സഹോദരങ്ങളുടെ തമ്മിലടിയും മാതാപിതാക്കളുടെ ഇടപെടലും; മക്കള്‍ക്കിടയിലെ മത്സരം ഒഴിവാക്കാം
Mail This Article
സഹോദങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടാകുന്നത് സര്‍വ്വ സാധാരണമാണ്. പലപ്പോഴും ഇത്തരം വഴക്കുകള്‍ക്ക് അറിയാതെയാണെങ്കിലും മാതാപിതാക്കളും കാരണമാകാറുണ്ട്. കുട്ടികള്‍ക്കിടയിലുള്ള മത്സരങ്ങളും അസൂയയും ഒഴിവാക്കി ജീവിതം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന ഏറ്റവും ശക്തമായ ബന്ധം സൃഷ്ടിക്കാനും മാതാപിതാക്കളുടെ ഇടപെടലിന് സാധിക്കും. സ്വന്തം കുട്ടികള്‍ക്കിടയില്‍ പരസ്പര ബഹുമാനവും ദൃഢമായ സ്‌നേഹബന്ധവും വളര്‍ത്തിയെടുക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
എല്ലാ മക്കള്‍ക്കും ഒരേ നിയമങ്ങള്‍
വീട്ടില്‍ എല്ലാ മക്കള്‍ക്കും ഒരേ നിയമങ്ങള്‍ തന്നെയാണെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. 'ചേട്ടന്‍ അങ്ങനെ ചെയ്തപ്പോള്‍ കുഴപ്പമില്ല, ഞാന്‍ ചെയ്താലാണ് പ്രശ്‌നം', ഇത്തരം സംസാരങ്ങള്‍ വീടുകളില്‍ ഉണ്ടാകരുത്. എല്ലാ മക്കള്‍ക്കും വേണ്ടി വ്യക്തവും സുസ്ഥിരവുമായ നിയമങ്ങള്‍ ക്രമീകരിച്ചാല്‍ നീതിയുടെയും സമത്വത്തിന്റെയും ഒരു ബോധം കുട്ടികളില്‍ സൃഷ്ടിക്കപ്പെടും. ഇത് അവര്‍ക്കിടയില്‍ അനാവശ്യമായ മത്സരത്തിന്റെ സാധ്യത കുറയ്ക്കുന്നു.
കുട്ടികളുടെ വ്യക്തിത്വത്തെ അംഗീകരിക്കുകയും വ്യത്യാസങ്ങള്‍ ആഘോഷിക്കുകയും ചെയ്യുക
എല്ലാ കുട്ടികളും വ്യത്യസ്തരാണ്. നിങ്ങളുടെ ഒരു കുട്ടിക്ക് പഠിക്കാനാണ് താല്പര്യമെങ്കില്‍ മറ്റൊരു കുട്ടിക്ക് സംഗീതമോ കായികാഭ്യാസങ്ങളോ ഒക്കെ ആയിരിക്കാം താല്പര്യം. മാതാപിതാക്കള്‍ ഈ വ്യത്യസ്തത അംഗീകരിക്കുകയും ഓരോ കുട്ടിയുടെയും കഴിവുകളും താല്‍പ്പര്യങ്ങളും ഊന്നിപ്പറയുകയും ആഘോഷിക്കുകയും ചെയ്യുന്നത് കുട്ടികള്‍ക്കിടയില്‍ നല്ല അന്തരീക്ഷം വളര്‍ത്തുന്നു. നല്ല മാര്‍ക്ക് ലഭിച്ച കുട്ടിയുടെ വിജയം ആഘോഷിക്കുന്നത് പോലെ തന്നെ ഫുട്‌ബോള്‍ കളിയില്‍ ജയിച്ചു വന്ന കുട്ടിയുടെ വിജയവും ആഘോഷിക്കണം എന്ന് ചുരുക്കം. ഇങ്ങനെ കുട്ടികളുടെ വ്യക്തിത്വത്തെ മാതാപിതാക്കള്‍ അംഗീകരിക്കുന്നത് കുട്ടികള്‍ക്ക് തങ്ങളെപ്പറ്റിയുള്ള മതിപ്പ് വര്‍ധിപ്പിക്കുകയും ആരോഗ്യകരമായ സഹോദര ബന്ധങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. .
