കുട്ടികളെ വെറുപ്പിക്കുന്ന ആ 8 ചോദ്യങ്ങൾ? ഇതൊക്കെ ശ്രദ്ധിക്കേണ്ടേ....അമ്പാനേ
Mail This Article
കുട്ടികൾ സ്കൂളിൽനിന്ന് വീട്ടിൽ വരുമ്പോൾ ചോദിക്കാവുന്ന ചോദ്യങ്ങളും ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളും
(കുട്ടികൾ കാണാതെ വായിച്ചു പഠിച്ചോളൂ)
സ്കൂൾ വിട്ട് ആവേശഭരിതരായി വീട്ടിലേക്ക് ഓടിയെത്തുന്ന കുഞ്ഞുങ്ങളോടു മാതാപിതാക്കൾ എല്ലാക്കാലത്തും ചോദിക്കുന്ന ‘ക്ലീഷേ’ ചോദ്യം. ഉടൻ വരും മറുപടി, ‘‘കുഴപ്പമില്ലായിരുന്നു.’ ഈ ചോദ്യത്തോടെ ചിലരെങ്കിലും അവസാനിപ്പിക്കും കുട്ടിയോടുള്ള മിണ്ടാട്ടം. സ്ഥിരം ഇതു കേട്ടു കുട്ടികളും ബോറടിച്ചുകാണും. ഇനിമുതൽ ഇത്തരം ചോദ്യങ്ങൾ ഒന്നു മാറ്റിപ്പിടിച്ചാലോ.. ഒറ്റ വാക്കിൽ ഉത്തരം പറയാവുന്ന ചോദ്യങ്ങൾ (Closed ended questions) കുട്ടികളോടു ചോദിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക. കുട്ടിയുമായി അടുത്തിടപഴകാൻ സഹായിക്കുകയും സംസാരം തുട൪ന്നു പോകാൻ സാധ്യതയുമുള്ള (Open ended questions) ചോദ്യങ്ങൾ ആവണം ചോദിക്കേണ്ടത്. കുഞ്ഞുങ്ങൾ അറിയാതെ തന്നെ അവരുടെ മനസ്സ് വായിച്ചെടുക്കാനും സ്കൂളിലെ പഠനാന്തരീക്ഷത്തെപ്പറ്റി മനസ്സിലാക്കാനും ഇതു മാതാപിതാക്കളെ സഹായിക്കും. കൂടാതെ, കുട്ടിയെ കാണുമ്പോൾത്തന്നെ പഠനകാര്യങ്ങൾ ചോദിച്ച് വർത്തമാനത്തിന് തുടക്കമിടാതിരിക്കാനും ശ്രദ്ധിക്കാം.
ശ്രദ്ധിക്കാം
ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം– കുട്ടികളുടെ മനസ്സ് ഒരു വെള്ളക്കടലാസ് പോലെയാണ്. അവരോടു പറയുന്ന കാര്യങ്ങൾ അറിഞ്ഞോ അറിയാതെയോ അവരുടെ മനസ്സിൽ ഒട്ടേറെ മിഥ്യാധാരണകളും പേടിയും വളർത്താൻ സാഹചര്യമൊരുക്കും. ഇവ വളർച്ചയുടെ ഘട്ടത്തിലും പ്രായപൂർത്തിയായ ശേഷവും അവരുടെ സ്വഭാവത്തെ കാര്യമായി ബാധിക്കാനിടയാക്കുകയും ചെയ്യും. തമാശയെന്നു കരുതി പറയുന്ന വിശേഷങ്ങൾ കുട്ടികളിൽ വിപരീതഫലങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും വേണം. ഉദാഹരണത്തിന് ജെൻഡർ, നിറം, ശരീരം എന്നിവ സംബന്ധിച്ചു കളിയാക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കാം.
ഇങ്ങനെ ചോദിച്ചാലോ?
∙ ഇന്ന് ഏറ്റവും സന്തോഷിപ്പിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്നു പറയാമോ?
∙ ഇന്നു പഠിച്ച ഏറ്റവും രസകരമായ കാര്യം എന്താണ്?
∙ ഇന്ന് ദേഷ്യം/സങ്കടം വന്ന എന്തെങ്കിലും കാര്യം സ്കൂളിൽ ഉണ്ടായോ?
∙ മനസ്സിലാകാത്ത എന്തെങ്കിലും കാര്യങ്ങൾ ടീച്ച൪ പഠിപ്പിച്ചോ?
∙ ഇന്ന് ആരെയെങ്കിലും സഹായിച്ചോ?
∙ ക്ലാസിൽ ആരുടെ കൂടെയിരിക്കാനാണ് ഏറ്റവും ഇഷ്ടം? / എന്തുകൊണ്ട്?
∙ നാളെ ടീച്ചറാകാൻ അവസരം കിട്ടിയാൽ കുട്ടികളെ എന്തുപഠിപ്പിക്കും?
∙ ഇന്ന് ബാത്റൂമിൽ പോയിരുന്നോ? / ബാത്റൂമിന്റെ പരിസരത്തേക്കു പോകാൻ പേടിയൊന്നുമില്ലല്ലോ?
ഇങ്ങനെ ചോദിക്കരുത്
∙ ഇന്ന് ആരോടെങ്കിലും വഴക്കിട്ടോ?
∙ ടീച്ചർ പറഞ്ഞല്ലോ ഇന്ന് ഒന്നും കഴിച്ചില്ലെന്ന്, ശരിയാണോ?
∙ ടീച്ചർ പറഞ്ഞു, ക്ലാസിൽ എപ്പോഴും വഴക്കിടാറുണ്ടെന്ന് ശരിയാണോ?
∙ ബാഗ് തരൂ, പരിശോധിക്കട്ടെ
(ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് കുട്ടിക്ക് വിശ്വാസം നഷ്ടപ്പെടാനേ ഉപകരിക്കൂ)
∙ കൂട്ടുകാരെപറ്റി സംശയത്തോടെയുള്ള ചോദ്യങ്ങളും ഒഴിവാക്കാം. കുട്ടിക്കു മാതാപിതാക്കളോടുള്ള വിശ്വാസം നഷടപ്പെടും.
സ്കൂൾ വിട്ട് വീട്ടിലെത്തുന്ന ഉടൻ ചോദിക്കരുതാത്ത ചോദ്യങ്ങൾ
∙ ഇന്നത്തെ ഹോംവ൪ക്ക് എന്തൊക്കെയാണ്?
∙ എപ്പോഴാണ് ഹോംവ൪ക്ക് ചെയ്യാൻ പോകുന്നത്?
∙ പരീക്ഷയുടെ റിസൽറ്റ് വന്നോ? / എന്നാണു വരുന്നത്?
വിവരങ്ങൾ: ബിൻസ് ജോ൪ജ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സേക്രഡ് ഹാ൪ട്ട് ഹോസ്പിറ്റൽ, പൈങ്കുളം