തനിച്ചിരുന്നു ചിരി, സംസാരം: സൈക്കോസിസിന്റെ തുടക്കമോ?
Mail This Article
ചോദ്യം : എന്റെ മകൻ പ്ലസ്ടു കഴിഞ്ഞു. ഇൗയിടെയായി പെരുമാറ്റത്തിൽ വലിയ മാറ്റം കാണുന്നു. ചിലപ്പോൾ തനിയെ സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യും. സൈക്കോസിസിന്റെ തുടക്കമാണ് എന്ന് ഡോക്ടർ പറഞ്ഞു. കുട്ടികളിൽ ഇൗ രോഗം ഉണ്ടാകുമോ?
ഉത്തരം: സ്കിസോഫ്രീനിയ പോലെ വളരെ ഗൗരവമുള്ള മാനസിക രോഗങ്ങൾ ആണ് സൈക്കോസിസ് വിഭാഗത്തിൽ പെടുന്ന രോഗങ്ങൾ. ഡെലൂഷനുകളും (Delusion) ഹാലുസിനേഷനുകളും (Hallucination) ആണ് സൈക്കോസിസ് വിഭാഗത്തിൽ പെടുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങൾ. തെറ്റായ, എത്ര പറഞ്ഞിട്ടും മനസ്സിലാക്കാൻ പറ്റാത്ത ദൃഢമായ വിശ്വാസങ്ങളെയാണ് ഡെലൂഷൻ എന്നു പറയുന്നത്. ഉദാഹരണത്തിന് അടുത്ത വീട്ടുകാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്, തന്റെ ശത്രുവാണ്, തന്നെ അപകടപ്പെടുത്താൻ ശ്രമിക്കുകയാണ് എന്ന ഉറച്ച തെറ്റായ വിശ്വാസം. അതല്ലെങ്കിൽ താൻ മനസ്സിൽ കരുതുന്ന കാര്യങ്ങൾ മറ്റ് ആളുകൾക്കു മനസ്സിലാക്കാൻ കഴിയും എന്ന വിശ്വാസം.
തനിക്ക് അസാധാരണമായ, മറ്റ് ആളുകൾക്കില്ലാത്ത തരത്തിലുള്ള കഴിവുകൾ ഉണ്ടെന്ന വിശ്വാസം മാനിയ ഉള്ളവരിൽ കാണാം. ഹാലുസിനേഷൻ എന്നത് കാഴ്ച, കേൾവി, മണം, സ്പർശനം, രുചി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നം ആണ്. ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക (ഉദാഹരണത്തിന് അശരീരി ശബ്ദം പോലെ), ഇല്ലാത്ത വസ്തുക്കൾ കാണുക. ഇല്ലാത്ത മണം ഉണ്ട് എന്നു തോന്നുക, ദേഹത്ത് ഉറുമ്പരിക്കുന്നുണ്ട് എന്ന തോന്നൽ ഇവയൊക്കെ ഹാലുസിനേഷനുകളിൽ പെടുന്നതാണ്. തന്നോട് ആരോ സംസാരിക്കുന്നു എന്നു തോന്നുമ്പോൾ അതിനു മറുപടിയായി ആണ് മിക്കപ്പോഴും തനിയെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത്. ഡെലൂസിയേഷനുകൾക്കും ഹാലുസിനേഷനുകൾക്കും പുറമേ പലതരത്തിലുള്ള പെരുമാറ്റ പ്രശ്നങ്ങൾ, ജീവിതചര്യയിലുള്ള മാറ്റങ്ങൾ, ഉറക്കക്കുറവുപോലുള്ള ശാരീരികപ്രശ്നങ്ങൾ എന്നിവയും സൈക്കോസിസ് രോഗങ്ങളുടെ ഭാഗമായി ഉണ്ടാകാം.
കൗമാരപ്രായത്തിന്റെ അവസാനഘട്ടത്തിലാണ് സാധാരണയായി സൈക്കോസിസ് രോഗങ്ങൾ തുടങ്ങുന്നത്. പത്തു വയസ്സിനു താഴെയുള്ള കുട്ടികളിൽ വളരെ അപൂർവം ആണ് ഇത്തരം രോഗങ്ങൾ. എത്രയും നേരത്തേ മനോരോഗ വിദഗ്ധനെ കാണിച്ച് ശരിയായ ചികിത്സ നൽകേണ്ടതുണ്ട്. മിക്കപ്പോഴും ദീർഘകാലം മരുന്നുകൾ കഴിക്കേണ്ടിവരും. ഏതെങ്കിലും ഒരു മരുന്നല്ല, പലതരത്തിലുള്ള മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. അവ ഡോക്ടറുടെ നിർദേശാനുസരണം കൃത്യമായി കഴിക്കണം. അതോടൊപ്പം സൈക്കോതെറപ്പി പോലുള്ള മാനസിക ചികിത്സകളും ആവശ്യമായി വരും.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)