ADVERTISEMENT

ഇനി മുതൽ തനിച്ച് ഉറങ്ങണമെന്നു കേൾക്കുന്നതോടെ കുട്ടി കരച്ചിൽ തുടങ്ങും. വാശി പിടിക്കുന്ന കുട്ടിയെ നിർബന്ധപൂർവം മാറ്റിക്കിടത്തുന്നതിനു പകരം ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ. ഇരുട്ടിൽ തനിയെ കിടക്കാനുള്ള പേടി. മാതാപിതാക്കളോടു ചേർന്നു കിടക്കുമ്പോഴുള്ള സുരക്ഷിതത്വം നഷ്ടപ്പെടുന്നതിലുള്ള ആകുലത.. തനിയെ കിടക്കാൻ കുട്ടി മടി കാണിക്കുന്നതിന് ഇങ്ങനെ കാരണങ്ങളേറെയാണ്. എന്തുകൊണ്ടാണു കുട്ടി മുതിർന്നവരുടെ കൂടെ കിടക്കാൻ താൽപര്യപ്പെടുന്നുവെന്നു മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. കുട്ടിയോടു സംസാരിച്ചു മനസ്സിലെ ആകുലതകൾ അകറ്റാൻ സഹായിക്കണം.

∙ കുട്ടിയുടെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും പരിഗണിച്ചു ഭംഗിയായി ബെഡ്റൂമൊരുക്കാം. പ്രിയപ്പെട്ട നിറങ്ങളും അലങ്കാരങ്ങളുമെല്ലാം നിറഞ്ഞ ബെഡ്റൂമിൽ സമയം ചെലവഴിക്കാൻ കുട്ടികൾക്ക് ഇഷ്ടം തോന്നും.

∙ഇടയ്ക്ക് കുട്ടി ഉണരുന്നുണ്ടെങ്കിൽ അതിന്റെ കാരണമെന്തെന്നു വിലയിരുത്തുക. ഇരുട്ടിനോടുള്ള പേടിയാണു പ്രശ്നമെങ്കിൽ അതിനു പരിഹാരം കണ്ടെത്താം. നേർത്ത പ്രകാശമുള്ള നൈറ്റ് ലൈറ്റ് മുറിയിൽ സ്ഥാപിച്ചാൽ ഇരുട്ടിനോടുള്ള പേടി ബാധിക്കില്ല. വെള്ള, നീല നിറങ്ങളിലെ പ്രകാശം ഒഴിവാക്കുന്നതാണു നല്ലത്. ഇത് ഉറക്കത്തെ സഹായിക്കുന്ന മെലാടോനിൻ എന്ന ഹോർമോണിന്റെ ഉൽപാദനത്തെ ബാധിക്കാനിടയുണ്ട്.

സുഖകരമായ ഉറക്കത്തിനു തടസ്സമുണ്ടാക്കുന്ന ഒന്നും ബെഡ്റൂമിലുണ്ടാകരുത്. ടിവിയും കംപ്യൂട്ടറും മൊബൈലുമൊന്നും ബെഡ്റൂമിൽ വേണ്ടേ വേണ്ട.

∙വൈകിയുറങ്ങുന്ന ശീലം നല്ലതല്ല. എന്നും ഒരേ സമയത്ത് ഉറങ്ങാൻ കുട്ടികളെ ശീലിപ്പിക്കണം. ഉറങ്ങുന്നതിനു മുൻപ് എന്നും ഒരേ ശീലങ്ങൾ പിന്തുടരാൻ പഠിപ്പിക്കുക. ദേഹം വൃത്തിയാക്കുകയും പല്ലുതേക്കുകയും ചെയ്തശേഷം ഉറങ്ങാൻ തയാറാകണമെന്നു പറഞ്ഞു നൽകുക.

∙ചെറിയ കുട്ടികൾക്കൊപ്പം ആവശ്യമെങ്കിൽ മാതാപിതാക്കൾ കുറച്ചു നേരം ഇരിക്കുക. ഈ സമയം ക്രമേണ കുറയ്ക്കണം. കെട്ടിപ്പിടിച്ചും ഉമ്മ നൽകിയും സ്നേഹം പ്രകടിപ്പിച്ചും സുരക്ഷിതത്വമേകിയും ഉറങ്ങാൻ സഹായിക്കാം. ഉറങ്ങുമ്പോൾ ചേർത്തു പിടിക്കാൻ പാവക്കുട്ടിയോ തലയണയോ നൽകുക. കഥകൾ വായിച്ചു കേൾപ്പിക്കാം.ശാന്തമായ മനസ്സോടെ കുട്ടികൾ ഉറങ്ങട്ടെ.

English Summary:

How to Help Your Child Overcome the Fear of Sleeping Alone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com