മൊബൈൽ ഫോൺ കുട്ടികളുടെ ഉറക്കം കവരുമ്പോൾ; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
Mail This Article
ചോദ്യം : എന്റെ മകന് 15 വയസ്സു കഴിഞ്ഞു. രാത്രി വളരെനേരം ടിവി കാണുകയും മൊബൈലിൽ കളിക്കുകയും ചെയ്ത് ഉറങ്ങാൻ ഒരുപാട് വൈകും. സാധാരണ ഈ പ്രായത്തിൽ കുട്ടികൾക്ക് എത്ര സമയം ഉറങ്ങേണ്ടതുണ്ട്? ഉറക്കം കുറയുന്നത് എന്തെങ്കിലും പ്രശ്നങ്ങൾക്കു കാരണമാകുമോ?
ഉത്തരം : ശരീരത്തിനെന്നപോലെ മനസ്സിനും വിശ്രമം ആവശ്യമാണ്. ഉറക്കം മസ്തിഷ്കത്തിന്റെ വിശ്രമത്തിനുള്ള സമയമാണ് എന്നു പറയാം. തുടർച്ചയായ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഊർജം (ATP - Adenosine Triphosphate) മസ്തിഷ്ക കോശങ്ങൾ വീണ്ടെടുക്കുന്നത് ഉറങ്ങുന്ന സമയത്താണ്. അതുകൊണ്ടു തന്നെ ഉറക്കമെന്നത് ഒരു ശാരീരികാവശ്യമാണ്. സ്കൂൾ പ്രായത്തിലുള്ള (6–12 വയസ്സ്) കുട്ടികൾക്ക് 9–10 മണിക്കൂർ ഉറക്കം ആവശ്യമാണ്. കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് 8–9 മണിക്കൂർ ഉറക്കം വേണം (അവലംബം: നെൽസൺ ടെക്സ്റ്റ് ബുക്ക് ഓഫ് പീഡിയാട്രിക്സ് 19 എഡിഷൻ).
കൗമാരപ്രായകാലത്ത് വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്നത് ഒരു പരിധിവരെ സാധാരണമാണ്. മസ്തിഷ്കം കൂടുതൽ പ്രവർത്തിക്കുന്ന സമയത്ത്, ഉദാഹരണത്തിന്, പരീക്ഷക്കാലത്ത് യഥാർഥത്തിൽ കൂടുതൽ ഉറക്കം ആവശ്യമാണ്. കൗമാരപ്രായത്തിലുള്ള കുട്ടികളിൽ 20 ശതമാനത്തിൽ താഴെ കുട്ടികൾക്കു മാത്രമേ ആവശ്യമായ അളവിൽ ഉറക്കം കിട്ടുന്നുള്ളൂ എന്നാണ് കണക്കുകൾ പറയുന്നത്. ഉറങ്ങുന്ന സമയം മാത്രമല്ല, ഉറക്കത്തിന്റെ ഗുണവും (Quality) പ്രധാനമാണ്. ഉറക്കം ശാരീരികാവശ്യമാണ് എന്നതുകൊണ്ടു തന്നെ സ്ഥിരമായി ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നത് പലതരത്തിലുള്ള ശാരീരിക, മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും. രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ പകലുറക്കത്തിനു കാരണമാകും. ഇത് പഠനത്തിൽ ശ്രദ്ധ കുറയുന്നതിനും ഇടയാക്കും. തുടർച്ചയായ ഉറക്കക്കുറവ് ശ്രദ്ധിക്കാനുള്ള കഴിവ് കുറയ്ക്കുന്നതിനും ഓർമക്കുറവിനും കാരണമാകും. അതുപോലെ പലതരത്തിലുള്ള വൈകാരിക പ്രശ്നങ്ങളും പെരുമാറ്റ പ്രശ്നങ്ങളും ഉറക്കക്കുറവുമായി ബന്ധപ്പെട്ട് കാണാറുണ്ട്. പെട്ടെന്നു ദേഷ്യം വരിക, സങ്കടം വരിക, എടുത്തുചാടി കാര്യങ്ങൾ ചെയ്യുക, ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിവു കുറയുക എന്നിവയൊക്കെ ഉറക്കക്കുറവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോൾ മനസ്സു ശാന്തമായിരിക്കണം. എങ്കിലേ ഗുണപരമായ ഉറക്കം സാധിക്കുകയുള്ളൂ. സ്ക്രീൻ ടൈമും (ടിവി, മൊബൈൽ, ഇന്റർനെറ്റ് എന്നിവയിൽ ചെലവഴിക്കുന്ന സമയം) ഉറക്കവും തമ്മിൽ ബന്ധമുണ്ട്.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)
കൂർക്കംവലി അകറ്റാൻ ലളിതമായ രണ്ട് മാർഗങ്ങൾ - വിഡിയോ