പ്ലസ് വൺകാരി മകൾക്കു സഹപാഠിയുമായി പ്രണയം: എങ്ങനെ കൈകാര്യം ചെയ്യാം?
Mail This Article
ചോദ്യം: എന്റെ മകൾ പ്ലസ് വണിലാണു പഠിക്കുന്നത്. അവളുടെ ക്ലാസിലെ ഒരു ആൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് ഈയിടെ പറഞ്ഞു. എങ്ങനെയാണ് ഈ കാര്യത്തെ സമീപിക്കേണ്ടത്?
ഉത്തരം: സൗഹൃദങ്ങളും ബന്ധങ്ങളും വളരുന്ന കാലമാണ് കൗമാരപ്രായം. പല സൗഹൃദങ്ങളും മിക്കവാറും കുട്ടികളുടെ കാഴ്ചപ്പാടിനെയും ജീവിതമൂല്യങ്ങളെയും കുറിച്ചുള്ള ധാരണകളെയും വലിയ അളവിൽ സ്വാധീനിക്കും. അതുകൊണ്ടു തന്നെ നല്ല ബന്ധങ്ങളും സൗഹൃദങ്ങളും ജീവിതനന്മയിലേക്കു നയിക്കും. മോശമായ സൗഹൃദങ്ങള്‍ ജീവിതത്തെത്തന്നെ അവതാളത്തിലാക്കാനിടയുണ്ട്. പതിനാറോ പതിനേഴോ വയസ്സുള്ള കുട്ടിയുടെ ചിന്തകൾക്ക് യുക്തിയെക്കാൾ വികാരങ്ങളാണ് അടിസ്ഥാനം ആകുന്നത്. വികാരപരമായി എടുക്കുന്ന തീരുമാനങ്ങൾ പിഴച്ചുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. യുക്തിപൂർവം തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവ് കുട്ടികൾക്കുണ്ടാകുന്നത് മിക്കപ്പോഴും കൗമാരപ്രായം കഴിയുന്നതോടെയാണ്. അതായത്, ഇരുപതു വയസ്സോ അതുകഴിഞ്ഞോ ഒക്കെയാണ്. പ്രണയം എന്നത് മനോഹരമായ അനുഭവമാണ്. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന മധുരമുള്ള ഓർമയാണ്. അതുകൊണ്ടുതന്നെ തീരുമാനങ്ങൾ വളരെ ആലോചിച്ചു വേണം. പ്രണയത്തെ നിഷേധിക്കേണ്ടതില്ല. പക്ഷേ, കുട്ടികളെ സംബന്ധിച്ച്, പ്രത്യേകിച്ചും നമ്മുടെ നാട്ടിൽ പെൺകുട്ടികളെ സംബന്ധിച്ച്, ഏറ്റവും പ്രധാനപ്പെട്ട കാര്യം ആവശ്യത്തിന് വിദ്യാഭ്യാസം നേടുക, യുക്തിപൂർവം ചിന്തിക്കാനുള്ള കഴിവുണ്ടാക്കുക, സ്വന്തം കാലിൽ മറ്റൊരാളെ ആശ്രയിക്കാതെ നിൽക്കാനുള്ള കഴിവുണ്ടാക്കുക എന്നതാണ്. അതുകൊണ്ട് ഞാൻ പറയും – പഠനകാലം കഴിയുന്നതു വരെ എടുത്തു ചാടി കാര്യങ്ങൾ ചെയ്യാതിരിക്കുക. മനസ്സിൽ പ്രണയം ഉണ്ടാകട്ടെ. പക്ഷേ, അതു നമ്മുടെ ജീവിതത്തെ, പഠനത്തെ, ചിന്തകളെ ഒരു പരിധിയിൽ കൂടുതൽ ബാധിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)
പ്രണയത്തിന്റെ രസതന്ത്രം – വിഡിയോ