കുഞ്ഞിന്റെ 'കുഞ്ഞുഹൃദയം' ആരോഗ്യത്തോടെ ഇരിക്കട്ടെ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
ഓരോ കുഞ്ഞും മാതാപിതാക്കളുടെ ഹൃദയമാണ്. അത്രയും കരുതലും സ്നേഹവുമാണ് ഓരോ കുഞ്ഞുങ്ങളോടും മാതാപിതാക്കൾക്ക്. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കണം. 'ചുട്ടയിലെ ശീലം ചുടല വരെ' എന്ന് കേട്ടിട്ടില്ലേ. ആരോഗ്യകാര്യങ്ങളിലും അത് അങ്ങനെ തന്നെയാണ്. നമ്മുടെ ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നതിലും ഇത് ആജീവനാന്ത സ്വാധീനം ചെലുത്തും. അതുകൊണ്ടു കുഞ്ഞു പ്രായത്തിൽ തന്നെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ കുട്ടികളെ മാതാപിതാക്കൾ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
കുട്ടികളുടെ മികച്ച ഹൃദയാരോഗ്യത്തിന് ശാരീരികമായി മികച്ച അദ്ധ്വാനം നടത്തേണ്ടത് അത്യാവശ്യമാണ്. കായികമത്സരങ്ങളിൽ ഏർപ്പെടുന്നതും നീന്തൽ, നടത്തം, സൈക്ലിംഗ് പോലുള്ളവ ചെയ്യുന്നതും ഇവയിൽ ഉൾപ്പെടുത്തണം. ആരോഗ്യകരമായ ജീവിതശൈലിക്ക് ദീർഘനേരം വെറുതെ ഇരിക്കുന്നത് ഒഴിവാക്കണം. അതുകൊണ്ടു തന്നെ കുട്ടികളിലെ സ്ക്രീൻ സമയം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യകരമായ ഭക്ഷണശീലവും കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം. പഴങ്ങളും പച്ചക്കറികളും തുടങ്ങി പോഷകാഹാരങ്ങൾ കുട്ടികളെ കഴിപ്പിക്കാൻ ശ്രദ്ധിക്കണം.
ഹൃദയത്തിനു വേണ്ടി കഴിക്കാം
എപ്പോഴും കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാം. ഭക്ഷണക്രമത്തിൽ ഇത് ഉൾപ്പെടുത്തുന്നത് വിവിധങ്ങളായ വിറ്റാമിനുകളും മിനറൽസും ആന്റി ഓക്സിഡന്റുകളും ലഭിക്കാൻ സഹായിക്കുന്നു. കുഞ്ഞു ഹൃദയം ആരോഗ്യത്തോടെ ഇരിക്കാനും ഇതെല്ലാം സഹായിക്കുന്നു. ശുദ്ധീകരിച്ച ഗോതമ്പ് പോലെയുള്ളവയ്ക്ക് പകരം ഓട്സ്, ക്വിനോവ, ബജ്റ ജോവർ, ബാർലി തുടങ്ങിയ ധാന്യങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ധാന്യങ്ങളിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
കുട്ടികളുടെ ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ കൊഴുപ്പും കൂടി ഉൾപ്പെടുത്തണം. പൂരിത കൊഴുപ്പിന്റെയും ട്രാൻസ് ഫാറ്റിന്റെയും അളവ് പരിമിതപ്പെടുത്തുകയും വേണം. ഒലിവ് ഓയിൽ, നട്സ്, വിത്തുകൾ എന്നിവ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കൊഴുപ്പ് കുറഞ്ഞ് പാലുൽപ്പന്നങ്ങൾ, സോയ, പയർവർഗങ്ങൾ എന്നിവ നിർബന്ധമായും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. സംസ്കരിച്ച മാംസം ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് ശ്രദ്ധിക്കുകയും വേണം. സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്. കാനുകളിൽ ലഭിക്കുന്ന ഭക്ഷണം, പ്രിസർവേറ്റീവ് ഭക്ഷണങ്ങൾ എന്നിവ കുട്ടികൾക്ക് നൽകണം. ഉപ്പ് കുറവ് ഉപയോഗിക്കുന്നത് ബിപി നിയന്ത്രിക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കാൻ കുട്ടികളെ പഠിപ്പിക്കണം. വെള്ളം കൂടാതെ കരിക്കിൻ വെള്ളം, സൂപ്പുകൾ എന്നിവ വേണം സോഫ്റ്റ് ഡ്രിങ്കുകൾക്ക് പകരമായി വാങ്ങി നൽകാൻ. ഒമേഗ ത്രീയുടെ മികച്ച ഉറവിടങ്ങളായ മത്സ്യം, ചിയ സീഡ്, ഫ്ലാക്സ് സീഡ്, വാൽനട്ട് എന്നിവയും ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. മധുരം നിയന്ത്രിക്കുന്നത് കുട്ടികളിൽ കാണപ്പെടുന്ന പൊണ്ണത്തടി ഒഴിവാക്കാനും സഹായിക്കും. തേൻ, പനഞ്ചക്കര, ഈന്തപ്പഴം സിറപ്പ് എന്നിവ മധുരത്തിന് ഉപയോഗിക്കാൻ കുട്ടികളിൽ ശീലിപ്പിക്കുക. വറുത്തതും പൊരിച്ചതും ഒഴിവാക്കി പകരം ബേക്ക് ചെയ്തോ ഗ്രിൽ ചെയ്തോ ഉപയോഗിക്കുക. ബേക്കറികൾക്കും പലഹാരങ്ങൾക്കും പകരമായി ആരോഗ്യകരമായ സ്നാക്കുകൾ വീടുകളിൽ സൂക്ഷിക്കുക.