ഒറ്റക്കിരുന്ന് കളിക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?
Mail This Article
ചെറിയ കുട്ടികള്‍ ഒറ്റക്കിരുന്ന് കളിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? പാവം, എന്റെ കുട്ടി ഒറ്റക്കിരുന്ന് കളിക്കുകയാണ്, അവന് ആരും കൂട്ടില്ല എന്ന് പറയുന്നത് കേട്ടിട്ടില്ലേ? കുട്ടികള്‍ ഒറ്റക്കിരുന്ന് കളിക്കുന്നത് മോശം കാര്യമാണോ? കുട്ടികള്‍ സ്‌പോഞ്ചുകള്‍ പോലെയാണ്. ജീവിതത്തിലെ വിവിധ അനുഭവങ്ങളില്‍ നിന്നും അവശ്യമായ കാര്യങ്ങളെല്ലാം വളരെ വേഗത്തില്‍ അവര്‍ ഒപ്പിയെടുക്കുന്നുണ്ട്. അവരുടെ വളര്‍ച്ചയില്‍ ജീവിത നൈപുണ്യങ്ങളും മൂല്യങ്ങളും എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ ഒറ്റക്കിരുന്നുള്ള കളികള്‍ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് മാതാപിതാക്കള്‍ക്ക് ഒരു ഇടവേള മാത്രമല്ല, കുട്ടിയുടെ സമഗ്രമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനുള്ള നിര്‍ണായക ഘടകവുമാണ്.
സ്വയം പര്യാപ്തതയിലേക്കുള്ള ആദ്യ പടി
ഒറ്റക്കിരുന്ന് സ്വതന്ത്രമായി വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്ന കുട്ടികള്‍ക്ക് അവരുടെ ഉള്ളില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ സാധിക്കുന്നു. വിനോദത്തിനായി എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കാതെ തങ്ങളില്‍ തന്നെ ആശ്രയിക്കാനുള്ള ഒരു ബോധം കുട്ടികളില്‍ രൂപപ്പെടുന്നു. അവരുടെ സ്വന്തം കഴിവില്‍ ആത്മവിശ്വാസവും സംതൃപ്തിയും ഉണ്ടാകാന്‍ സഹായിക്കുന്നു. സ്വയം പര്യാപ്തതയുടെ ആദ്യ പടിയായി ഇതിനെ കാണാവുന്നതാണ്.
വളര്‍ന്ന് വികസിക്കുന്ന ഭാവനയുടെ ലോകം
ഏകാങ്ക നാടകങ്ങള്‍ പോലെയുള്ള ഒറ്റക്കിരുന്നുള്ള കളികളുടെ ഘടനാരഹിതമായ സ്വഭാവം കുട്ടികളുടെ ഭാവനകളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. സ്വന്തം ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു, സൂപ്പര്‍ഹീറോകളും രാജകുമാരികളും എല്ലാം ഉള്‍ക്കൊള്ളുന്ന അതിമനോഹരമായ ലോകങ്ങള്‍ അവര്‍ സൃഷ്ടിക്കുന്നു. സര്‍ഗ്ഗാത്മകതയുടെ ലോകത്തേക്ക് അറിയാതെ തന്നെ അവര്‍ ചുവട് വെക്കുന്നു.
സ്വാതന്ത്ര്യബോധത്തിന്റെ കളിത്തൊട്ടില്‍
ഏകാന്തമായി കളികളില്‍ ഏര്‍പ്പെടുന്നത് കുട്ടികളില്‍ ശക്തമായ സ്വാതന്ത്ര്യബോധം വളര്‍ത്തുന്നു. വിവിധ സാമൂഹിക സാഹചര്യങ്ങളില്‍ സന്തോഷത്തോടെ ആയിരിക്കാന്‍ എപ്പോഴും മറ്റുള്ളവരുടെ കൂട്ടത്തിലായിരിക്കേണ്ടതില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. എല്ലായ്‌പ്പോഴും മറ്റുള്ളവരെ അതിയായി ആശ്രയിക്കുന്നതിന് പകരം സ്വന്തം കഴിവില്‍ ആശ്രയിക്കാനും സ്വതന്ത്രരായി വളരുവാനും കുട്ടികള്‍ക്ക് സാധിക്കുന്നു. ഇതവരുടെ സ്വന്തം കഴിവുകള്‍ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കുവാനും സഹായിക്കുന്നു.
