്പെടുകയോ അല്‍പനേരം മാറിയിരിക്കാന്‍ ആവശ്യപ്പെടുകയോ ഒക്കെ ചെയ്യാവുന്നതാണ്. അപ്രകാരം ചെയ്യുന്നത് അവരുടെ തെറ്റിനെക്കുറിച്ചുള്ള ബോധ്യം അവരില്‍ സൃഷ്ടിക്കും. ഇത് അവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കാനും അവരുടെ പെരുമാറ്റത്തിന്റെ അനന്തരഫലങ്ങള്‍ മനസ്സിലാക്കാനും കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന ആശയവിനിമയത്തിലൂടെ, നല്ല പെരുമാറ്റങ്ങള്‍ അഭിനന്ദിക്കുന്നതിലൂടെ, മാതൃകകളാകുന്നതിലൂടെ, ശാരീരികമായ ശിക്ഷകള്‍ക്ക് പകരം മറ്റു മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയെല്ലാം മാതാപിതാക്കള്‍ക്ക് കഠിനമായ അച്ചടക്ക നടപടികളില്ലാതെ ഉത്തരവാദിത്തമുള്ള, സഹാനുഭൂതിയുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാന്‍കഴിയും.