'മഴക്കാലമല്ലേ, മഴയല്ലേ...' കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധയാകാം
Mail This Article
മഴ തകര്‍ത്തു പെയ്യുകയാണ്. ഇടമുറിയാതെ കനത്തു പെയ്യുന്ന പെരുമഴക്കാലത്തിലൂടെ കടന്നു പോകുമ്പോള്‍ കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധയല്‍പം കൂടുതലാകാം. മൂടിപ്പുതച്ചുറങ്ങാനും കട്ടന്‍ ചായയ്‌ക്കൊപ്പം ചെറുകടിയുമായി മഴ കണ്ടിരിക്കാനുമൊക്കെ രസമാണെങ്കിലും മഴ നനഞ്ഞ് പനി പിടിച്ചിരിക്കുന്നതും ചുമയും ജലദോഷവുമൊക്കെ ബുദ്ധിമുട്ടിലാക്കുന്നതും അനുഭവിക്കാന്‍ അത്ര സുഖമായിരിക്കില്ല. അതിനാല്‍ മഴക്കാലം കടന്നുപോകും വരെ കുട്ടികളെ നന്നായി പരിപാലിച്ചേ മതിയാകൂ.
മഴക്കാല രോഗങ്ങള്‍ മറക്കരുത്
മഴയ്ക്കു പിന്നാലെ മഴക്കാല രോഗങ്ങളും അകമ്പടിയായെത്തും. പലവിധ പനികളും മറ്റു ആരോഗ്യപ്രശ്‌നങ്ങളും കുട്ടികളെ പിടികൂടിക്കഴിഞ്ഞാല്‍ തിരികെ ആരോഗ്യം വീണ്ടെടുക്കുന്നത് അല്‍പം ബുദ്ധിമുട്ടാണ്. അതിനാല്‍ രോഗം വരുന്നതിനു മുന്‍പ് തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കാം. രോഗങ്ങള്‍ പിടിപെടാതിരിക്കണമെങ്കില്‍ കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണം. അതിനു മാതാപിതാക്കള്‍ മുന്‍കയ്യെടുക്കണം.
ഉണങ്ങിയ വസ്ത്രങ്ങള്‍ ശീലമാക്കാം
മഴക്കാലത്ത് ഏറ്റവുമധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് കുട്ടികളുടെ വസ്ത്രധാരണം. യാതൊരു കാരണവശാലും നനവുള്ള വസ്ത്രങ്ങള്‍ കുട്ടികള്‍ ഉപയോഗിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മഴയുള്ളതിനാല്‍ കുട്ടികളുടെ യൂണിഫോമുകളും മറ്റും ഉണങ്ങിക്കിട്ടാന്‍ ബുദ്ധിമുട്ട് വരാറുണ്ട്. അതിനാല്‍ ആവശ്യമായ എണ്ണം വസ്ത്രങ്ങള്‍ കുട്ടികള്‍ക്കുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണം. കുട്ടികള്‍ മഴക്കോട്ട്, കുട മുതലായവ ശരിയായി ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ നനഞ്ഞ വസ്ത്രങ്ങളുമായി ക്ളാസുകളില്‍ എത്തുന്നില്ലെന്നും കൃത്യമായി അന്വേഷിച്ചറിയണം.
ശുചിത്വം പാലിക്കുക
നനഞ്ഞ അന്തരീക്ഷം രോഗാണുക്കളുടെ വ്യാപനത്തിന് കാരണമാകും. അതിനാല്‍ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കുട്ടികള്‍ ഇടയ്ക്കിടെ കൈ കഴുകുന്നത് ഉറപ്പാക്കാം. ആന്റിസെപ്റ്റിക് സൊല്യൂഷനുകള്‍ ഉപയോഗിച്ച് അവര്‍ പതിവായി കുളിക്കുന്നത് ചര്‍മ്മത്തിലെ അണുബാധ തടയുന്നതിന് സഹായിക്കും. സ്‌കൂളില്‍ നിന്നു വരുന്ന കുട്ടികള്‍ക്കു വസ്ത്രങ്ങള്‍ മാറ്റി, കൈ- കാലുകള്‍ കഴുകിയതിന് ശേഷം മാത്രം ആഹാരം നല്‍കാം. വൃത്തിയുള്ള അന്തരീക്ഷം കുട്ടികള്‍ക്കിടയില്‍ വളര്‍ത്തിയാല്‍ പകര്‍ച്ചവ്യാധികള്‍ പകുതിയും കുറയ്ക്കാന്‍ സാധിക്കും.
സുരക്ഷിതമായ കുടിവെള്ളം
ശ്രദ്ധിച്ചില്ലെങ്കില്‍ വെള്ളത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും രോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മഴ ജലസ്രോതസ്സുകളെ മലിനമാക്കാനുള്ള സാധ്യത വളരെയധികമാണ്. വയറിളക്കം, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ തിളപ്പിച്ച വെള്ളം മാത്രം കുടിക്കുന്നുവെന്ന് ഉറപ്പാക്കാം. അവരുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടത് ഏറെ പ്രധാനമാണെന്നു മറക്കരുത്.
വില്ലന്മാരായി കൊതുകുകള്‍
മഴക്കാലത്തെ പ്രധാന വില്ലനാണ് കൊതുക്. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ പ്രജനന കേന്ദ്രമാണ്. കൊതുകുകളുടെ വ്യാപനം ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ കൊതുക് വലകള്‍, റിപ്പല്ലന്റുകള്‍ എന്നിവ ഉപയോഗിക്കുകയും വീടിന് ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
പോഷകാഹാരം
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. അണുബാധകള്‍ക്കെതിരെ കുട്ടിയുടെ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിന് പഴങ്ങള്‍, പച്ചക്കറികള്‍, ശുദ്ധജലം എന്നിവയെല്ലാം ആവശ്യമായ അളവില്‍ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ രക്ഷിതാക്കള്‍ക്ക് ഒരു പരിധി വരെ കുട്ടികളെ രോഗങ്ങളില്‍ നിന്നു ഫലപ്രദമായി സംരക്ഷിക്കാന്‍കഴിയും.