ശാന്തമാകുന്ന പ്രപഞ്ചം
മറ്റുള്ളവരുടെ കൂടെ കളിക്കുന്നത് കുട്ടികള്‍ക്ക് ഊര്‍ജം പകരുകയും സാമൂഹിക ഇടപെടലിന് അവസരം നല്‍കുകയും ചെയ്യുമ്പോള്‍ ഒറ്റക്കിരുന്നുള്ള കളികള്‍ അവരില്‍ ശാന്തതയുടെ ഒരു ബോധം സൃഷ്ടിക്കുന്നു. ഈ ഏകാന്ത സമയം കുട്ടികളെ അവരുടെ കളിപ്പാട്ടങ്ങളുമായി സമാധാനപരമായി കളിക്കാന്‍ അനുവദിക്കുന്നു. തനിയെ കളിക്കുന്ന സമയത്ത് കുട്ടികള്‍ പലപ്പോഴും ശാന്തരായിരിക്കുന്നത് നമുക്ക് കാണാം. ഭാവിയില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ ജീവിതത്തിന്റെ വൈകാരിക സന്തുലിതാവസ്ഥയും ശാന്തതയുടെ ഭാവവും വളര്‍ത്തിയെടുക്കാന്‍ ഇത്തരം അനുഭവങ്ങള്‍ കുട്ടികളെ സഹായിക്കും.
മാതാപിതാക്കള്‍ക്ക് നല്‍കുന്ന സമയം
പ്രാഥമിക ലക്ഷ്യമല്ലെങ്കിലും, കുട്ടികളെ സ്വതന്ത്രമായി തനിയെ കളിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് ഇരുപത്തിനാലു മണിക്കൂറും കുട്ടികളെ നോക്കുക എന്ന സാഹസത്തില്‍ മാതാപിതാക്കളെ സഹായിക്കും. ഇത്തരം ചെറിയ ഇടവേളകള്‍ ലഭിക്കുന്നത് വീട്ടുജോലികളും മറ്റ് വ്യകതിപരമായ കാര്യങ്ങള്‍ ചെയ്യുന്നതിനും വിശ്രമിക്കുന്നതിനും രക്ഷിതാക്കളെ സഹായിക്കുന്നു.
തനിയെ കളിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ്, അതിന് വേണ്ട സജ്ജീകരണങ്ങള്‍ മാതാപിതാക്കള്‍ ഒരുക്കേണ്ടതുണ്ട്. കളിക്കാനാവശ്യമായ വസ്തുക്കളും അന്തരീക്ഷവുമെല്ലാം മാതാപിതാക്കള്‍ തയ്യാറാക്കണം. ഒറ്റയ്ക്ക് കളിക്കാന്‍ കുട്ടികളെ മറ്റൊരു മുറിയിലാക്കി ഒറ്റപ്പെടുത്തേണ്ടതില്ല. തങ്ങളുടെ സമീപത്ത് കളിക്കാന്‍ മാതാപിതാക്കള്‍ക്ക് അവരെ അനുവദിക്കാം. ഈ സമീപനം തനിച്ചുള്ള കളിയെ ഒരു ശിക്ഷാവിധി എന്നതിലുപരി ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റുന്നു. അതേസമയം, കൂടുതല്‍ സമയവും ഒറ്റയ്ക്ക് കളിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നത് നേര്‍വിപരീത ഫലങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ മാതാപിതാക്കളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ആവശ്യമാണ്. സ്വാശ്രയത്വം, സര്‍ഗ്ഗാത്മകത, സാമൂഹിക സ്വാതന്ത്ര്യം തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കുട്ടികളുടെ ഒറ്റയ്ക്കുള്ള കളികള്‍ സഹായിക്കുന്നതിനാല്‍ അക്കാര്യം പ്രോത്സാഹിപ്പിക്കാന്‍ മടിക്കേണ്ടതില്ല.
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