ഹോംവര്‍ക്ക് ചെയ്യാന്‍ കുട്ടികള്‍ മടി കാണിക്കാറുണ്ടോ? എങ്കിലവരെ ഇങ്ങനെ സഹായിക്കാം
Mail This Article
കുട്ടികളുടെ അക്കാദമിക് വളര്‍ച്ചയില്‍ ഹോംവര്‍ക്കിന് വലിയ പ്രാധാന്യമുണ്ട്. സ്‌കൂളില്‍ പഠിച്ച പാഠങ്ങള്‍ മനസ്സിലുറപ്പിക്കാനും ടൈം മാനേജ്‌മെന്റ്, അച്ചടക്കം പോലുള്ള കഴിവുകള്‍ വളര്‍ത്തുന്നതിനും ഈ ഹോംവര്‍ക്ക് സഹായിക്കുന്നു. എങ്കിലും പല കുട്ടികളും ഗൃഹപാഠം പൂര്‍ത്തിയാക്കാന്‍ മടി കാണിക്കാറുണ്ട്. മാതാപിതാക്കള്‍ക്ക് ഇത് വലിയ തലവേദനയുമാണ്. ഹോംവര്‍ക്ക് ചെയ്യാന്‍ കുട്ടികളെ സഹായിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഹോംവര്‍ക്ക് ചെയ്യുന്നത് ഒരു ശീലമാകട്ടെ
കുട്ടികളുടെ ദിനചര്യയില്‍ ഗൃഹപാഠം ചെയ്യുന്നതിന് ഒരു സമയം നിശ്ചയിക്കണം. ഗൃഹപാഠം ചെയ്യുന്നത് ദിനചര്യയുടെ ഭാഗമാകുന്നതോടെ അവ എളുപ്പത്തിലും വിജയകരമായും ചെയ്യുന്നതിന് കുട്ടികള്‍ക്ക് സാധിക്കും. വീടുകളില്‍ സ്ഥിരമായ ഒരു ഗൃഹപാഠ ഷെഡ്യൂള്‍ ഉണ്ടാകുന്നതോടെ അത് നിര്‍ബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണെന്ന് കുട്ടികള്‍ക്ക് ബോധ്യമാകും. ഗൃഹപാഠത്തിനായി ഓരോ ദിവസവും ഒരു പ്രത്യേക സമയം നിശ്ചയിക്കുന്നതും അത് കൃത്യമായി പാലിക്കുന്നതും ഇതൊരു ശീലമാക്കി മാറ്റാന്‍ സഹായിക്കും. ഗൃഹപാഠം ചെയ്യുന്നത് ശീലമാകുന്നതോടെ അസൈന്‍മെന്റുകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള കഴിവും അക്കാദമിക്ക് മേഖലയിലെ വളര്‍ച്ചയും മെച്ചപ്പെടും. ഈ നല്ല ശീലം തുടരുന്നതിനുള്ള ചാലക ശക്തിയായി അത് വര്‍ത്തിക്കും.
ഹോം വര്‍ക്ക് ചെയ്യുന്നതിന് ഒരു പ്രത്യേക പഠന ഇടം വേണം
കുട്ടികളിലെ ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട അക്കാദമിക്ക് വളര്‍ച്ച ഉണ്ടാകുന്നതിനും ശാന്തവും സുസജ്ജവുമായ ഒരു പഠന ഇടം നിശ്ചയിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഏതെങ്കിലും ഒരു പ്രത്യേക ഇടം പഠിക്കുന്നതിനായി മാറ്റി വെക്കാന്‍ സാധിച്ചാല്‍ കുട്ടികളിലെ അശ്രദ്ധ കുറയ്ക്കാനും ആ ഇടം പഠനത്തിനുള്ളതാണെന്ന ബോധ്യം വളരാനും സഹായിക്കും. ഈ പഠന ഇടങ്ങളില്‍ കുട്ടികള്‍ക്ക് ആവശ്യമായ പേനകള്‍, പേപ്പറുകള്‍, റഫറന്‍സ് ബുക്കുകള്‍ എന്നിവയെല്ലാം അവരുടെ വിരല്‍ത്തുമ്പില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ മറക്കരുത്.
