ADVERTISEMENT

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ കളികൾ നല്ലതാണെന്നു അറിയാമല്ലോ. എന്നാൽ ഇതുകൂടി കേട്ടോളൂ. ഓടിക്കളിക്കണമെങ്കിൽ എന്തു വേണം...? നല്ല ഊർജം വേണം. അതിനെന്തു വേണം...? – അതേക്കുറിച്ചാണ് പറയാൻ പോകുന്നത്. ശരീരത്തിനാവശ്യമായ ഊർജം ലഭിക്കുന്നതു നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. നല്ല ഭക്ഷണം കഴിക്കണം, അതു നന്നായി കഴിക്കുകയും വേണം. കളിക്കാനായി രാവിലെ പറമ്പിലേക്ക് ഓടുന്നതിനു മുൻപു വയറുനിറയെ പ്രഭാതഭക്ഷണം കഴിച്ചിരിക്കണം. ഈ ബ്രേക്ക്ഫാസ്റ്റാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം. പുട്ടും കടലയും ഇഡ്ഡലിയും സാമ്പാറും ദോശയും ചട്നിയും – എല്ലാം സമീകൃതമായ വിഭവങ്ങളാണ്.  

ബ്രേക്ക്ഫാസ്റ്റ് നന്നായി കഴിച്ചല്ലോ എന്നു കരുതി ഉച്ചഭക്ഷണം മറന്നേക്കരുത്, കേട്ടോ... കളിക്കിടയിൽ ഉച്ചഭക്ഷണം മറന്നാൽ അത് ആപത്താണെന്നും ഓർക്കണം. വീട്ടിലുണ്ടാക്കിയ കറികളൊക്കെ കൂട്ടി നന്നായി ഉണ്ണണം. അവിയലും തോരനും സാമ്പാറും മീൻകറിയുമെല്ലാം കഴിക്കണം. അല്ലാതെ വറുത്ത മീനും ചിക്കനും മാത്രം കൂട്ടി ഉണ്ണരുത്. നമുക്ക് ആരോഗ്യത്തോടെ വളരണ്ടേ...? പച്ചക്കറിയിലാണു വളർച്ചയ്ക്ക് അവശ്യം വേണ്ട ജീവകങ്ങളും ആന്റി ഓക്സിഡന്റുകളുമൊക്കെ ഉള്ളത്. ഊണിനു ശേഷം മാമ്പഴമോ ചക്കപ്പഴമോ മറ്റെന്തെങ്കിലും മധുരമോ കഴിക്കണം. 

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നന്നായി കഴിച്ചെങ്കിൽ അത്താഴത്തിന്റെ കാര്യത്തിൽ അത്യാവശ്യം ‘എക്സ്ക്യൂസ്’ ഒക്കെയാവാം. എന്നുവച്ച്, അത്താഴം കഴിക്കേണ്ടതില്ല എന്നല്ല. അത്താഴം കുറച്ചു മതി. അതാകട്ടെ നേരത്തെ കഴിക്കുകയും വേണം. കഞ്ഞിയും പയറും, ചപ്പാത്തിയും കറിയും തുടങ്ങിയവ നല്ല രാത്രി വിഭവങ്ങളാണ്. പൊറോട്ടയും ബിരിയാണിയുമൊന്നും അത്താഴത്തിനു വേണ്ട. ഉച്ചഭക്ഷണം കഴിഞ്ഞാൽ അത്താഴം വരെ ഒന്നും കഴിക്കാതെ നിൽക്കാൻ ശ്രമിക്കരുത്. ഇടയ്ക്ക് എന്തെങ്കിലും കഴിക്കാൻ ശ്രദ്ധിക്കണം. പഫ്സും കട്‌ലറ്റും സമോസയുമൊന്നും വേണ്ട. പഴവർഗങ്ങൾ, പച്ചക്കറി സാലഡ്, നാടൻ നാലുമണി വിഭവങ്ങളായ കൊഴുക്കട്ട, ഇലയപ്പം തുടങ്ങിയവ പരീക്ഷിക്കാം. ഭക്ഷണം നന്നായി ദഹിക്കുകയും ആഗിരണം ചെയ്യുകയും വേണമെങ്കിൽ നന്നായി കഴിക്കാനും പഠിക്കണം. ഭക്ഷണത്തിന്റെ രുചിയും മണവും സ്വാദുമൊക്കെ ആസ്വദിച്ചു ശ്രദ്ധാപൂർവം കഴിക്കണം. നന്നായി ചവച്ചരച്ചു തന്നെ കഴിക്കണം. അല്ലാതെ ടിവിയും കണ്ട് എന്തെങ്കിലുമൊക്കെ വാരി വലിച്ചു തിന്നരുത്.

English Summary:

Beyond the Playground: The Food Connection to Your Child's Health and Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com