തലമുറകള്‍ക്കിടയിലെ പാലങ്ങളാകുന്ന മുത്തച്ഛനും മുത്തശ്ശിയും; ഗ്രാന്‍ഡ് പേരന്റ്‌സ് അത്ര ചില്ലറക്കാരല്ല
Mail This Article
മുത്തച്ഛനും മുത്തശ്ശിയും പറയുന്ന കഥകളിലൂടെ വളര്‍ന്ന് വന്ന ഒരു തലമുറയെ നമുക്ക് പരിചയമുണ്ട്. ചിലപ്പോഴെങ്കിലും കുട്ടികള്‍ക്ക് മാതാപിതാക്കളോട് ഉള്ളതിനേക്കാള്‍ അടുപ്പം പ്രായം ചെന്ന ഈ തലമുറയോടാണ്. തിരക്ക് പിടിച്ച ഈ ആധുനിക കാലഘട്ടത്തില്‍ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും സ്വാധീനം എങ്ങനെയാണെന്ന് നോക്കാം.
മാതാപിതാക്കളുടെ നീട്ടിയ കരങ്ങള്‍
മാതാപിതാക്കളുടെ സഹായഹസ്തങ്ങളാണ് മുത്തച്ഛന്മാരും മുത്തശ്ശിമാരും. പലപ്പോഴും പേരന്റ്‌സ് ജോലിക്ക് പോയി കഴിയുമ്പോള്‍ കുട്ടികളെ വിശ്വസിച്ചു ഏല്‍പ്പിക്കുന്നത് ഈ മുതിര്‍ന്ന തലമുറയെ ആണ്. വിദേശ രാജ്യങ്ങളിലേക്ക് കൊച്ചു മക്കളെ നോക്കാന്‍ പോകുന്ന അപ്പൂപ്പന്മാരുടേയും അമ്മൂമ്മമാരുടെയും വര്‍ത്തമാന കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മാതാപിതാക്കള്‍ക്ക് അവര്‍ എത്രമാത്രം സഹായമാണെന്നതിന് വേറെ തെളിവുകള്‍ വേണ്ട. കുടുംബത്തിലെ ഒരാള്‍ മാത്രം ജോലിക്ക് പോയിരുന്ന പഴയ കാലഘട്ടത്തില്‍ നിന്ന് മാറി, ഇരുവരും ജോലിക്ക് പോകുന്ന പുതിയ കാലഘട്ടത്തില്‍ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും സാന്നിധ്യവും സഹായവും വിലമതിക്കാനാവാത്തതാണ്. ഇത് ജോലിയും കുടുംബവും സന്തുലിതമാക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്നു.
പകര്‍ന്ന് നല്‍കുന്ന അറിവിന്റെ വലിയ കലവറ
തങ്ങളുടെ അനുഭവങ്ങളുടെയും അതിജീവിച്ച പ്രതിസന്ധികളുടെയും ബലത്തില്‍ കാലം നല്‍കിയ പക്വത നേടിയവരാണ് മുത്തച്ഛനും മുത്തശ്ശിയും. ഈ അറിവിന്റെ സാഗരത്തിലേക്കാണ് അവര്‍ നമ്മുടെ കുഞ്ഞുങ്ങളെ കൈപിടിച്ച് നടത്തുന്നത്. അവര്‍ പകര്‍ന്ന് നല്‍കുന്ന പാഠങ്ങള്‍ കുട്ടികളുടെ ജീവിതത്തിലുടനീളം വെട്ടമായി മാറുമെന്നതിന് സംശയമില്ല.
തലമുറകള്‍ക്കിടയിലെ പാലങ്ങള്‍
ഭൂതകാലത്തെ വര്‍ത്തമാനവുമായി ബന്ധിപ്പിക്കുന്ന പാലങ്ങളായി മുത്തച്ഛന്മാരും മുത്തശ്ശിമാരും പ്രവര്‍ത്തിക്കുന്നു. സ്വാനുഭവങ്ങളില്‍ നിന്നും അവര്‍ പഠിച്ചെടുത്ത വിലപ്പെട്ട കുടുംബ മൂല്യങ്ങള്‍, സാംസ്‌കാരിക പാരമ്പര്യങ്ങള്‍, വ്യക്തിപരമായ അനുഭവങ്ങള്‍ എല്ലാം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുന്നു. ഇങ്ങനെ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള തുടര്‍ച്ചയുടെ ഒരു ബോധം സമൂഹത്തില്‍ വളര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നു.
കുടുംബത്തിലെ വൈകാരിക ബന്ധം സുദൃഢമാക്കുന്നു
കുടുംബത്തിലെ വൈകാരിക ബന്ധം സുദൃഢമാക്കാന്‍ മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കും സാധിക്കും. അവര്‍ കൊച്ചുമക്കളുമായി പുലര്‍ത്തുന്ന ഊഷ്മളബന്ധം മറ്റു കുടുംബാംഗങ്ങള്‍ തമ്മിലും അത്തരം ബന്ധം ഉണ്ടാകുന്നതിന് കാരണമാകും.
രക്ഷാകര്‍തൃ ശൈലിയില്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്ന മാതൃക
ഈ മുതിര്‍ന്ന തലമുറ മാതാപിതാക്കള്‍ക്ക് വലിയ മാതൃകയാണ്. രക്ഷാകര്‍തൃത്വം എന്ന ഉത്തരവാദിത്തം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ചെയ്ത് പഠിച്ച തലമുറയാണത്. തങ്ങളുടെ രക്ഷാകര്‍ത്വത്തില്‍ വന്ന പാളിച്ചകളും അവര്‍ക്കറിയാം. അവരുടെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ മനസ്സിലാക്കിയെടുത്ത രക്ഷാകര്‍തൃത്വം എന്ന വലിയ ഉത്തരവാദിത്തത്തെ കുറിച്ചുള്ള അവരുടെ അറിവുകള്‍ മാതാപിതാക്കള്‍ക്ക് വലിയ കരുത്താണ്. രക്ഷാകര്‍തൃ ശൈലികളില്‍ മാതാപിതാക്കള്‍ പാളിപ്പോകുമ്പോള്‍ വഴി പറയാന്‍ ഈ മുതിര്‍ന്ന തലമുറക്ക് സാധിക്കും.
അതേസമയം ചെറിയ തെറ്റുകള്‍ക്ക് തങ്ങളുടെ കുട്ടികളെ ശിക്ഷിക്കുമ്പോള്‍ ഇടയില്‍ കയറുന്ന മുത്തച്ഛന്മാരും മുത്തശ്ശിമാരും പലപ്പോഴും മാതാപിതാക്കള്‍ക്ക് മുന്‍പില്‍ വില്ലന്മാരാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ നയത്തില്‍ അതിജീവിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ അവശ്യമായ ശിക്ഷണം നല്കിയിരുന്നല്ലോ എന്ന് അവരെയൊന്ന് ഓര്‍മിപ്പിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇക്കാര്യത്തില്‍ ഉള്ളൂ എന്ന് മറക്കരുത്. മുത്തച്ഛന്മാരും മുത്തശ്ശിമാരും ചെയ്യുന്ന നന്മകള്‍ മറന്നു പോകാതിരിക്കാം. നമ്മുടെ കുട്ടികള്‍ അവര്‍ നല്‍കുന്ന വെളിച്ചത്തില്‍വളര്‍ന്ന്വരട്ടെ.