കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് എപ്പോൾ? എങ്ങനെ?
Mail This Article
ശരീരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയുമെല്ലാം ശരിയായ ധാരണ കുട്ടികളില്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് മാതാപിതാക്കള്‍. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന് (Sex Education) പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ പ്രാഥമിക സ്വാധീനം ചെലുത്തുന്നത്. കുട്ടികളുടെ ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കേണ്ടത് കുടുംബത്തിലാണ്. ആരോഗ്യകരമായ കാഴ്ചപ്പാട് കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് നിര്‍ണായകമാണ്.
സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത
കുട്ടികള്‍ക്ക് സ്വന്തം ശരീരത്തെപ്പറ്റി ആരോഗ്യകരമായ അറിവുകള്‍ ഉണ്ടാകുന്നതിനും അപകടകരമായ പെരുമാറ്റങ്ങള്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നിര്‍ണായകമാണെന്ന് ജോണ്‍ എസ്. സാന്റലി, ലെസ്ലി എം.കാന്റര്‍ തുടങ്ങിയവരുടെ പഠനങ്ങള്‍ പറയുന്നു. ആധുനിക ലോകത്തിന്റെ സങ്കീര്‍ണതകളെ അഭിമുഖീകരിക്കാന്‍ കുട്ടികളെ ഒരുക്കുന്നതിന് ലൈംഗികതയെ പരസ്യമായും പ്രായത്തിനനുസരിച്ചും അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യം മാതാപിതാക്കള്‍ തിരിച്ചറിയണം.
ലൈംഗിക വിദ്യാഭ്യാസം എപ്പോള്‍ ആരംഭിക്കണം
കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ തന്റെ ശരീരത്തെപ്പറ്റിയും അതിന്മേല് മറ്റൊരാള്‍ക്കുള്ള അതിരുകളെപ്പറ്റിയും മറ്റുള്ളവരുമായുള്ള ബന്ധത്തെപ്പറ്റിയുമെല്ലാം അറിവ് പകരാന്‍ പ്രായത്തിന് അനുയോജ്യമായ തുറന്ന സംഭാഷണങ്ങള്‍ മാതാപിതാക്കള്‍ നടത്തേണ്ടതുണ്ട്. ലൈംഗികതയെപ്പറ്റിയുള്ള കുട്ടിയുടെ സംശയങ്ങളില്‍നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കരുത്. ശരിയായ ഉത്തരങ്ങള്‍ ലഭിക്കാതെ വന്നാല്‍ അവര്‍ ചിലപ്പോള്‍ അപകടകരമായ സ്രോതസ്സുകളില്‍നിന്ന് ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചേക്കാം. ഇത്തരം അറിവുകള്‍ ലൈംഗികതയെപ്പറ്റിയുള്ള തെറ്റായ അറിവുകള്‍ കുട്ടികള്‍ക്ക് ലഭിക്കാനും അവര്‍ അപകടങ്ങളിലേക്ക് വീഴാനും ഇടയാക്കിയേക്കാം.
ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കാന്‍ വേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍
ഫലപ്രദമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് കുട്ടികള്‍ക്ക് മാതാപിതാക്കളിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാ കാര്യങ്ങളും മാതാപിതാക്കളോട് പങ്കു വയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള തുറന്ന ആശയ വിനിമയം കുടുംബങ്ങളില്‍ അത്യാവശ്യമാണ്. കുട്ടികള്‍ക്ക് സംശയങ്ങള്‍ ചോദിക്കാനും ആശങ്കകള്‍ പ്രകടിപ്പിക്കാനും സൗകര്യമുള്ള ഒരു ഇടം കുടുംബങ്ങളില്‍ മാതാപിതാക്കള്‍ ഉണ്ടാക്കണം. മാതാപിതാക്കളുമായുള്ള തുറന്ന ആശയവിനിമയം കുട്ടികളില്‍ സുരക്ഷിതത്വബോധം വളര്‍ത്തുന്നു. ഇത് ലൈംഗികതയെപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും സമ്മര്‍ദങ്ങള്‍ അതിജീവിക്കുവാനും കുട്ടികളെ സഹായിക്കും. കുട്ടികളോട് ലൈംഗികതയെപ്പറ്റി സംസാരിക്കാനുള്ള സങ്കോചം ചില മാതാപിതാക്കള്‍ക്കുണ്ട്. ഇത്തരം സങ്കോചങ്ങള്‍ മാറ്റി വച്ച് കുട്ടികളുടെ പ്രായത്തിനനുനസരിച്ചു ലൈംഗികതയെക്കുറിച്ച് അവരോടു തുറന്നു സംസാരിക്കാന്‍ മാതാപിതാക്കള്‍ക്കാവണം.
ദൈനംദിന ജീവിതത്തിലേക്ക് ഉള്‍ച്ചേര്‍ന്നിരിക്കുന്ന ലൈംഗിക വിദ്യാഭ്യാസം
ലൈംഗിക വിദ്യാഭ്യാസം ഔപചാരിക ക്രമീകരണങ്ങളില്‍ മാത്രം സംഭവിക്കേണ്ടതല്ല. ദൈനംദിന ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കേണ്ട ഒന്നാണത്. ഒരു വാര്‍ത്ത ചര്‍ച്ച ചെയ്യുന്ന സമയത്തോ ഒരു ടിവി ഷോ കാണുന്ന സമയത്തോ എല്ലാം ശരീരത്തെക്കുറിച്ചുള്ള അറിവ് കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കാവുന്നതാണ്. ലൈംഗിക വിദ്യാഭ്യാസത്തെ ദൈനംദിന ജീവിതത്തിലേക്ക് സമന്വയിപ്പിക്കാന്‍ സാധിക്കുന്നത് കുട്ടികള്‍ക്കു മെച്ചപ്പെട്ട അറിവ് പകരാന്‍ മാതാപിതാക്കളെ സഹായിക്കുന്നു.
ലൈംഗിക വിദ്യഭ്യാസവും ഓണ്‍ലൈന്‍ ലോകവും
ഈ ഡിജിറ്റല്‍ യുഗത്തില്‍, കുട്ടികള്‍ ഓണ്‍ലൈനിലേക്കു കണ്ണും തുറന്നിരിക്കുകയാണ്. ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ അറിവുകളും അപകടങ്ങളും ഓണ്‍ലൈന്‍ ലോകത്ത് സര്‍വ സാധാരണമാണ്. അതിനാല്‍ കൃത്യമായ ഡിജിറ്റല്‍ അതിരുകള്‍ നിര്‍ണയിക്കാന്‍ രക്ഷിതാക്കള്‍ക്കാവണം. പ്രായത്തിനനുയോജ്യമായി സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം. ലിംഗ സമത്വത്തെയും ലൈംഗിക ആഭിമുഖ്യത്തെയും കുറിച്ചുള്ള സമഗ്ര വിദ്യാഭ്യാസം അവര്‍ക്ക് നല്‍കണം. സമഗ്രമായ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ ക്ഷേമത്തിന് വഴിയൊരുക്കണം.
കുട്ടികളിലെ കിഡ്നി രോഗ ലക്ഷണങ്ങൾ – വിഡിയോ