ADVERTISEMENT

സ്മാർട്ഫോണുകള്‍ ശരീരത്തിന്റെ ഒരു ഭാഗമെന്ന പോലെയായ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മാതാപിതാക്കളുടെ അമിതമായ സെല്‍ഫോണ്‍ ഉപയോഗം കുട്ടികളുടെ ഭാഷാ വികാസത്തിലും ആശയവിനിമയ വൈദഗ്ധ്യത്തിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ക്കു ഫോണ്‍ കൊടുക്കാതിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് മാതാപിതാക്കളുടെ അമിത ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതും.

ഒരു വ്യക്തിയുടെ ശൈശവാവസ്ഥയിലാണ് സംസാരത്തിന്റെയും ഭാഷാ വികാസത്തിന്റെയും അടിസ്ഥാനം രൂപപ്പെടുന്നത്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഇടപെടലുകളിലാണ് അതിന്റെ വേരൂന്നിയിരിക്കുന്നത്. രക്ഷിതാക്കള്‍ സംസാരത്തിലൂടെയും ആംഗ്യഭാഷയിലൂടെയുമെല്ലാം കുട്ടികളുമായി ഇടപഴകുമ്പോള്‍ അവരുടെ ഭാഷയുടെയും സംസാരത്തിന്റെയും ലോകം പടര്‍ന്ന് പന്തലിക്കുന്നു.

little-girl-playing-with-tablet-and-smiling-gaudilab-shutterstock-com
Representative Image. Photo Credit : GaudiLab / Shutterstock.com

മാതാപിതാക്കള്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണുകളില്‍ മുഴുകിയിരിക്കുമ്പോള്‍ കുട്ടികളുമായി ആശയവിനിമയം നടത്താനുള്ള സമയം ലഭിക്കാതെ വരുന്നു. ഭക്ഷണ സമയത്തു പോലും ഫോണില്‍ മുഴുകിയിരിക്കുന്ന രക്ഷിതാക്കള്‍ വാക്കാലുള്ള ആശയവിനിമയത്തില്‍ 20% കുറവും വാക്കുകളുപയോഗിക്കാതെയുള്ള ആശയവിനിമയത്തില്‍ 39% കുറവും വരുത്തുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് കുട്ടികള്‍ക്ക് ഭാഷാ വികസനത്തിനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു. അങ്ങനെ പ്രായത്തിനനുസരിച്ചു സ്വാഭാവികമായി ഉണ്ടാകേണ്ട ഭാഷാപരിജ്ഞാനം കുട്ടികള്‍ക്ക് ഇല്ലാതെ പോകുന്നു. 

ഭാഷാ സമ്പാദനം ഉള്‍പ്പെടെയുള്ള പുതിയ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുമ്പോഴാണ് ഇതിന്റെ യഥാർഥ ഭീകരത രക്ഷിതാക്കള്‍ക്ക് മനസ്സിലാകുന്നത്. ഫോണില്‍ ശ്രദ്ധ പോകുന്നതിനാല്‍ കുട്ടികളുമായി നല്ല രീതിയില്‍ ഇടപെടാന്‍ സാധിക്കാതെ വരുന്ന രക്ഷിതാക്കള്‍ക്ക് പുതിയ വാക്കുകളും കാര്യങ്ങളുമെല്ലാം കുട്ടികളെ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മാതാപിതാക്കളുടെ ഭാഷ കുട്ടികള്‍ക്ക് മനസ്സിലാകാതെ വരുന്നതാണ് ഇതിന് കാരണം. കുട്ടികൾക്കൊപ്പമായിരിക്കുമ്പോൾ ഫോണിലേക്ക് ശ്രദ്ധ പോകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഫോണ്‍ രഹിത സമയം തീരുമാനിക്കാം
ഈ സമയത്ത്, നിങ്ങളുടെ ഫോണ്‍ ഓഫാക്കുക അല്ലെങ്കില്‍ മറ്റൊരു മുറിയില്‍ വയ്ക്കുക. നിങ്ങളുടെ കൊച്ചുകുട്ടിയുമായി ഇടപഴകുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

നോട്ടിഫിക്കേഷനുകള്‍ സൈലന്റ് ആക്കാം
ഫോണില്‍ലെ നോട്ടിഫിക്കേഷന്‍ അലേർട്ട് ടോൺ അവഗണിക്കുന്നത് പലര്‍ക്കും അത്ര എളുപ്പമല്ല. കുട്ടികളുടെ കൂടെ ആയിരിക്കുമ്പോള്‍ നോട്ടിഫിക്കേഷൻ ടോൺ സൈലന്റ് ആക്കി വെക്കാന്‍ സാധിക്കുകയാണെങ്കില്‍ ഒരു പരിധി വരെ കുട്ടികള്‍ക്ക് ശ്രദ്ധ കൊടുക്കാനും അവരോട് സംവദിക്കാനും മാതാപിതാക്കള്‍ക്ക് സാധിക്കും. 

ഫോണ്‍ നിരോധന സ്ഥലങ്ങള്‍ ക്രമീകരിക്കാം
കുട്ടികളുടെ കൂടെ ആയിരിക്കാന്‍ സാധ്യതയുള്ള ചില ഇടങ്ങള്‍ ഫോണ്‍ നിരോധന സ്ഥലങ്ങളായി തീരുമാനിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് വലിയ ഫലം ചെയ്യും. ഉദാഹരണത്തിന് നിങ്ങളുടെ കുട്ടി ഭക്ഷണം കഴിക്കുന്ന സ്ഥലം. ആ സമയം മുഴുവനും നിങ്ങള്‍ക്ക് കുട്ടിക്കൊപ്പമിരുന്ന് സംസാരിക്കാം.

ഫോണ്‍ അത്ര ആകര്‍ഷകമാക്കേണ്ടതില്ല
ഫോണിന്റെ ഹോം സ്ക്രീനിൽത്തന്നെ നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ആപ്പുകള്‍ വക്കാതിരിക്കുക. അപ്പോള്‍ അവ ആക്സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് എളുപ്പമാകില്ല. ഫലത്തില്‍ അത് കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ രക്ഷിതാക്കളെ സഹായിക്കും. 

gadget-addict-mother-and-father-using-mobile-phone-sam-wordley-shutterstock-com
Representative Image. Photo Credit : Marcos Mesa Sam Wordley / Shutterstock.com

കുട്ടികളോടൊപ്പം ആയിരിക്കുമ്പോള്‍ ഫോണ്‍ ഒരു കാരണവശാലും ഉപയോഗിക്കരുത് എന്നല്ല പറഞ്ഞു വരുന്നത്. കുട്ടിയോടൊപ്പം ആയിരിക്കുമ്പോള്‍ അത്യാവശ്യമെങ്കില്‍ മാത്രം ഫോണ്‍ ഉപയോഗിക്കുക എന്നാണ്. ശരിയായി ഉപയോഗിക്കുകയാണെങ്കില്‍ സ്മാർട്ഫോണുകള്‍ക്ക് മാതാപിതാക്കളുടെയും കുട്ടികളുടെയും ഇടപഴകല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. എന്നാല്‍ കുട്ടികളെ മാറ്റി നിര്‍ത്തി ഫോണില്‍ മുഴുകിയിരിക്കുന്നത് കുട്ടികളുടെ ഭാഷാപരമായ വളര്‍ച്ചയെ പ്രതികൂലമായിബാധിക്കും.
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

മാതാപിതാക്കളുടെ അമിത ഫോണ്‍ ഉപയോഗം - Gadget Addiction | Parenting Skills | Digital detox
English Summary:

Early exposure to gadgets may cause speech delay in kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com