വേനലവധിയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര പോയാലോ? ഇക്കാര്യങ്ങള്‍ മറക്കരുതേ
Mail This Article
വേനലവധിയാണ്. പരീക്ഷാച്ചൂട് കഴിഞ്ഞ് കുട്ടികള്‍ അവധിയാഘോഷിക്കുന്ന സമയം. എന്നാല്‍ പരീക്ഷാച്ചൂട് മാത്രമേ കഴിഞ്ഞിട്ടുള്ളൂ, വേനലിന്റെ ചൂടിന് യാതൊരു കുറവുമില്ല. എന്നു കരുതി വെയില്‍ കൊള്ളാതിരിക്കാന്‍ കുട്ടികളെ പുറത്തിറക്കേണ്ടെന്നു കരുതുന്നതും ശരിയല്ല. ക്ലാസും ഹോംവര്‍ക്കും പഠിത്തവും പരീക്ഷയുമൊക്കെ കഴിഞ്ഞ് ഇനിയൊന്നു റിലാക്‌സ് ചെയ്യാനുള്ള മൂഡിലാണ് കുട്ടികള്‍. അപ്പോള്‍ അവരെ നിരാശ്ശപ്പെടുത്താതിരിക്കാന്‍ ചെറിയ യാത്രകളാവാം.
യാത്ര പോകാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം. എങ്ങോട്ടു തിരിഞ്ഞാലും ചൂടും പൊടിയുമാണ്. കുട്ടികളും ഒപ്പം മുതിര്‍ന്നവരും കൂടുതല്‍ അവശരാകാനല്ല, മറിച്ച് കൂളാവാനാകണം യാത്ര ഉപകരിക്കേണ്ടത്. അതിനാല്‍ യാത്ര ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കാം.
കൂളാവാം ജലാശയങ്ങള്‍ തേടാം
അതികഠിനമായ വേനലില്‍ കൂളാവാന്‍ കഴിയുന്ന ഇടങ്ങള്‍ തിരഞ്ഞെടുക്കാം. ജലാശയങ്ങളുള്ള ഇടങ്ങളിലേക്കാവാം യാത്ര. തോടും പുഴയും പാടവും കുളങ്ങളും ബീച്ചുമെല്ലാം യാത്രയിലിടം പിടിക്കണം. മനസ്സ് മാത്രമല്ല ശരീരവും നന്നായി തണുപ്പിച്ച് വേനലിന്റെ ചൂടകറ്റാം.
സൂര്യാഘാതം തടയാന്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധം
എത്രയൊക്കെ ശ്രദ്ധിച്ചാലും സൂര്യാഘാതമുണ്ടാകും. അതി കഠിനമായ സൂര്യതാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സണ്‍സ്‌ക്രീമുകള്‍ ഉപയോഗിക്കുക തന്നെ വേണം. നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്കുള്ള വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കാം. അയഞ്ഞതും ഇളം നിറങ്ങളിലുള്ളതും കോട്ടണ്‍ വസ്ത്രങ്ങളും തിരഞ്ഞെടുക്കാം. കുട്ടികള്‍ക്കായി സണ്‍സ്‌ക്രീം തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ പ്രായത്തിനും ചര്‍മ്മത്തിനും അനുയോജ്യമായത് തിരഞ്ഞെടുക്കുക.
വെള്ളം കരുതാം നിര്‍ജ്ജലീകരണമൊഴിവാക്കാം
ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികള്‍ക്കും നിര്‍ബന്ധമായും വെള്ളം നല്‍കണം. ചൂടിന്റെ കടുപ്പം ശരീരത്തെ പെട്ടന്ന് നിര്‍ജ്ജലീകരിക്കുന്നതിനാല്‍ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാരിക്കാനും മറ്റ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്നത് വീട്ടില്‍ നിന്നു കരുതുന്ന ശുദ്ധജലം തന്നെ ആയിരിക്കുന്നതാണ് നല്ലത്. ലഘുഭക്ഷണം കരുതാനും മറക്കരുത്.
കുട്ടികളോട് ചോദിക്കാം ഇഷ്ടങ്ങളറിയാം
യാത്ര പോകുമ്പോള്‍ കുട്ടികളോടും അഭിപ്രായങ്ങള്‍ ചോദിക്കുന്നതും അവരുടെ കൂടെ ഇഷ്ടങ്ങളറിയുന്നതും ഗുണം ചെയ്യും. തിരക്കുള്ള സ്ഥലങ്ങളിലേക്കാണ് പോകുന്നതെങ്കില്‍ കുട്ടികളുടെ മേല്‍ എപ്പോഴും ശ്രദ്ധയുണ്ടായിരിക്കണം. പോകുന്ന സ്ഥലത്തെക്കുറിച്ച് കുട്ടികള്‍ക്ക് കൃത്യമായ ധാരണ നല്‍കാം. കുട്ടികള്‍ക്കോ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ക്കോ യാത്രയ്ക്കി ടയില്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളനുഭവപ്പെടുകയോ അസ്വസ്ഥതയുണ്ടാവുകയോ ചെയ്താല്‍ പെട്ടന്ന് എത്തിക്കാനായി സമീപത്തെ ആശുപത്രികളേതാമെന്ന് നോക്കി വെക്കുന്നതും ഗുണം ചെയ്യും.