ADVERTISEMENT

പരീക്ഷ ചില കുട്ടികൾ‌ക്കു ജീവന്മരണ പോരാട്ടമാണ്. മറ്റു ചിലർ ഉന്നതവിജയം മാത്രം ലക്ഷ്യമിടുന്നവരായിരിക്കും. പരീക്ഷ വന്നാലും പോയാലും ബാധിക്കാത്തവരുമുണ്ടാകും. പരീക്ഷാക്കാലമായാൽ സമ്മർദത്തിനു കീഴടങ്ങുന്നവരിൽ ഈ എല്ലാ വിഭാഗക്കാരും ഉണ്ടാകും. ഉത്കണ്ഠയും പേടിയുമൊക്കെ കുട്ടികളെ പിടികൂടുന്ന പരീക്ഷക്കാലത്ത് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് കുട്ടികളുടെ ഭക്ഷണരീതി. സാധാരണഗതിയിൽ ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുന്ന കുട്ടികൾ പോലും പരീക്ഷാസമയത്ത് ജങ്ക് ഫുഡിലേക്ക് മാറുന്നത് കാണാം. എന്നാൽ ഇതൊരു നല്ല ശീലമല്ല. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാത്തത് മറ്റു പല പ്രശ്നങ്ങളിലേക്കും വഴി തെളിക്കും. അതുകൊണ്ടുതന്നെ പരീക്ഷക്കാലമായാൽ കുട്ടികളുടെ ഭക്ഷണരീതിയിൽ കൂടി മാതാപിതാക്കൾ ശ്രദ്ധിക്കണം.

1303809552
Representative Image. Photo Credit : Deepak Sethi / iStockPhoto.com

പ്രാതൽ രാജാവിനെപ്പോലെ, അത് ഒഴിവാക്കരുത്
ഒരു ദിവസത്തേക്ക് ആവശ്യമായ എല്ലാ ഊർജവും സംഭരിച്ചു തുടങ്ങുന്നത് പ്രഭാതഭക്ഷണത്തിൽ നിന്നാണ്. ബ്രേക്ക് ഫാസ്റ്റ് ബ്രയിൻ ഫുഡ് എന്നു കൂടിയാണ് അറിയപ്പെടുന്നത്. അൽപം കനത്തിൽത്തന്നെ പ്രഭാതഭക്ഷണം കഴിക്കാം. കാരണം, രാത്രിയിലെ മണിക്കൂറുകൾ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിക്കുന്ന ആഹാരമാണ് പ്രാതൽ. ഒരു ദിവസം മുഴുവൻ ശരീരത്തിന് ഊർജസ്വലമായി പ്രവർത്തിക്കാനുള്ള ഇന്ധനം പോലെയാണ് അത്. പോഷകസമ്പുഷ്ടമായ ആഹാരമായിരിക്കണം അത്, ഒപ്പം പ്രോട്ടീൻ സമ്പന്നവും. ഓട്സ്, ഉപ്പുമാവ്, മുട്ട, പയറ് മുളപ്പിച്ചത് പോലുള്ളവ, ചന്ന, ഇഡ്ഡലി മുതലായവ മികച്ച പ്രഭാതഭക്ഷണമാണ്. ഇത് മികച്ച രീതിയിൽ ഗ്ലൂക്കോസ് പ്രദാനം ചെയ്യുന്നു.  മികച്ച പ്രഭാതഭക്ഷണം കുട്ടിയുടെ ഏകാഗ്രതയും ബുദ്ധിശക്തിയും മെച്ചപ്പെടുത്തുന്നു.

