മൂന്നു വയസിൽ താഴെയുള്ള കുട്ടി ഉണ്ടോ? മാതാപിതാക്കൾ ഈ 11 കാര്യങ്ങൾ ഓർത്തുവയ്ക്കുക
Mail This Article
കുട്ടികളെ വളർത്തുക എന്ന് പറയുന്നത് ഒരു ഉത്തരവാദിത്വമാണ്, കുട്ടികളെ നല്ല രീതിയിൽ വളർത്തുക എന്നത് അതിനേക്കാൾ ശ്രമകരമായ ഉത്തരവാദിത്വമാണ്. മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ കുട്ടികളോട് ഇടപഴകുന്ന രീതിയെ അടിസ്ഥാനമാക്കിയിരിക്കും കുട്ടികളുടെ മാനസികമായ വികസനവും കാഴ്ചപ്പാടുകളും. കുട്ടികളെ ഉപദേശിച്ചു നന്നാക്കുക എന്ന രീതിയൊന്നും പണ്ടത്തെപ്പോലെ നടപ്പിലാകുന്നില്ല. കുട്ടികൾക്ക് മുന്നിൽ മികച്ച മാതൃകകൾ നൽകുക, അതിലൂടെ അവരെ ശരിയായ ദിശയിൽ വളർത്തുക എന്നതാണ് പ്രധാനം. ഒന്ന് മുതൽ മൂന്നു വയസ് വരെ പ്രായത്തിലുള്ള കുട്ടികളെ വളർത്തുക എന്നത് ഏറെ നിർണായകമായ കാര്യമാണ്. ഈ പ്രായത്തിലെ സ്വഭാവ രുപീകരണം കുട്ടികളുടെ മുന്നോട്ടുള്ള വളർച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാൽ തന്നെ, ഈ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ഓരോ കുട്ടികളും ഓരോ വിധമാണ്, അവരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും എല്ലാം ഒന്നിനൊന്നോടു വ്യത്യസ്മായിരിക്കും. എന്നാൽ പൊതുവായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരത്തിൽ വ്യത്യസ്ത സ്വഭാവമുള്ള ഏത് മിടുക്കനേയും അനുസരണയുള്ള മിടുക്കനായ കുട്ടിയാക്കി വളർത്താൻ കഴിയും. ഇതാ...മൂന്നു വയസ്സുവരെയുള്ള കുട്ടികളുടെ പരിചരണത്തിനായി 11 സൂപ്പർ കൂൾ പേരന്റിങ് ടിപ്സ്.
∙ എല്ലാ കാര്യങ്ങൾക്കും റെസ്ട്രിക്ഷൻ വേണ്ട - ഒരു പക്ഷെ കുട്ടികളെ മോശമായി ബാധിക്കുന്ന ചില കാര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് മാതാപിതാക്കൾ അത്തരം കാര്യങ്ങൾ വിലക്കുന്നത് സ്വാഭാവികമാണ്. ഉദാഹരണമായി പറഞ്ഞാൽ മഴ നനഞ്ഞാൽ പനി വരുമെന്ന് എത്ര പറഞ്ഞിട്ടും കുട്ടി കേൾക്കുന്നില്ലെങ്കിൽ അവനെ അവന്റെ വഴിക്കു വിടുക. കാരണം, ഇത്തരം കുട്ടികൾ എന്തിനും തെളിവ് ആഗ്രഹിക്കുന്നവരാണ്. കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കിക്കൊണ്ട് നാച്ചുറൽ ആയിട്ടുള്ള പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ അനുവദിക്കുക.
∙. വിശപ്പും ക്ഷീണവും തിരിച്ചറിയുക- മൂന്നു വയസ്സുവരെ പ്രായത്തിലുള്ള കുട്ടികൾക്ക് വിശപ്പ്, ദാഹം, ക്ഷീണം എന്നിവ വ്യക്തമാക്കി പറയാനുള്ള കഴിവുണ്ടാകണമെന്നില്ല. അതിനാൽ കുട്ടികളെ ഫീഡ് ചെയ്യുന്ന സമയം ഓർത്തുവച്ച് കുട്ടിക്ക് വിശക്കുന്നുണ്ടോ, ദേഷ്യത്തിലാണോ, ക്ഷീണമുണ്ടോ എന്നെല്ലാം തിരിച്ചറിയുക.
∙ കുട്ടികളെ അവരുടെ ആവശ്യങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാൻ വാക്കുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളിലെ സംസാരശേഷി വളർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള പ്രോത്സാഹനം നൽകും.
∙ എന്ത് ചെയ്യരുത് എന്നു പറയുന്നതിന് പകരം അവിടെ എന്താണ് ചെയ്യേണ്ടത് എന്നുള്ള നിർദേശങ്ങൾ കൊടുക്കുക. ഒരു കാര്യം ചെയ്യരുത് എന്ന് ചട്ടം കെട്ടുമ്പോൾ സ്വാഭാവികമായും എന്തുകൊണ്ട് ചെയ്യരുത് എന്ന സംശയം കുട്ടികളിൽ ഉണ്ടാകും. ഇതിനുള്ള മറുപടിയാണ്, വിശദമായി കാര്യങ്ങൾ പറഞ്ഞു കൊണ്ട് കുട്ടികളെ നിശ്ചിത പ്രവർത്തികളിൽ നിന്നും വിലക്കുന്നത്.
