അമ്മമാർക്ക് വേണം സെൽഫ് കെയർ ബ്രേക്ക്; നിങ്ങൾക്ക് കിട്ടാറുണ്ടോ?
Mail This Article
ഒരു കുഞ്ഞിന്റെ വളർച്ചയിൽ അച്ഛനമ്മമാർക്ക് തുല്യ പങ്കാളിത്തമാണുള്ളത്. എന്നാൽ കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ കൂടുതലും ഇടപെടുന്നത് അമ്മമാരാണ് എന്നതാണ് വാസ്തവം. പ്രസവം കഴിയുന്നതോടെ മിക്ക സ്ത്രീകൾക്കും അവരുടെ ലോകം തന്നെ കുഞ്ഞിന്റെ കളിചിരികളായി മാറും. അതവരെ അവർ ആരായിരുന്നു എന്നോ, പ്രൊഫഷണലി എന്തായിരുന്നു എന്നോ മറക്കാൻ കാരണമാകും. ഈ മറവി മനഃപൂർവ്വമല്ല. കുഞ്ഞിന്റെ കാര്യങ്ങൾ നോക്കണം , വീട്ടിലെ കാര്യങ്ങൾ നോക്കണം അങ്ങനെ ഉത്തരവാദിത്വങ്ങൾ വർധിക്കുന്നതിന്റെ ഭാഗമാണിത്.
ഇത്തരം അമ്മമാരുടെ ആരോഗ്യം, സൗന്ദര്യം മനസ് ഇവയെയെല്ലാം സാവധാനം ഈ അശ്രദ്ധ പിടിമുറുക്കും. സൂപ്പർ മദറാകാൻ ആഗ്രഹിച്ച്, അതിനായി ഇറങ്ങിപ്പുറപ്പെട്ടിട്ട് പാതിവഴിയിൽ കിതച്ചു നിൽക്കേണ്ട അവസ്ഥയിലാകും പല അമ്മമാരും. കുഞ്ഞുങ്ങൾ 'ദാ' എന്ന് പറയും പോലും പെട്ടന്നങ്ങു വലുതാവുകയും ചെയ്യും. അപ്പോഴേക്കും ആരോഗ്യം ക്ഷയിച്ച്, ആഗ്രഹിച്ച പോലെന്നും ചെയ്യാനാവാതെ അമ്മമാർ വിഷാദത്തിലേക്ക് വീഴുകയും ചെയ്യുന്നു. അതിനാലാണ് അമ്മമാർക്ക് സെൽഫ് കെയർ ബ്രേക്ക് അനിവാര്യമാണ് എന്ന് പറയുന്നത്.
എന്താണ് സെൽഫ് കെയർ ബ്രേക്ക് ?
അമ്മമാർക്ക് അവരുടെ സ്വന്തം കാര്യങ്ങൾ നോക്കാനും, സ്വയം പരിചരിക്കാനും വേണ്ട സമയമാണ് സെൽഫ് കെയർ ബ്രേക്ക്. ഇത് അമ്മമാർക്ക് വേണ്ടി മാത്രമല്ല ചെയ്യുന്നത്. കുട്ടികൾക്കും കുടുംബത്തിൽ സന്തോഷം നിലനിർത്താനും അക്ഷരാർത്ഥത്തിൽ ഒരു സൂപ്പർ മദർ ആകാനും വേണ്ടിയുള്ള മുന്നൊരുക്കമാണ്. ദിവസത്തിൽ ഏറ്റവും കുറഞ്ഞത് അരമണിക്കൂർ നേരം മറ്റെല്ലാം മാറ്റി വച്ച് സ്വന്തം കാര്യങ്ങൾ നോക്കാനായി ചെലവഴിക്കുക. ഈ സമയത്തെ നമുക്ക് സെൽഫ് കെയർ ബ്രേക്ക് എന്ന് വിളിക്കാം. പ്രധാനമായും നാല് കാര്യങ്ങളാണ് സെൽഫ് കെയർ ബ്രേക്ക് സമയത്ത് ശ്രദ്ധിക്കേണ്ടത്.
ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക
കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കേണ്ടി വരുന്നതോടെ അമ്മമാർ അവരുടെ കാര്യങ്ങൾ പിന്നേക്ക് മാറ്റി വയ്ക്കും. അങ്ങനെ സാവധാനം അവരുടെ ഇഷ്ടങ്ങൾ ഇല്ലാതാകും. അതിനു അവസരം നൽകാതിരിക്കുക. ഇഷ്ടമുള്ള കാര്യങ്ങൾക്കായി മാറ്റി വയ്ക്കുന്ന സമയത്ത് സൗന്ദര്യ സംരക്ഷണമോ, സംഗീത പഠനമോ എന്താണ് തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് എന്ന് മനസിലാക്കി അത് ചെയ്യുക. ഇനി വെറുതെ ഇരിക്കുന്നതാണ് ഇഷ്ടമെങ്കിൽ അത് ചെയ്യുക. ഈ സമയത്ത് കുഞ്ഞിന്റെ സംരക്ഷണം വീട്ടിലെ മറ്റുള്ള ആരെങ്കിലും ഏറ്റെടുത്ത് അമ്മയെ ഫ്രീയാക്കുക.
ശാരീരിക ആരോഗ്യം നോക്കുക
കുഞ്ഞുണ്ടാകുമ്പോൾ ഇല്ലാതാകുന്നത് അമ്മമാരുടെ ഫിസിക്കൽ ഫിറ്റ്നസ് കൂടിയാണ്. അതിനാൽ ദിവസത്തിൽ അൽപനേരം വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടക്കുക, വർക്ക്ഔട്ട് ചെയ്യുക എന്നതെല്ലാം ഉറപ്പായും ചെയ്തിരിക്കേണ്ട ഗോൾ ആയി കരുതുക. നടക്കാൻ പോകാൻ സൗകര്യം ഇല്ലെങ്കിൽ യൂട്യൂബ് നോക്കി ചെയ്യാൻ കഴിയുന്ന വ്യായാമങ്ങൾ ചെയ്യുക. യോഗ അഭ്യസിക്കുക. ഇനി ഇതൊന്നും താല്പര്യം ഇല്ലെങ്കിൽ ഡാൻസ് ആസ്വദിക്കുന്നവരാണെങ്കിൽ അത് ചെയ്യുക.
മാനസികാരോഗ്യം പ്രധാനം
മനസിലുള്ള കാര്യങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ കഴിയാത്തതും തലച്ചോറിന് വേണ്ട വ്യായാമം ചിന്തകളിലൂടെ നൽകാൻ കഴിയാത്തതും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതിനാൽ വായന ശീലമാക്കുക, തന്റെ ചിന്തയിൽ വരുന്ന കാര്യങ്ങൾ, പോസറ്റിവ് ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവയെല്ലാം എഴുതി സൂക്ഷിക്കുന്നതിനായി ഒരു ഡയറി സൂക്ഷിക്കുക. ഡയറി എഴുത്ത് ശീലമാക്കിയാൽ തന്നെ മനസ് ശാന്തമാകും.
അമ്മമാർക്കും വേണം പാമ്പറിംഗ്
കുട്ടികൾക്ക് മാത്രം മതിയോ പാമ്പറിങ്? ഒരിക്കലും അല്ല ഓരോ വ്യക്തികൾക്കും വേണം. അമ്മമാർക്ക് തീർച്ചയായും വേണം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും കുറച്ചു നേരം വെറുതെ ഇരിക്കാനും അവസരം നൽകുക. ഒരു ചൂട് ചായ കുടിച്ചു ബാൽക്കണിയിൽ ഇരിക്കാനും ഒരു സിനിമ കാണാനും ഒക്കെ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് ? അത്തരം ആഗ്രഹങ്ങൾക്കായി അല്പസമയം നീട്ടി വയ്ക്കുന്നത് തനിക്ക് താൻ ഏറെ പ്രിയപ്പെട്ടതാണെന്ന ഫീൽ അമ്മമാർക്ക് നൽകുന്നു.