കുട്ടികളെ അമിതമായി ലാളിച്ചാൽ വലുതാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുമോ?
Mail This Article
ചോദ്യം : കുറേക്കാലത്തിനു ശേഷം വീട്ടിൽ ഒരു കുട്ടിയുണ്ടായതാണ്. അതുകൊണ്ട് എല്ലാവരും അവനെ അമിതമായി ലാളിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് അവൻ വലുതാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുമോ?
ഉത്തരം: സ്നേഹവും ലാളനയും ലഭിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. കുട്ടിക്കാലത്തു സ്നേഹം ലഭിക്കാത്തതാണ് മുതിർന്നവരിൽ പല വ്യക്തിത്വ പ്രശ്നങ്ങൾക്കും കാരണമാകുക എന്നും കണ്ടെത്തിയിട്ടുണ്ട്. ‘സ്നേഹിച്ചു വഷളാക്കി’ എന്നു പലരും പറയുന്നതു കേട്ടിട്ടുണ്ട്. സ്നേഹിക്കുന്നതു കൊണ്ടു കുട്ടികള്‍ വഷളാകാനിടയില്ല. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്നും പ്രകടിപ്പിക്കാത്ത സ്നേഹം വ്യർഥമാണെന്നും ഒരു പ്രയോജനവും ഇല്ലാത്തതാണെന്നും പറയാറുണ്ട്. അതു കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല, മുതിർന്നവരുടെ കാര്യത്തിലും ശരിയാണ്. വാക്കിലോ പ്രവൃത്തിയിലോ പ്രകടിപ്പിക്കാത്ത സ്നേഹം ആരും അറിയുന്നില്ലല്ലോ. എന്നാൽ സ്നേഹത്തിന് അതിരുകള്‍ ഉണ്ടെന്ന് കുട്ടികൾ മനസ്സിലാക്കണം. സ്നേഹം എന്നത് എന്തും ചെയ്യുന്നതിനുള്ള അധികാരമല്ലെന്നും സ്വയം നിയന്ത്രണത്തിനുള്ള ഉത്തരവാദിത്തമാണെന്നും കുട്ടികൾ അറിയണം. ആഗ്രഹങ്ങൾക്ക്, ആവശ്യങ്ങൾക്ക്, അവകാശങ്ങൾക്ക് ഒക്കെ അതിരുകൾ ഉണ്ടെന്നും കുട്ടികൾ മനസ്സിലാക്കണം. അതു ചെറിയ പ്രായത്തിൽത്തന്നെ തുടങ്ങണം. ‘നല്ലത്’ പറയുമ്പോഴും ‘നല്ലത്’ ചെയ്യുമ്പോഴും അംഗീകാരവും പരിഗണനയും നൽകുക. തെറ്റായ, അല്ലെങ്കിൽ ശരിയല്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ അതു ശരിയല്ല എന്നു കുട്ടികൾക്കു മനസ്സിലാക്കിക്കൊടുക്കുന്നതും സ്നേഹത്തിന്റെ ഭാഗമാണ്.
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