ADVERTISEMENT

ആധുനിക കാലഘട്ടത്തില്‍ ഭക്ഷണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ സാരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വയറ് നിറയെ ആഹാരം കൊടുക്കുന്നതില്‍ മാത്രം പല മാതാപിതാക്കളും ശ്രദ്ധ കൊടുത്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും അവര്‍ക്ക് സമീകൃതമായ ആഹാരം കൊടുക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ നമുക്കിടയില്‍ സര്‍വ്വ സാധാരണമാണ്. കുറെ ഭക്ഷണം കഴിക്കുന്നതിനപ്പുറം ആരോഗ്യകരമായ ഭക്ഷണ രീതി എന്താണെന്ന് മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം. 

Representative image. Photo Credits: / Shutterstock.com

ആസ്വദിച്ചു ഭക്ഷിക്കാം 
ദരിദ്രമായ പഴയ കാലത്തെ അപേക്ഷിച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന ഒരു കാലഘട്ടമാണ് ഇന്നുള്ളത്. പക്ഷേ, നമ്മുടെ കുട്ടികളില്‍ കുറെയധികം പേര്‍ക്കും ഭക്ഷണം കഴിക്കുന്നതിന്റെ ഇന്ദ്രിയാനുഭവം ആസ്വദിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. മൊബൈല്‍ ഫോണും ടെലിവിഷനും കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് എങ്ങനെയാണ് ഭക്ഷണത്തിന്റെ രുചിയും ഭക്ഷിക്കുന്നതിലെ മനഃസുഖവും ആസ്വദിക്കാന്‍ സാധിക്കുക. നമ്മുടെ കുട്ടികള്‍ ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്നതിന് തീന്മേശയില്‍ മാതാപിതാക്കളുടെ കടിഞ്ഞാണ്‍ വേണം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള ഭക്ഷണസമയത്തെ മാതാപിതാക്കള്‍ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. കുട്ടികള്‍ ആഹാരം കഴിക്കുമ്പോള്‍ കഴിക്കുന്നതിന്റെ ഇന്ദ്രിയാനുഭവം ആസ്വദിക്കാനും മെച്ചപ്പെട്ട ഭക്ഷണ ശീലങ്ങളിലേക്ക് കുട്ടികളെ നയിക്കാനും കഴിയുമെന്ന് 2011 ല്‍ ക്രിസ്റ്റല്ലറും വൂള്‍വറും ചേര്‍ന്നെഴുതിയ 'മൈന്റ്ഫുല്‍നെസ്സ് -ബേസ്ഡ് ഈറ്റിംഗ് അവൈര്‍നെസ്സ് ട്രെയിനിങ് ഫോര്‍ ട്രീറ്റിങ് ബിന്‍ജ് ഈറ്റിംഗ് ഡിസോര്‍ഡര്‍' എന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

സ്വന്തം ശരീരത്തെപ്പറ്റിയുള്ള മെച്ചപ്പെട്ട അവബോധം 
ഓരോ കുട്ടിയേയും അവരുടെ ശരീരത്തിന്റെ പേരില്‍ അഭിനന്ദിക്കാന്‍ മാതാപിതാക്കള്‍ക്കാകണം. ബോഡി ഷെയിമിങ് പോലുള്ള വാക്കുകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുകയും അത്തരം സംഭവങ്ങള്‍ ഒരിടത്തും സംഭവിക്കരുതെന്ന് എല്ലാവരും ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഭക്ഷണവുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിന് സ്വന്തം ശരീരത്തെക്കുറിച്ചുള്ള അഭിമാനം കുട്ടികളില്‍ ഊട്ടിയുറപ്പിക്കുന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. കുട്ടികളില്‍  സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആരോഗ്യകരമായ അവബോധം ഉണ്ടാകുന്നതിന് മികച്ച ഭക്ഷണ ശീലങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുവെന്ന് ട്രേസി എല്‍ ടൈല്‍കയും നിക്കോള്‍ എല്‍ വുഡ്-ബാര്‍കലോയും ചേര്‍ന്ന് നടത്തിയ  ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. 

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം
ഭക്ഷണത്തോടുള്ള കുട്ടികളുടെ മനോഭാവം രൂപപ്പെടുത്തുന്നതില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. കുടുംബം ഒരുമിച്ചിരുന്നു സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണരീതി സൃഷ്ടിക്കുമെന്നും യുവാക്കളില്‍ ക്രമരഹിതമായ ഭക്ഷണ ശീലങ്ങള്‍ മൂലമുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുമെന്നും ജെയ്ന്‍ എ. ഫുള്‍ക്കേഴ്‌സന്റെ 'ഫാമിലി ഡിന്നര്‍ മീല്‍ ഫ്രീക്വന്‍സി ആന്റ് അഡോള്‍സെന്റ് ഡെവലപ്‌മെന്റ്' എന്ന പേരിലുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. തിരക്കേറിയ ഈ കാലഘട്ടത്തില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് എപ്പോഴും സാധ്യമല്ലെങ്കിലും കഴിയുമ്പോഴെല്ലാം ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും കുട്ടികളില്‍ മെച്ചപ്പെട്ട ഭക്ഷണരീതി രൂപപ്പെടുത്തുകയും ചെയ്യും.

Representative image. Photo Credits: Shutterstock.com

കുട്ടികളുടെ അടുക്കള 
കുട്ടികള്‍ക്ക് കേറാന്‍ പാടില്ലാത്ത ഇടമായി അടുക്കളയെ മാറ്റേണ്ടതില്ല. അടുക്കളയിലെ ചെറിയ കാര്യങ്ങളില്‍ അവരും ഇടപെടട്ടെ. ഭക്ഷണം പാകം ചെയ്യുന്നതും അതിന് പിന്നിലുള്ള അധ്വാനവുമെല്ലാം അറിഞ്ഞു വേണം കുട്ടികള്‍ വളരാന്‍. അതവര്‍ക്ക് ഭക്ഷണത്തോട് മെച്ചപ്പെട്ട മനോഭാവം സൃഷ്ടിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുകയും ചെയ്യും. പാചക വൈദഗ്ധ്യവും ഭക്ഷണ പരിജ്ഞാനവും വര്‍ദ്ധിപ്പിക്കുന്നത് സമീകൃതമായ നല്ല ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് കുട്ടികളെ സഹായിക്കുമെന്നുമറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com