ADVERTISEMENT

ചോദ്യം: ഇളയ മകന് ഇപ്പോൾ 5 വയസ്സായി. കഴിഞ്ഞ ഒരു മാസമായി അവനു ഭയങ്കര വാശിയും ദേഷ്യവും ആണ്. ഉറങ്ങാൻ മടി, സ്കൂളിൽ പോകാൻ മടി. അവന്റെ മുത്തച്ഛൻ മരിച്ചതിനുശേഷമാണ് സ്വഭാവത്തിലുള്ള ഈ മാറ്റങ്ങൾ. എങ്ങനെയാണ് കുട്ടിയെസമീപിക്കേണ്ടത്?

ഉത്തരം: അടുത്ത ബന്ധുക്കളുടെ വേർപാട് കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. അത് അച്ഛൻ, അമ്മ, മുത്തച്ഛൻ, മുത്തശ്ശി പോലെ കുട്ടികൾക്കു വളരെ സ്നേഹവും അടുപ്പവും ഉള്ളവരും കുട്ടികളുടെ സംരക്ഷണത്തിൽ പങ്കാളികളായവരും ആകുമ്പോൾ മാനസിക ആഘാതത്തിന്റെ തീവ്രത കൂടുന്നു. ഈ മാനസികാഘാതം പ്രകടിപ്പിക്കപ്പെടുന്നത് കുട്ടികളുടെ പ്രായത്തിനും ജീവിത സാഹചര്യങ്ങൾക്കും അനുസരിച്ച് വ്യത്യസ്തമായ രീതിയിൽ ആയിരിക്കും. മരണം എന്നത് പൂർണമായ അര്‍‍ഥത്തിൽ മനസ്സിലാക്കാനുള്ള കഴിവ് ചെറിയ കുട്ടികൾക്കില്ല. എട്ടൊൻപത് വയസ്സൊക്കെ ആകുമ്പോഴാണ് മരണം എന്നത് ഇനി തിരിച്ചുവരവ് ഇല്ലാത്ത വേർപാട് ആണ് എന്ന തിരിച്ചറിവ് കുട്ടികൾക്കുണ്ടാകുന്നത്. വേർപാട് ഉണ്ടാക്കുന്ന വിഷാദം, ഉത്കണ്ഠ, േപടി, കുറ്റബോധം, അരക്ഷിതാവസ്ഥ, ജീവിച്ചിരിക്കേണ്ട എന്ന തോന്നൽ തുടങ്ങിയ വൈകാരിക പ്രശ്നങ്ങളും വാശി, ദേഷ്യം, അക്രമണപ്രവണത, സ്കൂളിൽ പോകാൻ മടി, ഉറക്കത്തിൽ മൂത്രമൊഴിക്കുക. എപ്പോഴും അച്ഛന്റെയോ അമ്മയുടെയോ ഒപ്പം ചേർന്നു നിൽക്കുക വീടിന്റെ പുറത്തു പോകുവാൻ മടി തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങളും മാനസികാഘാതത്തിന്റെ ഭാഗമായി ഉണ്ടാകാം. 

കുട്ടികൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും ചിന്തിക്കുന്ന കാര്യങ്ങൾ പറയുന്നതിനും അവസരം നൽകുക. അവർ പറയുന്നതു കേൾക്കുകയും സംശയങ്ങൾക്കു ശരിയായ ഉത്തരം നൽകുകയും ചെയ്യുക. മരിച്ച ആളെക്കുറിച്ചുള്ള ഓർമകൾ പറയുന്നുവെങ്കിൽ അതിന് അവസരം നൽകുക. കുറ്റബോധത്തിന്റെ ആവശ്യം ഇല്ലെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കണം. വീട്ടിൽ നടക്കുന്ന ചടങ്ങുകളിൽ കുട്ടികളെക്കൂടി പങ്കെടുപ്പിക്കുന്നതു നല്ലതാണ്. അരക്ഷിതനാണ് എന്ന തോന്നൽ ഒഴിവാക്കുന്ന രീതിയിൽ കുടുംബത്തിലെ അന്തരീക്ഷം മെച്ചപ്പെടുത്തുകയും കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്യുക. മരിച്ചു പോയ വ്യക്തിയിൽ നിന്നും മുൻപു ലഭിച്ചിരുന്ന സംരക്ഷണവും സ്നേഹവും പരിഗണനയും മറ്റു കുടുംബാംഗങ്ങളിൽ നിന്നു ലഭിക്കുന്നു എന്ന തോന്നൽ കുട്ടിയിൽ ഉണ്ടാക്കേണ്ടതുണ്ട്. പുതിയ മാനസിക സമ്മർദങ്ങൾ കുട്ടിയിൽ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. വൈകാരിക പ്രശ്നങ്ങളും പെരുമാറ്റ പ്രശ്നങ്ങളും നീണ്ടു നിൽക്കുന്നുവെങ്കിൽ മനഃശാസ്ത്രവിദഗ്ധന്റെ സഹായം തേടുന്നതാണു നല്ലത്.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)

English Summary:

Helping children cope with death in the family: A guide for parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com