കുട്ടികളും അറിയേണ്ടേ കുടുംബത്തിന്റെ വരുമാനം; സാമ്പത്തിക സാക്ഷരതയും മുഖ്യം
Mail This Article
കുട്ടികളില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തിയെടുക്കുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്തമാണ്. എന്നാല്‍ ചില രക്ഷിതാക്കളെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നതില്‍ വിമുഖത പ്രകടിപ്പിക്കാറുണ്ട്. പ്രീസ്‌കൂള്‍ മുതല്‍ പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുടുംബങ്ങള്‍ വലിയ സാമ്പത്തിക വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോള്‍ കുട്ടികള്‍ അക്കാര്യം അറിയേണ്ടതുണ്ടോ അല്ലെങ്കില്‍ പണസംബന്ധമായ വിഷയങ്ങള്‍ കുട്ടികളോട് എങ്ങനെ വിശദീകരിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്.
കുട്ടികള്‍ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ അറിഞ്ഞു വളരട്ടെ
കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മനസ്സിലാക്കി വേണം കുട്ടികള്‍ വളരാന്‍. കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അക്കാര്യം മറച്ചു വയ്ക്കേണ്ടതില്ല. അത് അറിയിക്കാതെ കുട്ടികളെ വളര്‍ത്തുന്നത് നല്ല പ്രവണതയല്ല. സാമ്പത്തികാസൂത്രണം എന്താണെന്നു പഠിക്കാനുള്ള അവസരമാണ് കുട്ടികള്‍ക്കു നഷ്ടമാകുന്നത്. അത്ര സുഖകരമായ സാമ്പത്തികാവസ്ഥയല്ല ഉള്ളതെങ്കിലും അത്തരം കാര്യങ്ങളൊന്നും അറിയാതെ വളരുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. അതേസമയം, കുടുംബത്തിലെ ഏറ്റവും മോശം സാമ്പത്തികാവസ്ഥ കുട്ടികളോടു പറഞ്ഞ് അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികളുടെ പ്രായത്തിനനുസരിച്ച്, അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയില്‍ പണസംബന്ധമായ കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന് ചുരുക്കം.
സാമ്പത്തിക സാക്ഷരതയിലേക്കുള്ള കുറുക്കുവഴി
കുട്ടികള്‍ക്ക് സാമ്പത്തിക സാക്ഷരത നല്‍കുന്നതിനുള്ള ഏറ്റവും എളുപ്പ വഴി പ്രതിമാസ ചെലവുകളും വരവുകളും അവരോടൊപ്പം ഇരുന്ന് കണക്കുകൂട്ടുന്നതാണെന്ന് ദ് മണി മാസ്റ്ററിന്റെ രചയിതാവ് സാന്‍ഡി യോങ് പറയുന്നു. ‘‘പ്രതിമാസ ബില്ലുകള്‍ അടയ്ക്കുമ്പോള്‍, ഒരു കുടുംബം നടത്തുന്നതിന് എത്ര ചെലവാകുമെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. വൈദ്യുതി, വെള്ളം, സ്ട്രീമിങ് സേവനങ്ങള്‍, സബ്സ്‌ക്രിപ്ഷനുകള്‍, ഇന്റര്‍നെറ്റ്, സെല്‍ ഫോണ്‍ ബില്ലുകള്‍, വീട്ടു സാധനങ്ങള്‍ എന്നിവയ്ക്ക് നല്‍കേണ്ടി വരുന്ന തുക കുട്ടികളും അറിയണം. വൈദ്യുതി ബില്‍ കുറയ്ക്കുന്നതിനുള്ള വഴികള്‍ അവരോട് ആരായാം. അവരുടെ അഭിപ്രായം അനുസരിച്ചു ചെയ്തിട്ട് വൈദ്യുതി ബില്‍ കുറയുകയാണെങ്കില്‍ ചെറിയ സമ്മാനങ്ങള്‍ നല്‍കാം. അങ്ങനെ കുട്ടികളെ സാമ്പത്തിക സാക്ഷരതയുടെ വലിയ പാഠങ്ങള്‍ പഠിപ്പിക്കാം’’– യോങ് പറയുന്നു.
സാധനങ്ങള്‍ വാങ്ങുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടുന്നതും ബില്ലുകള്‍ അവരെ കൊണ്ട് കൊടുപ്പിക്കുന്നതുമെല്ലാം സാമ്പത്തിക കാര്യങ്ങളില്‍ അവരുടെ താൽപര്യം വര്‍ധിപ്പിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വീട്ടുചെലവുകളെക്കുറിച്ചുള്ള പ്രായോഗിക ഉള്‍ക്കാഴ്ചകള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നു.
ബജറ്റിങ് പരിചയപ്പെടുത്താം, സമ്പാദ്യ ശീലം വളര്‍ത്താം
പണം സൂക്ഷിക്കേണ്ടതെങ്ങനെയെന്ന് മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം. സേവിങ്‌സ് എന്ന ആശയം ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികളെ പഠിപ്പിക്കുന്നത് ഭാവിയില്‍ അവര്‍ക്ക് വലിയ സഹായമാകും. കയ്യിലുള്ള സമ്പാദ്യം എങ്ങനെ ബുദ്ധിപരമായി ചെലവഴിക്കണമെന്ന് രക്ഷിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം. കാശു കുടുക്കകള്‍ പോലെയുള്ള സമ്പാദ്യ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാം. അതോടൊപ്പം ബജറ്റിങ് എന്താണെന്ന് കുട്ടികളെ പരിചയപ്പെടുത്തുന്നതില്‍ ഒരു മടിയും വേണ്ട. ചെറിയ കുട്ടികളോട് ബജറ്റിങ് എന്ന ആശയം അവതരിപ്പിക്കുന്നത്, അതിന്റെ ഏറ്റവും ലളിതമായ രൂപത്തില്‍ പോലും, ബുദ്ധിപരമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ കുട്ടികളെ പഠിപ്പിക്കും.
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