വ്യക്തിഗത ശ്രദ്ധ നല്‍കല്‍
ഓരോ കുട്ടിക്കും മാതാപിതാക്കളില്‍ നിന്ന് വ്യക്തിഗത ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് കുട്ടികള്‍ക്കിടയില്‍ അനാവശ്യമായ അസൂയയും മത്സരവും ഒഴിവാക്കും. മക്കളെ അവരുടെ നേട്ടങ്ങളില്‍ അഭിനന്ദിക്കാന്‍ മാതാപിതാക്കള്‍ മറന്നു പോകരുത്. കാരണം ഈ അഭിനന്ദനങ്ങള്‍ തങ്ങളെ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും സ്‌നേഹിക്കുന്നുണ്ടെന്നും ഉള്ളതിന്റെ വ്യക്തമായ തെളിവാണ്. മാതാപിതാക്കള്‍ ബോധപൂര്‍വം ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍, കുട്ടികളില്‍ അവര്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന ബോധ്യം ഊട്ടിയുറപ്പിക്കപ്പെടുകയും ശ്രദ്ധ ലഭിക്കുന്നതിനായി പരസ്പരമുള്ള മത്സരത്തിന് ഇട നല്‍കാതിരിക്കുകയും ചെയ്യുന്നു.
കാര്യങ്ങള്‍ അവര്‍ ഒരുമിച്ചു ചെയ്യട്ടെ
വീട്ടിലെ ഉത്തരവാദിത്തങ്ങളില്‍ കുട്ടികള്‍ക്ക് പങ്കാളിത്തം നല്‍കുമ്പോള്‍ കുട്ടികള്‍ ഒരുമിച്ചു അക്കാര്യം ചെയ്യുവാന്‍ അവസരമൊരുക്കുന്നത് അവര്‍ക്കിടയില്‍ മെച്ചപ്പെട്ട ബന്ധം വളര്‍ത്താന്‍ സഹായിക്കും. ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഒരുപാട് നല്ല അനുഭവങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാകും. മോശം അനുഭവങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ കൂടെയും അതവര്‍ തമ്മിലുള്ള ബന്ധത്തെ ബലപ്പെടുത്തും. അത്തരം അവസരങ്ങളെ ഒരുമിച്ചു നിന്ന് എങ്ങനെ അതിജീവിക്കണമെന്ന് അവര്‍ പഠിക്കുകയും ചെയ്യും. ഈ പ്രവര്‍ത്തനങ്ങള്‍ സഹകരണത്തിനും കൂട്ടായ പ്രവര്‍ത്തനത്തിനും ശക്തമായ ബന്ധത്തിനും അവസരമൊരുക്കുന്നു. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ അവര്‍ ഒരുമിച്ചു ചെയ്യട്ടെ.
താരതമ്യപ്പെടുത്തലുകള്‍ ഒഴിവാക്കാം
ചില മാതാപിതാക്കളെങ്കിലും മക്കളെ പരസ്പരം താരതമ്യപ്പെടുത്തി സംസാരിക്കാറുണ്ട്. അത്യാവശ്യം നന്നായി പഠിക്കുന്ന ചേച്ചിയെ ചൂണ്ടിക്കാട്ടി ഇളയ കുട്ടിയോട് പറയും. 'നീ നിന്റെ ചേച്ചിയെ കണ്ട് പഠിക്കെടി'. മുതിര്‍ന്ന കുട്ടി അക്കാദമിക്ക് കാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്നത് പോലെ ഇളയ കുട്ടിയും പഠിക്കണം എന്ന നല്ല ഉദ്ദേശത്തോടെയാണ് മാതാപിതാക്കള്‍ ഇപ്രകാരം പറയുന്നത്. എന്നാല്‍ ഈ താരതമ്യപ്പെടുത്തലുകള്‍ പലപ്പോഴും മക്കള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നതാണ് വാസ്തവം. അതിനാല്‍ കുട്ടികളുടെ വ്യത്യസ്തത അംഗീകരിക്കുകയും താരതമ്യപ്പെടുത്തലുകള്‍ ഒഴിവാക്കുകയുംചെയ്യാം.