∙ കുട്ടികൾക്ക് ദേഷ്യം വരുന്ന സമയത്ത് അവരെ ആശ്വസിപ്പിക്കുക, ശാന്തരാക്കാൻ ശീലിപ്പിക്കുക എന്നതെല്ലാം ഏറെ പ്രധാനമാണ്. വാശിപിടിക്കുന്ന, ദേഷ്യപ്പെടുന്ന കുട്ടികളെ ശാന്തമാകാൻ വേണ്ടി ആഴത്തിൽ ശ്വസിക്കാൻ പഠിപ്പിക്കുക.
∙ കുട്ടികളുടെ പെരുമാറ്റങ്ങൾ, ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എന്നിവ അടുത്തറിയുക. എന്താണ് അവരെ ദേഷ്യത്തിലാക്കുന്നത്, ഭയപ്പെടുത്തുന്നത്, സന്തോഷിപ്പിക്കുന്നത് മനസ്സിലാക്കാൻ സഹായിക്കും. ഇത് കുട്ടികളിലെ പിടിവാശി, ദേഷ്യം എന്നിവയെല്ലാം നിയന്ത്രിക്കുന്നതിന് സഹായിക്കും. സമാനമായ രീതിയിൽ ഭയങ്ങൾ മറികടക്കാൻ കുട്ടികളെ ശീലിപ്പിക്കുക. അതിനുള്ള പ്രധാന മാർഗം ഭയം ജനിപ്പിക്കുന്ന സാഹചര്യങ്ങളെ നേരിടുക എന്നതാണ്. സ്റ്റേജിൽ കയറിനൃത്തം ചെയ്യാൻ ഭയം ആണെങ്കിൽ ഒരു ചെറിയ ഗ്രൂപ്പിന് മുന്നിൽ നൃത്തം ചെയ്യാൻ അനുവദിക്കുക. പിന്നീട് കുട്ടിയെ ഒരു വലിയ ഗ്രൂപ്പിന് പരിചയപ്പെടുത്തുക
∙ മാതാപിതാക്കളിൽ നിന്നുമാണ് കുട്ടികൾ ഓരോ ശീലങ്ങളും പഠിക്കുന്നതെന്നു മനസിലാക്കി കുട്ടികൾക്ക് മാതൃകയാകുന്ന കാര്യങ്ങൾ മാത്രം അവർക്ക് മുന്നിൽ ചെയ്യുക. ഉറക്കെ സംസാരിക്കുക, ദേഷ്യപ്പെടുക, സാധനങ്ങൾ വലിച്ചെറിയുക തുടങ്ങിയ ചെയ്തികൾ എല്ലാം കുട്ടികൾക്ക് ദോഷം ചെയ്യും. അവരും അത് പിന്തുടരാനുള്ള ശ്രമം നടത്തും. അതിനാൽ മാതൃകയാകുന്ന നല്ല പ്രവർത്തികൾ ചെയ്യുക. സ്വന്തം വികാരങ്ങൾ നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റത്തെ ബാധിക്കുമെന്ന് മനസിലാക്കുക.
∙ വ്യക്തിഗത നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ കുട്ടിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുക എന്നതെല്ലാം തെറ്റായ രീതിയാണ്. ഇത് കുട്ടികളിൽ താൻ വളരെ പിന്നോക്കമാണെന്ന ധാരണ വളർത്തും. അതിനാൽ മറ്റുള്ളവരുടെ നേട്ടങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്ന രീതിയിൽ കുട്ടികളെ വളർത്തുക. മറ്റുള്ളവരുടെ വിജയങ്ങൾ മാതൃകയാക്കാൻ പ്രോത്സാഹിപ്പിക്കുക.
∙ കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, പരസ്യമായി അവരുടെ പോസിറ്റീവ് പെരുമാറ്റം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കുട്ടികളുടെ ഭാഗത്ത് നിന്നും തെറ്റുകൾ സംഭവിക്കുമ്പോൾ സ്വകാര്യമായി അത്തരം നെഗറ്റീവ് പെരുമാറ്റം അഭിസംബോധന ചെയ്യുക, പരിഹാരങ്ങൾ നിർദേശിക്കുക. സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കാനും പ്രതികരണ തന്ത്രങ്ങൾ വികസിപ്പിക്കാനും മാതൃകയാകുന്ന കഥകൾ പറഞ്ഞു നൽകുക.
∙ വാശിക്കുടുക്കകളെ കൈകാര്യം ചെയ്യാൻ Comfort, Ignore, Distract എന്ന രീതി പിന്തുടരുക. കുട്ടികൾ വാശിപിടിക്കുമ്പോൾ ആദ്യം അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുക അതുകൊണ്ട് കാര്യമുണ്ടായില്ലെങ്കിൽ കുട്ടികളുടെ അനാവശ്യ വാശികൾ അവഗണിക്കുക, ഒപ്പം കുട്ടികളുടെ ശ്രദ്ധ മറ്റുകാര്യങ്ങളിലേക്ക് തിരിക്കാനായി ശ്രമിക്കുക.
∙ പേരന്റിങ് സംബന്ധമായി കൗൺസിലിംഗ് സഹായം ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ പ്രൊഫഷണലുകളുടെ സഹായം തേടുക. അതിൽ ഒരു വിമുഖതയും കാണിക്കേണ്ട കാര്യമില്ല.കുട്ടികളുടെ ഓരോ ഘട്ട വികസനത്തെപ്പറ്റിയും കൃത്യമായി അറിഞ്ഞിരിക്കുക.