മൂന്നു വയസ്സു മുതൽ ആൺകുട്ടികളെ ഇക്കാര്യങ്ങൾ ശീലിപ്പിക്കുക
Mail This Article
കുട്ടികളെ വളർത്തുന്നതിലും അവരുടെ ആവശ്യങ്ങശൾ കണ്ടറിഞ്ഞു ചെയ്യുന്നതിലും ആൺപെൺ വ്യത്യാസമില്ല. എന്നാൽ നമ്മുടെ നാട്ടിലെ നിലവിലെ സാമൂഹിക വ്യവസ്ഥിതി അനുസരിച്ച് ആൺകുട്ടികളെ വളർത്തുമ്പോൾ ഇന്നത്തെ കാലഘട്ടത്തിനു അനുസൃതമായ ചില കാര്യങ്ങൾ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്. ഏതൊരു കുട്ടിയുടെ മനസും ഒരു വെള്ള പേപ്പർ പോലെയാണെന്നാണ് പറയപ്പെടുന്നത്. നമ്മൾ എന്താണോ ആ പേപ്പറിൽ എഴുതുന്നത് അതായിരിക്കും അവന്റെ കാഴ്ചപ്പാട്. അതിനാൽ ചെറുപ്പത്തിൽ കുട്ടികളെ പരിചരിക്കുന്നതിൽ ഏറെ ശ്രദ്ധയും നിലപാടും ആവശ്യമാണ്.
കുട്ടികളെ അവർ വളർന്നു വരുമ്പോൾ എങ്ങനെ പെരുമാറണം എന്ന ചിന്തയോടെയാകണം അവരെ വളർത്തേണ്ടത്. ആൺകുട്ടികൾ 25 വയസ്സാകുമ്പോൾ സാമൂഹികവും സാംസ്കാരികവുമായ വേറിട്ട ഉയർന്ന വ്യക്തിത്വം ഉള്ള ഒരു വ്യക്തിയായി വളരണം എന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള പരിചരണം കുറഞ്ഞത് മൂന്നു വയസ് പ്രായത്തിലെങ്കിലും ആരംഭിക്കണം. സാമൂഹികമായി പറഞ്ഞു ശീലിപ്പിച്ചു വരുന്ന, ആൺമേൽക്കോയ്മ, ആണത്വം, തുടങ്ങിയ പദങ്ങളും താരതമ്യങ്ങളും ഒഴിവാക്കി വളർത്തുന്നതാണ് നല്ലത്.
വികാരങ്ങളെ തടയരുത്
മനസിൽ തോന്നുന്ന വികാരങ്ങൾക്ക് കടിഞ്ഞാണിട്ടല്ല വളർത്തേണ്ടത്. സന്തോഷം വന്നാൽ ചിരിക്കണം, സങ്കടം വന്നാൽ കരയണം അത് തികച്ചും സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്. 'ശക്തരായ ആൺകുട്ടികൾ കരയാറില്ല' എന്ന് പറഞ്ഞു കൊണ്ട് ആൺകുട്ടികളെ വിലക്കുന്ന ഒരു രീതി നമ്മുടെ നാട്ടിലുണ്ട്. എന്തിനാണ് ഇത്തരം വേർതിരിവ്? വിഷമം അനുഭവപ്പെട്ടാൽ അവരെ കരയാൻ അനുവദിക്കുക, അവർ വികാരങ്ങൾ പ്രകടിപ്പിക്കട്ടെ. എങ്കിൽ മാത്രമേ അവർക്ക് മറ്റുള്ളവരുടെ വിഷമങ്ങളും മനസിലാക്കാനുള്ള കഴിവുണ്ടാകൂ. വികാരങ്ങൾ കടിച്ചമർത്തുമ്പോൾ അത് ഏത് നിമിഷവും കൂടുതൽ ഭീകരമായി, ആക്രമണോത്സുകമായി പുറത്തേക്ക് വരാം.
വീട്ടുജോലി സ്ത്രീയുടെ മാത്രം ജോലിയല്ല
വീട്ടിലെ ജോലികൾ അമ്മയോ സഹോദരിയോ മാത്രം ചെയ്യേണ്ടതാണെന്ന ചിന്ത ചെറുപ്പം മുതൽക്ക് ഒഴിവാക്കണം. അടുക്കള പണി മുതൽ വീട്ടിലെ ക്ലീനിങ് ജോലികൾ വരെ എല്ലാം കൂട്ടുത്തരവാദിത്വം ആണെന്ന് മനസിലാക്കി വളർത്തുക. ആൺകുട്ടികളെ വളർത്തുമ്പോൾ പാചകം, പാത്രം കഴുകൽ, തുണി കഴുകൽ, വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങൽ തുടങ്ങി എല്ലാ കാര്യങ്ങളിലും അവന്റെ പങ്കാളിത്തം ഉറപ്പാക്കുക.
അമ്മയുടെയും അച്ഛന്റെയും ജോലി ഒരേപോലെ പ്രധാനമാണ്
കുട്ടികളുടെ പരിചരണത്തിനും മറ്റുമായി അമ്മമാർ ജോലി ഉപേക്ഷിക്കുക, നീണ്ട അവധിയെടുക്കുക, തുടങ്ങിയ കാര്യങ്ങൾ നമ്മുടെ നാട്ടിൽ കണ്ടു വരുന്നുണ്ട്. സ്‌കൂളിൽ ഒരു പിടിഎ മീറ്റിങ് വന്നാൽ പോലും അച്ഛൻ തിരക്കിലായതിനാൽ 'അമ്മ വരും എന്ന് പറയുന്ന കുട്ടികൾ ധാരാളമാണ്. അമ്മയുടെ ജോലി, സ്വപ്‌നങ്ങൾ, കരിയർ എന്നിവ അച്ഛന്റേത് പോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കുക. അച്ഛനമ്മമാർ ഒരുമിച്ചു നിന്നും പരസ്പരം ഉത്തരവാദിത്വങ്ങൾ പങ്കിട്ടെടുത്തും കുട്ടികളിൽ ഈ ചിന്ത വേരുറപ്പിക്കണം.