പഠനത്തിന്റെ ഇടവേളകളിൽ ലഘുഭക്ഷണങ്ങൾ
സാധാരണഗതിയിൽ മൂന്ന് നേരം വയറു നിറയെ ഭക്ഷണം കഴിക്കുന്നതാണ് മലയാളികളുടെ രീതി. എന്നാൽ, പഠിക്കുന്ന കുട്ടികൾക്ക് അനുയോജ്യമല്ല ഇത്. മൂന്നു നേരം മാത്രം വയറു നിറച്ച് ഭക്ഷണം കഴിക്കുന്നത് കുട്ടികൾക്ക് ഉറക്കം വരാനും ആലസ്യം ഉണ്ടാകാനും കാരണമാകും. അതിനു പകരം ഇടയ്ക്കിടെ പോഷകസമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ കഴിക്കാം. ഇത് ഉണർന്നിരിക്കാനും ഏകാഗ്രതയോടെ പഠിക്കാനും കുട്ടികളെ സഹായിക്കുന്നു. പഴങ്ങൾ, സ്മൂത്തികൾ, ഡ്രൈ ഫ്രൂട്സ്, സൂപ്പുകൾ, സാലഡുകൾ എന്നിവ ലഘുഭക്ഷണമായി ഇടയ്ക്കിടെ നൽകാം.

പഠിക്കുന്ന കുട്ടികൾക്ക് പ്രോട്ടീൻ നിർബന്ധം
പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം പഠിക്കുന്ന കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കണം. കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എളുപ്പം ദഹിക്കും. അതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ച് കുറച്ച് കഴിയുമ്പോഴേക്കും വിശക്കാൻ തുടങ്ങും. എന്നാൽ, പ്രോട്ടീൻ സാവധാനത്തിലാണ് ദഹിക്കുക. അതുകൊണ്ടുതന്നെ സ്ഥിരമായ ഊർജം നമുക്ക് ലഭിക്കുകയും ചെയ്യുന്നു. പ്രോട്ടീൻ ഭക്ഷണമായ മുട്ട, മുളപ്പിച്ചത്, ചന്ന എന്നിവ രക്തത്തിലെയും തലച്ചോറിലെയും ടൈറോസിൻ അളവ് വർധിപ്പിക്കുകയും കുട്ടികളെ ഉണർന്നിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

balanced-diet-lunch-box-fcafotodigital-istock-com
Representative Image. Photo Credit : Fcafotodigital / iStockPhoto.com

വെള്ളം കുടിക്കാൻ മറക്കരുത്
പഠനത്തിരക്കിൽ കുട്ടികൾ വെള്ളം കുടിക്കാൻ മറന്നു പോകാം. എസി മുറിയാണെങ്കിൽ പറയുകയും വേണ്ട. ശരീരത്തിൽ നിർജലീകരണം സംഭവിച്ചാൽ ശരീരം തളരുകയും പഠനത്തിൽ ശ്രദ്ധ കുറയുകയും ചെയ്യും. അതുകൊണ്ട് പഠിക്കുന്ന മേശയ്ക്ക് അരികിൽ ഒരു കുപ്പി വെള്ളം വയ്ക്കാനും കൃത്യമായ ഇടവേളകളിൽ കുടിക്കാനും കുട്ടികളെ ഓർമിപ്പിക്കണം. പഴം, ജൂസുകൾ, മോരുവെള്ളം, നാരങ്ങ വെള്ളം, കരിക്ക് വെള്ളം എന്നിവയും കുട്ടികൾക്ക് ഇടയ്ക്കിടെ നൽകാം. കാപ്പി, ചായ തുടങ്ങിയവ ഒഴിവാക്കുകയും വേണം. കോള, എനർജി ഡ്രിങ്കുകൾ, കാപ്പി, ചായ എന്നിവ ഉറക്കത്തിന് തടസം സൃഷ്ടിക്കും. പരീക്ഷക്കാലത്ത് ഉറക്കം തടസപ്പെടുന്നത് പഠനത്തെയും മറ്റ് പ്രവർത്തനങ്ങളെയും ബാധിക്കും.

food-milk-drinking-kid-deepak-sethi-istockphoto-com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

