ADVERTISEMENT

റീൽസുകളിൽ കാണുന്നതല്ല യഥാർഥജീവിതമെന്ന ബോധ്യം കുട്ടികളിൽ വളർത്തേണ്ടതുണ്ട്. സോഷ്യൽമീഡിയയിൽ ലൈക്കും ഷെയറും ലഭിക്കുന്നതിനുവേണ്ടി തങ്ങളുടെ വ്യക്തിത്വം തകരാൻ ഇടയാക്കരുതെന്ന തിരിച്ചറിവ് കുട്ടികൾക്കു ലഭിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നതിനു പകരം കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ അവരെ കൂടെയിരുത്തി സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയുമാണു നല്ലത്.

screen-addiction-vs-real-life-parenting-tips
Representative image. Photo credit: fizkes/ istock.com

ഉത്തരവാദിത്തബോധത്തോടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ കൗമാരക്കാർക്കു ബോധവത്കരണം നൽകണം. രക്ഷിതാക്കൾക്ക് ഇതേക്കുറിച്ചു വേണ്ടത്ര അറിവില്ലെങ്കിൽ സൈബർ സുരക്ഷയെക്കുറിച്ച് അധ്യാപകരിൽ നിന്നോ ഈ രംഗത്തെ വിദഗ്ധരിൽ നിന്നോ കാര്യങ്ങൾ മനസ്സിലാക്കാൻ അവസരമൊരുക്കാം. ഗെയിം അഡിക്‌ഷന്റെ കെണിയിൽപ്പെട്ടു പല കുട്ടികളും പഠനത്തിൽ പിന്നാക്കം പോകുന്ന അവസ്ഥ കാണാറുണ്ട്. ചിലതരം ഓൺലൈൻ ഗെയിമുകൾ അക്രമണ സ്വഭാവം പ്രോത്സാഹിപ്പിക്കാറുണ്ട്. ഭാവിയിൽ കുട്ടിയുടെ സ്വഭാവത്തെ ഇതു സാരമായി ബാധിക്കുകയും പെരുമാറ്റവൈകല്യമായി മാറാനുമിടയുണ്ട്. മാതാപിതാക്കൾ പലപ്പോഴും ഇതു തിരിച്ചറിയാതെ പോവാം.

screen-addiction-vs-real-life-parenting-tips2
Representative image. Photo credit: Umesh Negi/ istock.com

കുട്ടികളിൽ ഗെയിം അഡിക്‌ഷന്റെ പ്രാരംഭലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാൻ മാതാപിതാക്കൾ ശ്രമിക്കണം. ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടിക്കേണ്ട. സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും ഗെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുക. വളരെ ആക്ടീവായ കുട്ടി പെട്ടെന്ന് ഉൾവലിയുക, എപ്പോഴും ഫോൺ ഉപയോഗിക്കുക, മറ്റുള്ളവരെ തീരെ ശ്രദ്ധിക്കാതിരിക്കുക, കണ്ണിൽ നോക്കി സംസാരിക്കാതിരിക്കുക, അകാരണമായ ദേഷ്യം, രാത്രി വൈകിയുള്ള ഉറക്കം, രാവിലെ സ്കൂളിൽ പോകാനുള്ള ബുദ്ധിമുട്ട്, ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയവ തുടക്കത്തിലെ ലക്ഷണങ്ങളാകാം. ആവശ്യമായ സാഹചര്യത്തിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. സ്ക്രീൻ ടൈം  കുറയ്ക്കുന്നതിനും കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങൾ വാങ്ങി നൽകാം.

Representative Image. Photo Credit : BrianAJackson / iStockPhoto.com
Representative Image. Photo Credit : BrianAJackson / iStockPhoto.com

പഠനത്തോടൊപ്പം തന്നെ വ്യായാമത്തിനു സമയം കണ്ടെത്താൻ കുട്ടികളെ സഹായിക്കാം. സ്പോർട്സ്, നടത്തം, നീന്തൽ, യോഗ, നൃത്തം തുടങ്ങിയ യോജിക്കുന്നതും ഇഷ്ടപ്പെട്ടതുമായ കാര്യങ്ങളിലേർപ്പെടുന്നത് ഊർജസ്വലതയേകും. കൗമാരക്കാരായ പെൺകുട്ടികൾക്കുണ്ടാകുന്ന പിസിഒഡി പോലെയുള്ള അവസ്ഥ ഒഴിവാക്കാനും വ്യായാമം ഗുണകരമാണ്. യോഗ, ജിംട്രെയ്‍നിങ് എന്നിവ വിദഗ്ധരുടെ നിർദേശ പ്രകാരം മാത്രം ചെയ്യുന്നതാണു നല്ലത്. വെയ്റ്റ് ട്രെയ്‍നിങ്ങിലേക്കോ പ്രോട്ടീൻ പൗഡർ പോലുള്ളവ ഉപയോഗിക്കുന്നതിലേക്കോ ചെറിയ പ്രായത്തിൽ തന്നെ കടക്കുന്നത് ആരോഗ്യകരമല്ല.

കൗമാരകാലത്തെ പ്രണയം സ്വാഭാവികമാണ്. അതിനുള്ള പ്രധാന കാരണം ഹോർമോണുകളുടെ സ്വാധീനമാണെന്നു തിരിച്ചറിയേണ്ടതുണ്ട്. പ്രണയത്തെപ്പറ്റി കൗമാരക്കാർ സംസാരിക്കുമ്പോൾ രക്ഷിതാക്കൾ ദേഷ്യപ്പെടുന്നത് ഒഴിവാക്കണം. പ്രണയവും ടോക്സിക് റിലേഷൻഷിപ്പും തിരിച്ചറിയാൻ അവരെ സഹായിക്കുക. യഥാർഥ പ്രണയമാണെന്നു തെറ്റിദ്ധരിച്ചു തെറ്റായ ബന്ധത്തിൽപ്പെട്ടു പ്രണയനൈരാശ്യത്തിലേക്കും വിഷാദത്തിലേക്കും നീങ്ങാതെ അവരെ സംരക്ഷിക്കാം.

വിവരങ്ങൾക്ക് കടപ്പാട് 

ഡോ. അഖിൽ എസ്. കുമാർ
മെഡിക്കൽ ഓഫിസർ
എ. സി. ഷൺമുഖദാസ് മെമ്മോറിയൽ
ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെന്റർ,
പുറക്കാട്ടിരി, കോഴിക്കോട്

English Summary:

 Is Screen Addiction Harming Your Child? Signs You Can't Ignore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com