‘മക്കൾക്കു വേണ്ടി ഭക്ഷണമുണ്ടാക്കുന്നത് ഞാനും വിരാടും ചേർന്ന്’; അനുഷ്ക ശർമ
Mail This Article
രാജ്യത്തെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ് നടി അനുഷ്ക ശർമയും ക്രിക്കറ്റ് താരം വിരാട് കോലിയും. പരസ്പരം മനസിലാക്കിയുള്ള അവരുടെ ജീവിതം തന്നെയാണ് ആരാധകർക്ക് അവരോട് ഇത്രയും ഇഷ്ടം തോന്നാനുള്ള കാരണവും. മാതാപിതാക്കളായതിനു ശേഷം തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ മാറ്റത്തെക്കുറിച്ച് തുറന്നു പറയുകയാണ് അനുഷ്ക ശർമ. കഴിഞ്ഞദിവസം മുംബൈയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു മാതാപിതാക്കളായിട്ടുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ച് അനുഷ്ക മനസു തുറന്നത്. മക്കളായ വാമികയ്ക്കും അകായിക്കും തങ്ങൾ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് അനുഷ്ക വെളിപ്പെടുത്തി.
മാതാപിതാക്കൾ തങ്ങൾക്ക് വേണ്ടി എന്താണോ ചെയ്തത് അത് മക്കൾക്ക് വേണ്ടി ചെയ്യാനാണ് വിരാടും താനും ശ്രമിക്കുന്നത്. ചില സമയങ്ങളിൽ പാചക കുറിപ്പുകൾക്ക് വേണ്ടി അമ്മയെ വിളിക്കാറുണ്ട്. അമ്മയുടെ നിർദ്ദേശം അനുസരിച്ചാണ് പഴയകാലത്തെ ചില ഭക്ഷണങ്ങൾ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്നതെന്നും അനുഷ്ക പറഞ്ഞു.
കുട്ടികൾ വന്നതിനു ശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായെന്നും അനുഷ്ക വ്യക്തമാക്കി. കുട്ടികൾ നല്ല കാര്യങ്ങൾ പഠിക്കേണ്ടത് നിർദ്ദേശങ്ങളിലൂടെ അല്ലെന്നും തങ്ങളുടെ പ്രവൃത്തികളിൽ കൂടിയാണെന്നും അനുഷ്ക പറഞ്ഞു. നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നതിൽ നിന്നാണ് കുട്ടികൾ പഠിക്കുന്നത്. കുട്ടികൾ എന്താണോ കാണുന്നത്, എന്താണോ നിരീക്ഷിക്കുന്നത് അതായിരിക്കും പിന്തുടരുകയെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അനുഷ്ക വ്യക്തമാക്കി. 'എന്റെ മകൾ വളരെ ചെറുപ്പമാണ്. അതുകൊണ്ട് തന്നെ അവളെ എന്തെങ്കിലും പറഞ്ഞ് പഠിപ്പിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മൾ നമ്മുടെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം. നമ്മൾ നമ്മുടെ നിത്യജീവിതത്തിൽ മറ്റുള്ളവോട് നന്ദിയുള്ളവർ ആയിരിക്കുന്നുണ്ടോ? അതായിരിക്കും കുട്ടികൾ നമ്മളിൽ നിന്ന് പഠിക്കുക' - അനുഷ്ക ശർമ പറഞ്ഞു.
കുട്ടികൾ എന്താണോ കാണുന്നത് അതായിരിക്കും അവർ പിന്തുടരുക. അവർ നന്ദിയുള്ളവരായിരിക്കാൻ മാതാപിതാക്കൾ നന്ദിയുള്ളവരായിരിക്കുന്നത് കുട്ടികൾ കാണണമെന്നും അനുഷ്ക പറഞ്ഞു. കുട്ടികളെ സ്വയം പഠിക്കാൻ അനുവദിക്കുകയും ആവശ്യമുള്ളപ്പോൾ അവരെ സൌമ്യമായി നയിക്കുകയും ചെയ്യുക. കുട്ടികൾക്ക് മാതൃകാപരമായി മാതാപിതാക്കൾ ജീവിക്കുക എന്നുള്ളത് വളരെ പ്രധാനമാണെന്നും അനുഷ്ക വ്യക്തമാക്കി. 2021ലാണ് അനുഷ്കയ്ക്കും വിരാടിനും മൂത്ത മകളായ വാമിക ജനിച്ചത്. രണ്ടാമത്തെ മകനായ അകായ് ഈ വർഷം ഫെബ്രുവരിയിലാണ് ജനിച്ചത്. അതേസമയം, തങ്ങൾ എല്ലാം തികഞ്ഞവരല്ലെന്നും മാതാപിതാക്കൾ കുറവുകളുള്ളവരാണെന്ന് കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നും അനുഷ്ക വ്യക്തമാക്കി.