തൽക്കാലത്തേക്ക് മധുരത്തിനോട് ബൈ പറയാം
മധുരപലഹാരങ്ങൾ ഒഴിവാക്കുന്നത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്. മധുരം ഒഴിവാക്കുന്നത് കൂടുതൽ ഊർജം നൽകും. ബ്രെഡ്, കുക്കീസ്, ഐസ്ക്രീം പോലുള്ള മധുരപലഹാരങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. മധുര പലഹാരങ്ങൾ കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറയുന്നതു പോലെ തോന്നുമെങ്കിലും കുറച്ച് കഴിയുമ്പോൾ വീണ്ടും വിശക്കാൻ തുടങ്ങും. ഇത് കൂടുതൽ ജങ്ക് ഫുഡ് കഴിക്കാനുള്ള തോന്നലുണ്ടാക്കും. സ്ട്രസ് ലെവൽ ഉയരാൻ ജങ്ക് ഫുഡ് കാരണമാകും. ഉറക്കത്തിനെ തടസപ്പെടുത്തുകയും ശ്രദ്ധക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ഇതെല്ലാം കുട്ടികളുടെ പഠനത്തെയാണ് ബാധിക്കുക.

സമ്മർദത്തെ ലഘൂകരിക്കുന്ന ഭക്ഷണങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
പരീക്ഷ എന്നത് സമ്മർദം നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുലവണങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വൈറ്റമിൻ ബി കോംപ്ലക്സ്, സി, സിങ്ക് പോലുള്ളവ ശരീരത്തിന് വളരെ ആവശ്യമാണ്. ഇവയാണ് സമ്മർദത്തെ അതിജീവിക്കാൻ സഹായിക്കുന്ന അഡ്രിനാലിൻ പോലുള്ള ഹോർമോണുകളുടെ പ്രവർത്തനത്തിന് സഹായിക്കുന്നത്. ബ്രൗൺ റൈസ്, നട്സ്, മുട്ട, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കുട്ടികൾക്ക് പരീക്ഷാക്കാലമായാൽ നൽകാവുന്ന ഭക്ഷണസാധനങ്ങളാണ്. മുട്ട, മത്സ്യം, കാരറ്റ്, മത്തങ്ങ, ഇലക്കറികൾ, പഴങ്ങൾ എന്നിവ കുട്ടികൾക്ക് നൽകുന്നത് അവരുടെ പ്രതിരോധശക്തിയെ വർധിപ്പിക്കുകയും പരീക്ഷാക്കാലങ്ങളിൽ അസുഖബാധിതരാകുന്നത് ഒഴിവാക്കുകയും ചെയ്യും.

kid-breakfast-time-prostock-studio-istock-photo-com
Representative Image. Photo Credit : Prostock-Studio / iStockPhoto.com

ഓർമശക്തി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണം നൽകാം
ഓർമ ശക്തമാക്കാനും തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കാനും ഒമേഗ 3 ഫാറ്റി ആസിഡ് ആവശ്യമാണ്. മത്സ്യമാണ് ഒമേഗ 3 ഫാറ്റി ആസിഡിന്റെ പ്രധാന ഉറവിടം. മാംസാഹാരം, മത്സ്യം എന്നിവ കഴിക്കാത്തവർക്ക് വാൽനട്ട്, ഫ്ലാക്സ് സീഡ്സ്, മത്തങ്ങ വിത്തുകൾ, എള്ള്, സോയാബിൻ ഓയിൽ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്റുകളും വിപണിയിൽ ലഭ്യമാണ്. 

പരീക്ഷക്കാലത്തു വീട്ടിലെ ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. പരീക്ഷയുടെ സമ്മർദം കുട്ടികളുടെ പ്രതിരോധ ശക്തിയെ ബാധിക്കും. പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും അസുഖങ്ങളിലേക്ക് വഴി തെളിക്കുകയും ചെയ്യും. അതുകൊണ്ട് പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ഇക്കാര്യങ്ങൾ ശീലിച്ചാൽ സമ്മർദം ഇല്ലാതാക്കി സുഖമായി പരീക്ഷയെ അഭിമുഖീകരിക്കാം. ഭക്ഷണശീലത്തിൽ മേൽപറഞ്ഞവ ഉൾപ്പെടുത്തുന്നത് ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കുകയും പരീക്ഷയെ നിസ്സാരമായി നേരിടാൻ കുട്ടികളെ സഹായിക്കുകയും ചെയ്യും.
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

English Summary:

What kind of diet should be taken before exams and why?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com