ADVERTISEMENT

ചോദ്യം : എന്റെ മകൻ പത്താം ക്ലാസിലാണു പഠിക്കുന്നത്. അടുത്ത ബന്ധുവിന് കോവിഡ് രോഗം ഗുരുതരമായി വന്നിരുന്നു. അതിനുശേഷം അവനു കൂടക്കൂടെ കൈ കഴുകുന്ന ശീലം ഉണ്ടായി. ദിവസം ഒരുപാടു തവണ കുളിക്കാൻ തുടങ്ങി. അണുബാധ ഉണ്ടാകുമോ എന്ന പേടിയുള്ള ആളാണ്. ഡോക്‌ടറെ കാണിച്ചപ്പോൾ OCD ആണ് എന്ന് പറഞ്ഞു. ഈ രോഗം കുട്ടികളിലുണ്ടാകാറുണ്ടോ?

ഉത്തരം :
നമുക്ക് ഇഷ്ടപ്പെടാത്തതും അനാവശ്യവും ആയ ചിന്തകൾ തുടർച്ചയായും അനിയന്ത്രിതമായും മനസ്സിലേക്ക് ഇടിച്ചു കയറി വരിക, ഇത്തരത്തിലുള്ള ചിന്തകളോടുള്ള പ്രതികരണം എന്ന നിലയിൽ പ്രത്യേക കാര്യങ്ങളോ അനുഷ്‌ഠാനങ്ങളോ ചെയ്യുക, ചിന്തകൾ നമ്മുടെ സ്വഭാവത്തിനും വ്യക്തിത്വത്തിനും ചേരാത്ത തരത്തിലുള്ളവ ആയതുകൊണ്ടും നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്തതുകൊണ്ടും വലിയ തോതിൽ മാനസികപ്രയാസം ഉണ്ടാക്കുക. ഒബ്സെസീവ് കംപൽസീവ് ഡിസോർഡർ (OCD) എന്ന അസുഖത്തിന്റെ ലക്ഷണങ്ങൾ ആണ് ഇവ. അനിയന്ത്രിതമായി ഉണ്ടാകുന്ന ചിന്തകളെ ഒബ്‌സഷൻസ് (obsessions) എന്നും പ്രതികരണമായി ചെയ്യുന്ന കാര്യങ്ങളെ കംപൽഷൻസ് (compulsions) എന്നും പറയുന്നു.

വളരെ സാധാരണമായി ഉണ്ടാകുന്ന ഒബ്‌സഷനും കംപൽഷനും ശരീരം വൃത്തികേടായി അല്ലെങ്കിൽ അഴുക്കായി എന്ന ചിന്തയും അതുമൂലം കൂടക്കൂടെ കഴുകുകയോ കുളിക്കുകയോ ശരീരം വൃത്തിയാക്കുകയോ ചെയ്യുകയും ആണ്. അതുകൊണ്ടു മലയാളത്തിൽ അമിത വൃത്തി രോഗം എന്ന് OCD രോഗത്തെ പറയാറുണ്ട്. അനിയന്ത്രിതമായി ഉണ്ടാകുന്ന ചിന്തകൾ (ഒബ്സഷൻസ്) പല തരത്തിൽ ആകാം. ചിലരിൽ വലിയ തോതിൽ സംശയങ്ങൾ ആകാം. വീട് പൂട്ടിയോ ഗ്യാസ് അടച്ചോ പുസ്ത‌കം എടുത്തിട്ടുണ്ടോ തുടങ്ങിയ സംശയങ്ങൾ തീർക്കുന്നതിന് പല തവണ പരിശോധിക്കേണ്ടി വരുന്നു. ചിലപ്പോൾ മോശപ്പെട്ടത് എന്ന് നമ്മൾ കരുതുന്ന ചിന്തകൾ (ഉദാഹരണത്തിന് ലൈംഗികചിന്തകൾ അല്ലെങ്കിൽ എന്തെങ്കിലും അക്രമം ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തകൾ, വലിയ തോതിൽ കുറ്റബോധം ഉണ്ടാക്കുന്ന ചിന്തകൾ) ആകാം ഒബ്‌സഷന്റെ ഭാഗമായി ഉണ്ടാകുന്നത്. കൂടക്കൂടെ നമസ്കരിക്കുക, തൊട്ടു തലയിൽ വയ്ക്കുക, മറ്റെന്തെങ്കിലും തരത്തിലുള്ള പരിഹാര പ്രവൃത്തികൾ നടത്തുക എന്നിവയൊക്കെ ചിന്തകളോടുള്ള പ്രതികരണം എന്ന രീതിയിൽ കംപൽഷന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. ഒരേ കാര്യം തന്നെ പലതവണ ആവർത്തിച്ചു ചെയ്യേണ്ടി വരിക,

hand-wash-kieferpix-shutterstock-com
Representative Image. Photo Credit : Kieferpix / Shutterstock.com

ഒരേ കാര്യം പലതവണ പറയേണ്ടി വരിക തുടങ്ങിയ പല പ്രയാസങ്ങളും ഒസിഡിയുടെ ഭാഗമായി ഉണ്ടാകാം. മാനസിക സമ്മർദം ഒസിഡിയുടെ തീവ്രത കൂട്ടുന്നതിന് കാരണമാകാറുണ്ട്. ചെറിയ കുട്ടികളിൽ ഈ രോഗം അപൂർവമായി മാത്രമേഉണ്ടാകാറുള്ളൂ. മിക്കപ്പോഴും കൗമാരപ്രായക്കാലത്താണ് ഒസിഡിയുടെ ആരംഭം. ശരിയായി ചികിത്സ നൽകാതിരുന്നാൽകുട്ടികളിൽ ഉത്കണ്ഠരോഗവും വിഷാദരോഗവും പോലുള്ള അനുബന്ധ അസുഖങ്ങൾക്കു കാരണമാകും. അതുപോലെ ശ്രദ്ധക്കുറവ്, പഠനപ്രശ്നങ്ങൾ, പെരുമാറ്റപ്രശ്നങ്ങൾഎന്നിവയും ഉണ്ടാകാം. അതുകൊണ്ട് തിരിച്ചറിഞ്ഞു ശരിയായ ചികിത്സ നൽകുക എന്നതു പ്രധാനമാണ്. ഒസിഡിയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഫലപ്രദമായ മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. അതുപോലെ മനഃശാസ്ത്രപരമായ ചികിത്സാരീതികളും ഉണ്ട്.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)

English Summary:

Understanding OCD in Children: Symptoms, Causes, and Treatments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com