ഉത്തരങ്ങള്‍ ഒറ്റവാക്കിലാണോ? കൗമാരക്കാരായ മക്കള്‍ നിങ്ങളോട് അകല്‍ച്ച കാണിക്കാറുണ്ടോ?
Mail This Article
കൗമാരക്കാര്‍ വീടുകളില്‍ നിശ്ശബ്ദരാകുന്നതും വഴക്കാളികളാകുന്നതുമെല്ലാം പതിവാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ കൗമാരക്കാരുമായി ഇടപഴകുക എന്നത് മാതാപിതാക്കൾക്ക് അൽപം ബുദ്ധിമുട്ടേറിയതാണ്. തലമുറകള്‍ തമ്മിലുള്ള വിടവും ആശയവിനിമയ ശൈലികളുടെ പരിണാമവും തുറന്ന സംഭാഷണങ്ങള്‍ നടത്തുന്നതിന് പലപ്പോഴും തടസ്സമാകാറുണ്ട്. കൗമാരക്കാര്‍ പലപ്പോഴും മാതാപിതാക്കളില്‍നിന്ന് അകലം പാലിക്കുന്നത് എന്തുകൊണ്ടായിരിക്കും? മാതാപിതാക്കളുടെ ചോദ്യങ്ങള്‍ക്ക് അവര്‍ നല്‍കുന്ന 'ഒന്നുമില്ല' തുടങ്ങിയ ഒറ്റ വാക്കിലുള്ള ഉത്തരങ്ങള്‍ മറ്റെന്തിന്റെയെങ്കിലും സൂചനയാണോ?
പങ്കുവയ്ക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ
തങ്ങളുടെ ഉത്കണ്ഠകളുമായി മാതാപിതാക്കളെ എപ്പോള്‍ സമീപിക്കണം, ഏതെല്ലാം കാര്യങ്ങള്‍ അവരുമായി പങ്കു വയ്ക്കണം തുടങ്ങിയ ആശയക്കുഴപ്പത്തിലാണ് കൗമാരക്കാര്‍. രക്ഷിതാക്കളുമായി ഗൗരവമേറിയ കാര്യങ്ങള്‍ മാത്രമേ പങ്കിടേണ്ടതുള്ളൂ എന്നു കരുതുന്ന നിരവധി കൗമാരക്കാരുണ്ട്. ചെറിയ കാര്യങ്ങള്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കാന്‍ അവര്‍ മടിക്കുന്നു. കൗമാരക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ചെറിയ വശങ്ങളില്‍ പോലും താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് മാതാപിതാക്കള്‍ക്ക് ഈ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. ക്രിക്കറ്റ് കളിയില്‍ താൽപര്യമുള്ള കുട്ടി കളി കഴിഞ്ഞു വരുമ്പോള്‍ കളിയെപ്പറ്റി അന്വേഷിക്കാന്‍, അതിന് വേണ്ടി അൽപസമയം മാറ്റി വയ്ക്കാന്‍ ഒരു രക്ഷിതാവെന്ന നിലയില്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അവരുടെ ജീവിതത്തിലെ മറ്റു കാര്യങ്ങളും തുറന്ന് സംസാരിക്കാനുള്ള ഒരു വാതില്‍ നിങ്ങള്‍ തുറന്നിടുകയാണ്. കൗമാരക്കാരുടെ ഇഷ്ടങ്ങള്‍ അറിയാന്‍, ചെറിയ പ്രശ്‌നങ്ങള്‍ പോലും സമചിത്തതയോടെ കേള്‍ക്കാന്‍ മാതാപിതാക്കള്‍ക്കാവണം.
കൗമാര കാലഘട്ടത്തെ അംഗീകരിക്കുക
നിരവധി ഹോര്‍മോണ്‍ മാറ്റങ്ങളുടെയും ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളുടെയും കാലഘട്ടമാണ് കൗമാരം. പെട്ടെന്നുള്ള ഈ മാറ്റത്തെ കൗമാരക്കാര്‍ അതിജീവിക്കേണ്ടതുണ്ട്. അത്തരം ക്ലേശങ്ങളിലൂടെയാണ് അവര്‍ ദിവസവും കടന്നു പോകുന്നതെന്ന യാഥാര്‍ഥ്യം മാതാപിതാക്കള്‍ മറക്കരുത്. എല്ലാ രക്ഷിതാക്കള്‍ക്കും കുട്ടികളെക്കുറിച്ചു വലിയ പ്രതീക്ഷകളുണ്ട്. മാതാപിതാക്കളുടെ ഈ പ്രതീക്ഷകള്‍ക്കൊപ്പം പലപ്പോഴും കൗമാരക്കാര്‍ എത്താറില്ല. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്കപ്പുറം കൗമാര കാലഘട്ടത്തെ, അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാന്‍ മാതാപിതാക്കള്‍ക്കാവണം. തങ്ങളെ അംഗീകരിക്കുന്നു എന്ന തിരിച്ചറിവ് മാതാപിതാക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാന്‍ കൗമാരക്കാരെ സഹായിക്കും.
വിധികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അപ്പുറം
വിഷമകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ മാതാപിതാക്കളുടെ പ്രതികൂല പ്രതികരണങ്ങള്‍ കൗമാരക്കാരില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. മാതാപിതാക്കള്‍ക്ക് തങ്ങളുടെ അവസ്ഥ മനസ്സിലാകും എന്ന വിശ്വാസത്തില്‍ നിന്നാണ് സങ്കടപ്പെടുത്തുന്ന, സങ്കീര്‍ണമായ കാര്യങ്ങള്‍ അവര്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നത്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കളില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകളും ദേഷ്യപ്പെടലും എല്ലാം പിന്നീടൊരിക്കലും ഇത്തരം കാര്യങ്ങള്‍ പങ്ക് വയ്ക്കുന്നതില്‍നിന്ന് കൗമാരക്കാരെ തടയും. കൗമാരക്കാരുടെ ജീവിതത്തിലേക്കുള്ള തുറന്നിട്ട വാതില്‍ അതോടെ അവര്‍ അടച്ചു കളയും. 'ഒന്നുമില്ല' തുടങ്ങിയ ഒറ്റ വാക്കിലുള്ള മറുപടികളായിരിക്കും അവരില്‍ നിന്നുള്ള ഏക പ്രതികരണം.
പ്രതിസന്ധികളില്‍ മാതാപിതാക്കളുടെ കടുത്ത പ്രതികരണം ഭാവിയില്‍ അവരില്‍നിന്ന് മാര്‍ഗനിര്‍ദേശം തേടുന്നതില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കും. അത്തരം സംഭാഷണങ്ങളെ സൗമ്യതയോടെയും വിവേകത്തോടെയും സമീപിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. പ്രശ്‌നങ്ങളില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതിലൂടെയും വിശദീകരണങ്ങള്‍ക്ക് ഇടം നല്‍കുന്നതിലൂടെയും കൗമാരക്കാരുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളില്‍ കൗമാരക്കാര്‍ ആത്മവിശ്വാസം പുലര്‍ത്തുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കാനും കഴിയും.
കുട്ടികളിലെ കിഡ്നി രോഗ ലക്ഷണങ്ങൾ – വിഡിയോ