പഠനത്തോട് പോസിറ്റീവ് മനോഭാവം വളര്‍ത്തിയെടുക്കാം
ഗൃഹപാഠം ചെയ്യുന്നത് ഒരു ഭാരമായി കാണുന്ന നിരവധി കുട്ടികളുണ്ട്. അവരില്‍ പഠനത്തോടുള്ള പോസിറ്റീവ് മനോഭാവം വളര്‍ത്തിയെടുത്താല്‍ ഗൃഹപാഠം ചെയ്യുന്നത് അവര്‍ക്ക് ഇഷ്ടമുള്ള കാര്യമായി മാറും. ഗ്രേഡുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, പഠിക്കാനുള്ള കുട്ടികളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കാന്‍ മാതാപിതാക്കള്‍ക്കാകണം. മാതാപിതാക്കളുടെ ഭാഗത്തു നിന്നുള്ള ഈ പ്രോത്സാഹനം കുട്ടികളില്‍ പഠനത്തോട് ഒരു പോസിറ്റീവ് മനോഭാവം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. അത് ഉത്സാഹത്തോടെയും ബുദ്ധിമുട്ടുള്ള ജോലികള്‍ കൈകാര്യം ചെയ്യാനുള്ള സന്നദ്ധതയോടെയും ഗൃഹപാഠത്തെ സമീപിക്കാന്‍ കുട്ടികളെ സഹായിക്കും.
കുട്ടികള്‍ ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ഇടപെടണമോ?കുട്ടികളുടെ അക്കാദമിക് വളര്‍ച്ചയില്‍ മാതാപിതാക്കളുടെ ഇടപെടല്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് എപ്സ്റ്റെയ്ന്‍ ജോയ്‌സിന്റെയും വാന്‍ വൂര്‍ഹിസ്ന്റെയും (2001) ഗവേഷണങ്ങള്‍ തെളിയിക്കുന്നു. കുട്ടികളുടെ ഹോംവര്‍ക്ക് സെഷനുകളില്‍ മാതാപിതാക്കള്‍ സജീവമായി ഇടപഴകണം. അതിന്റെ അര്‍ത്ഥം കുട്ടികളുടെ ഗൃഹപാഠം മാതാപിതാക്കള്‍ ചെയ്യണമെന്നല്ല, മറിച്ചു ഗൃഹപാഠം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കണമെന്നാണ്. കുട്ടികളുടെ അസൈന്‍മെന്റുകള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന മാതാപിതാക്കളാണെങ്കില്‍ നിര്‍ബന്ധമായും ആ അവസരം ഉപയോഗപ്പെടുത്തണം.
വിവേകത്തോടെ സമ്മാനങ്ങള്‍ നല്‍കാം
കുട്ടികള്‍ ഗൃഹപാഠം ചെയ്ത് കഴിയുമ്പോള്‍ പ്രോത്സാഹനമായി അഭിനന്ദനങ്ങളും സമ്മാനങ്ങളുമെല്ലാം നല്‍കാവുന്നതാണ്. പ്രോത്സാഹനങ്ങള്‍ ശക്തമായ പ്രചോദനമാകുമെങ്കിലും, അവ വിവേകത്തോടെ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഗൃഹപാഠം ചെയ്യാന്‍ വേണ്ട കൈക്കൂലിയായോ പ്രതിഫലമായോ ഈ സമ്മാനങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തരുത്. മറിച്ചു അവരുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായിരിക്കണം. കാമറൂണിന്റെയും പിയേഴ്‌സിന്റെയും (1994) ഗവേഷണം സൂചിപ്പിക്കുന്നത്, സമ്മാനങ്ങള്‍ കൈക്കൂലിയായി ഉപയോഗിക്കുന്നതിനുപകരം കുട്ടികളുടെ പ്രയത്‌നത്തിനുള്ള അംഗീകാരമായി നല്‍കുമ്പോള്‍ അത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ്. കഠിനാധ്വാനം നല്ല ഫലങ്ങളിലേക്ക് നയിക്കുമെന്ന ആശയം ശക്തിപ്പെടുത്തിക്കൊണ്ട് ഹോംവര്‍ക്ക് ചെയ്യുന്ന കുട്ടിക്ക് ഒരു റിവാര്‍ഡ് സംവിധാനം ഒരുക്കാന്‍ മാതാപിതാക്കള്‍ക്കാവും